നബി (സ്വ)യെ അല്ലാഹുവിന്റെ ദൂതനായി നിയമിച്ചതുമുതല്‍ (ക്രിസ്തു വര്‍ഷം 610) ഖുലഫാഉ റാശിദിലെ അവസാന്നത്തെ ഭരണാധികാരി, അലിയ്യുബ്നു അബീത്വാലിബ് (റ)വധിക്കപ്പെടുന്നത് വരെയുള്ള കാലമാണ് ഇസ്ലാമിക കാലം അല്ലങ്കില്‍ ഇസ്ലാമിന്റെ പ്രാരംഭ കാലം എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തെ ചരിത്ര സംഭവങ്ങളും സാഹിത്യ സൃഷ്ടികളും നബി(സ്വ)യുടെ കാലത്തുള്ളവ(610, 632 ക്രി) ഖുലഫാഉ റാശിദിന്റെ കാലത്തുള്ളവ (632, 661) ,എന്നിങ്ങിനെ രണ്ടു നിരീക്ഷണ കോണിലൂടെ വിലയിരുത്തുന്നതായിരുക്കും ചരിത്രാന്വേഷികള്‍ക്ക് സുഗമമാവുക. ഇസ്ലാമിക ഭരണമായി ഈ രണ്ട് കാലഘട്ടത്തെ മാത്രമേ പരിഗണിക്കൂ എന്നതിന് തന്റെ തിരോധാനത്തിന് ശേഷം മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ രാജകീയ വാഴ്ച്ചയായിരിക്കും നിലനില്ക്കുകയെന്ന നബി(സ്വ)യുടെ വിശുദ്ധ വചനം തന്നെയാണ് തെളിവ്.
ഇസ്ലാമിക സാഹിത്യങ്ങള്‍ താത്ത്വിക വശങ്ങളും ചിന്താധാരകളും സ്വായത്തമാക്കിയത് വിശുദ്ധ ഖുര്‍ആന്‍, നബിവചനം, ജാഹിലീയ്യ കാലത്തെ സാഹിത്യം എന്നീ മൂന്ന് സാഹിത്യ സൃഷ്ടികളില്‍ നിന്നാണ്. ജാഹിലീയ്യ കാലത്ത് പദ്യമായിരുന്നു പ്രചുരപ്രചാരത്തിലുണ്ടായിരുന്നതെങ്കില് ഇസ്ലാമിന്റെ ആവിര്‍ഭാവം വാസ്തവത്തില്‍ ഗദ്യത്തിന് സമൂഹത്തിനിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇസ്ലാമിന്റെ പ്രാരംഭദശയില്‍ തന്നെ ഗദ്യം പുഷ്ടിപ്പെട്ട് തുടങ്ങിയിരുന്നു. അന്നത്തെ സാഹിത്യ കൃതികളിലുള്പ്പെടുന്നതാണ് വിശുദ്ധ ഖുര്‍ആന്‍, നബിവചനങ്ങള്‍, പ്രസംഗങ്ങള്‍, കവിതകള്‍, കഥകള്‍, കത്തുകള്‍, വസ്വീയത്തുകള്‍, ഉപന്യാസങ്ങള്‍, ചര്‍ച്ചകള്‍. ഇസ്ലാം സാഹിത്യ കൃതികളെ പ്രബോധത്തിനുള്ള ആയുധമായിട്ടാണ് കണ്ടിരുന്നത്. യുദ്ധത്തിന്റെ ആയുധങ്ങളിലൊന്നായി അതിനെ പരിഗണിക്കുകയും ചെയ്തു.
