പ്രപഞ്ചം മാറ്റങ്ങള്‍ക്ക് വിധേയമാണ്. ജനനവും മരണവും അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ്. ഇതെല്ലാം കാലികമെന്ന് വിശ്വസിക്കുന്ന നാം വര്‍ഷങ്ങളെയും നുറ്റാണ്ടുകളെയും എണ്ണിതിട്ടപ്പെടുത്തുന്നു. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഗോളങ്ങളാണ് കാലത്തിന്റെ മാനദണ്ഡം. ഗോളങ്ങള്‍ക്ക് സഞ്ചാരമില്ലായിരുന്നെങ്കില്‍ സമയസൂചിക നമുക്ക് അജ്ഞാതമായിരിക്കുമെന്ന് ഐന്‍സ്റ്റീന്‍ തന്റെ അപേക്ഷിക സിദ്ധാന്തത്തിലൂടെ പഠിപ്പിക്കുന്നു. ഇസ്‌ലാമിക കാഴ്ച്ചപ്പാടില്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ വചനങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ശൈലിയില്‍ ഉടയതമ്പുരാന്‍ പകലിരവുകള്‍ മിന്നിമറയുന്നതിനെ നമ്മോട് ഓര്‍മപ്പെടുത്തുന്നുണ്ട്. ലോകാന്ത്യം വരെ രവായിരുന്നെങ്കില്‍ പകലിനെ ആര് കൊണ്ട് വരുമെന്നും, പകലായിരുന്നെങ്കില്‍ ആര് രാത്രിയെ കൊണ്ട് വരികയെന്നും സര്‍വ ശക്തന്‍ ചോദിക്കുന്നു. രാവിനെ വിശ്രമ സമയമായും പകലിനെ ഉപജീവനമാര്‍ഗം തേടുവാനുള്ള നേരവുമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ഇസ്‌ലാമിക നിയമ സംഹിത ഈ ആവശ്യങ്ങളെ വിനിയോഗിക്കാന്‍ വിശ്വാസികളെ സജ്ജമാക്കുന്ന വിധത്തിലാണുള്ളത്.
ഇവിടെ ഒരുകാര്യം വ്യക്തമാണ്. അന്നും ഇന്നും കാലത്തിന് ഒരേ ഒഴുക്കാണ്. ഗതിമാറിയിട്ടില്ല. വേഗത കൂടിയിട്ടുമില്ല. എന്നിട്ടും തിരക്ക് പിടിച്ച മനുഷ്യ ജീവിതം കഥയായി, കവതിയായി കണ്ണീരായി മനം മടുപ്പിക്കുന്നു. തിരക്ക് പിടിച്ച ജീവിതം എന്നത് കാലവുമായി ഒരു ബന്ധവുമില്ല. രാത്രി രോഗം മൂര്‍ഛിച്ച് കിടക്കയില്‍ കിടന്ന് ഞെരിപിരികൊള്ളുമ്പോള്‍ നേരം വെളുപ്പിക്കാന്‍ പെടുന്ന പാടെത്രെ. അതെ സമയം ഇന്റര്‍നെറ്റിനും മൊബൈലിനും മുന്നില്‍ സമയം പഴാവുന്നത് അറിയാറേയില്ല. ഇവ വ്യക്തമാക്കിത്തരുന്നത് ഘടികാരത്തിന് നമ്മുടെ ചലനനിശ്ചലനവുമായി ഒരു ബന്ധവുമില്ലെന്നാണ്. വാസ്തവത്തില്‍ നമുക്കിവിടെ നഷ്ടമായത് സമയത്തെ കുറച്ചുള്ള അവബോധമാണ്. അവബോധം ഇല്ലാതാവുന്നതിന്റെ ഹേതു അനാവശ്യ അഭിലാശങ്ങളും അതിമോഹങ്ങളും നമ്മെ വേട്ടയാടുന്നത് കൊണ്ടാണ്. ഈ നവമോഹഅഭിലാശങ്ങള്‍ക്ക് കണക്കറ്റ സമയവും ചെലവഴിക്കുന്നു.
ഇത് സുവ്യക്തമാകണമെങ്കില്‍ നമുടെ പൂര്‍വികന്മാരെ എടുത്തു നോക്കിയാല്‍ മതി. അന്ന് മാനവകുലം മണ്ണിനെ പ്രിയം വെച്ച കാലമായിരുന്നു. അവരാരും പ്രതേ്യക അഭിലാശങ്ങളും ആഗ്രഹങ്ങളും കൂട് കൂട്ടിയവരായിരുന്നില്ല. പക്ഷെ പിന്നീട് മണ്ണോട് കൂടുതല്‍ ആശ്രയിക്കുമ്പോള്‍ പൊതുവെ വന്ന് ചേരാറുള്ള മടുപ്പ് ഒഴിവാക്കാന്‍ കലകളും കളികളും അവരുടെ നിത്യജീവിതത്തിലേക്ക് കടന്ന് വരികയായിരുന്നു. അധ്വാനത്തിന്റെയും ജീവിതസമ്മര്‍ദത്തിന്റെയും ഇടവേളകളില്‍ അല്‍പ്പം മാനസികോല്ലാസം ലക്ഷ്യം വെച്ചായിരുന്നു അവയുടെ തുടക്കം. ഒഴിവു വേളകളിലെ ഈ വിനോദങ്ങള്‍ക്ക് ഇന്നത്തേതുപോലെ പരിണാമ ഗുപ്തി ആദിമമനുഷ്യര്‍ സ്വപ്നത്തില്‍ പോലും നിനച്ചിരിക്കില്ല. പദങ്ങള്‍ക്കെല്ലാം വിരുദ്ധാര്‍ത്ഥം കൈവന്ന അസുര കാലത്ത് കളിയും കാര്യമാണ്. ഈ വിനോദങ്ങളെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതോടെ ചിലര്‍ വിനോദങ്ങളെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചു. ചിലര്‍ നിത്യോപയോഗ ഉപജീവനമാര്‍ഗമായ തൊഴിലുകളെ ആയാസം ചെയ്ത് തീര്‍ക്കാന്‍ യന്ത്രങ്ങളും വിവിധയിനം ഉപകരണങ്ങളും ഉപയോഗിച്ചു. ശേഷിച്ച സമയം വിനോദങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചു. ശാസ്ത്രലോകം കണ്ടെത്തിയ ഈ ഉപകരണങ്ങള്‍ സത്യത്തില്‍ നാം നേടിയെടുത്ത സൗകര്യങ്ങളായിരുന്നു. ഇത്രയധികം സൗകര്യങ്ങള്‍ കുന്ന് കൂടിയിട്ടും നമുക്ക് സമയം തികയാതെ വരുന്നു. എന്ത് കൊണ്ട്? ഉത്തരം, കുമിഞ്ഞ് കൂടിയ നമ്മുടെ ആഗ്രഹങ്ങളാണ് സമയത്തെ ഈ കാലമത്രയും കൊല്ലാകൊല ചെയ്തിരുന്നത് എന്നതാണ്. വെട്ടിപ്പിടിച്ച മോഹങ്ങളിലൊന്നും അറുതിവരാതെ നാം വീണ്ടും വീണ്ടും അടുത്ത അഭിലാഷം പൂവണിയാനായി തെണ്ടിത്തിരയുന്നു. പടുത്തുയര്‍ത്തിയ മനക്കേ്ാട്ടയാണെങ്കില്‍ ഏത് കാറ്റിലും കോളിലും കൂപ്പുകുത്തുന്ന മട്ടിലാണുള്ളത്. ഇനി ആരും തകര്‍ക്കാനില്ലായെങ്കില്‍ ഒരുവനുണ്ട,് നിഴല്‍പോലെ എല്ലാ മനക്കോട്ടകളെയും തകര്‍ത്തെറിഞ്ഞ് കൊണ്ട് വേട്ടയാടികൊണ്ടിരിക്കുന്ന അവന്റെ മുമ്പില്‍ കൊലകൊമ്പനും മുട്ട് മടക്കിയ ചരിത്രമേയൊള്ളൂ. മരണമാണത്. ഏത് ചരിത്രവും അവന് വഴിമാറിയതായിട്ടേ കേട്ടിട്ടൊള്ളൂ. നമുക്കും പ്രതീക്ഷിക്കാം. വരും. വരാതിരിക്കില്ല. അന്ന് ആഗ്രഹങ്ങള്‍ക്ക് അറുതിവരും.
കാലവുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതം തിരക്ക് പിടിച്ചതാവുന്നു. എങ്കില്‍ നാം കൊഴിഞ്ഞ് പോയ കാലങ്ങളില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ച് തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കണം. ജീവിതം തിരക്കിലായിട്ടല്ല, നാം വെറുതെ തിരക്കുപിടിപ്പിക്കുകയാണ്. യാത്രക്ക് തയ്യാറായി കാത്തിരിക്കുമ്പോള്‍ വണ്ടി അല്‍പം വൈകിയാല്‍ തുടങ്ങുന്ന ബേജാറ് എന്തിനാണെന്ന് അറിയാത്തവരാണ് നാം. അവിടെ കിടന്ന് വിയര്‍ക്കുന്നു. വണ്ടി എത്തിയാലേ പോകാന്‍ സാധിക്കൂ എന്നറിഞ്ഞിട്ടും ഈ ബേജാറ് എന്തിനാണ്. ഈ സന്ദര്‍ഭങ്ങില്‍ ഇനി എന്ത് ചെയ്യണം എന്നതിനെ കുറിച്ച് വിചിന്തനം നടത്തിയിരുന്നെങ്കില്‍ ആ സമയം നല്ല പോലെ നമുക്ക് പ്രയോജനപ്പെടുത്താമായിരുന്നു.
അശ്രദ്ധകൊണ്ട് നഷ്ടപ്പെടുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവതത്തെ തിരക്ക് പിടിപ്പിക്കാറുണ്ട്. കളിക്കാനും സീരിയല്‍ കാണാനും ഷോപ്പിംഗിനും തുടങ്ങിയ നിരവധി അനാവശ്യ കാര്യങ്ങള്‍ക്ക് നേരം ചെലവഴിക്കുകയാണ് നാം. വെറുതെ പഴാക്കുന്ന ഈ സമയങ്ങള്‍ക്ക് ഒരു അതിര്‍വരമ്പിട്ട് മതിയായ തോതില്‍ പരിധി നിശ്ചയിക്കാറുമില്ല. തിരുദൂതരും സഹചരും വിനിയോഗിച്ച സമയമാണ് നമുക്കുമുള്ളത്. അവര്‍ ചെയ്തുകൂട്ടിയ സല്‍കര്‍മങ്ങളേറെയാണ്. നാം ചെയ്തുകൂട്ടിയതെത്ര? ഒരു വിശാല വിചിന്തനത്തിന് നാം മുതിരേണ്ടിയിരിക്കുന്നു.
No comments:
Post a Comment