ഇസ്ലാമിക കാലത്തെ പദ്യങ്ങള്‍
കാവ്യ ലോകത്തിന് ഇസ്ലാമില്‍ വലിയ സ്ഥാനമുണ്ട്. നബി (സ്വ)യുടെ പ്രശംസയും പ്രോത്സാഹനവും നല്ല മികവുറ്റ നിപുണരായ കവികള്‍ക്ക് ലഭിച്ചിരുന്നു. കാവ്യങ്ങള്‍ ശ്രവിക്കാനും രചനാ വൈഭവത്തില്‍ അത്ഭുതം കൂറി സംസാരിക്കാനും നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു. സാഹിത്യത്തിലെ ബൗദ്ധിക വൈജ്ഞാനിക വൈകാരിക തലങ്ങളെയും കവിതയിലെ സാഹിത്യ നിര്‍മിതിയെയും നബി(സ്വ) വര്‍ണിച്ചത് സാഹിത്യത്തില്‍ മാസ്മരികതയുണ്ടെന്നും കാവ്യങ്ങളില്‍ തന്ത്രമുണ്ടെന്നും പറഞ്ഞാണ്. വിശുദ്ധ ഖുര്‍ആന്‍ നബി(സ്വ)യുടേയും അനുചരരുടേയും പ്രബോധനത്തിന് തടസ്സം സൃഷ്ടിച്ച അവിശ്വാസികളായ കവികള്‍ക്കെതിരെ, അവരെ പിന്തുടരുക അസുരവിത്തുകളായിരിക്കുമെന്ന വചനത്തിലൂടെ ആക്ഷേപശരം തൊടുത്തുവിട്ടാണ് പ്രതികരിച്ചത്. ഇവിടെ ഖുര്‍ആന്‍ കവിതയെ കേവലം കവിതയെന്ന ക്യാന്വാസിലിട്ട് ചിത്രീകരിക്കുന്നതിനെ പരിഹസിച്ചിട്ടില്ല. അതിലെ അര്‍ത്ഥഗര്‍ഭത്തില്‍ ഒളിഞ്ഞിരുന്നത് നബി(സ്വ)യെയും നാഥനെയും ഇകഴ്ത്തിക്കാട്ടുക എന്ന ദുരുദ്ദേശമായതിനാല് അതിനെതിരെ ശബ്ദിച്ചു എന്നുമാത്രം. പള്ളിയില്‍ കവി ഹസ്സാനുബ്നു സാബിത്ത് (റ)ന് നബി(സ)യും സഹചരും കവിത ശ്രവിക്കാന്‍ ഒരു മിമ്പര്‍തന്നെ നല്‍കിയിരുന്നു. അവിശ്വാസികളുടെ ആക്ഷേപ സ്വരങ്ങള്‍ക്കും ഹാസ്യ കാവ്യങ്ങള്‍ക്കും പ്രതികരിക്കാന്‍ ഹസ്സാനുബ്നുസാബിത്ത്(റ) നബി(സ്വ)യോട് അനുവാദം തേടിയപ്പോള്‍ അവിടുന്ന് പ്രതിവദിച്ചത് നീ പാടിക്കോ നിന്റെ കൂടെ ജിബ്രീല്‍ (അ)മുണ്ട് എന്നായിരുന്നു. കഅ്ബുബ്നു സുഹൈറിനെ പോലുള്ള ശത്രു ചേരിയിലെ ചില കവികള്‍ ഇസ്ലാം അശ്ലേശിക്കാന് താല്‍പ്പര്യപ്പെട്ടപ്പോള്‍ തിരുസമക്ഷത്തില്‍ മാപ്പിരന്ന് നബി (സ്വ)യെ പ്രീതിപ്പെടുത്തുന്നതിന് മാര്‍ഗമായി സ്വീകരിച്ചത് കാവ്യമാണ്. നബി(സ്വ)യുടെ മാര്‍ഗദര്‍ശനങ്ങളെ യഥോചിതം പിന്തുടര്‍ന്ന ഖുലഫാഉ റാശിദും ഇതേ വീഥിതന്നെയാണ് തിരഞ്ഞെടുത്തത്. അവരുടെ അടുക്കല്‍ ഉപകാരമുള്ള ചിന്തോദ്ദീപകമായ കവിതകള്‍ക്ക് സ്വീകാര്യതയും പ്രോത്സാഹനവും കിട്ടി. ദുരുദ്ദേശത്തോടെ രചിക്കപ്പെട്ട നെറിക്കെട്ടതും ക്രൂശിക്കുന്നതുമായ കവിതകള്‍ക്ക് വിലക്കുമേര്‍പ്പെടുത്തി. ചുരുക്കത്തില്‍ ഇതര സാഹിത്യകൃതികളെ പോലെത്തന്നെ കവിതയും അനുവദനീയമാണെന്നും അതിനെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാമെന്നും വളരെ വ്യക്തം. ധാര്‍മിക വശം പരിശോധിച്ചായിരിക്കും അവയുടെ സ്ഥാനവും മാനവും നിര്‍ണയിക്കുക എന്നു മാത്രം.
നബി(സ്വ)യുടെ കാലത്തെ അറബീ കവിത
ഇസ്ലാമിന്റെ ആരംഭ കാലത്തുള്ള കവികള്‍ ജാഹിലീയ്യ കലത്ത് പ്രസിദ്ധമായവര്‍ തന്നെയായിരുന്നു. ഖുര്‍ആനിന്റെയും നബിവചനങ്ങളുടെയും സ്വാധീനം നിഴലിച്ചുകണ്ടിരുന്നതിനാല് ഇസ്ലാമിക കാവ്യങ്ങള്‍ രചനയിലും രീതിയിലും രൂപത്തിലും ജാഹിലീയ്യ കാലത്തേതില്‍ നിന്ന് നേരിയ തോതില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. എന്നാല്‍ അവ തമ്മില്‍ ആശയഗര്ഭത്തിലും, അകക്കാമ്പുകളിലും വളരെ വ്യതിരിക്തമായിരുന്നു. ഇസ്ലാം സാഹിത്യ പദ സമുച്ചയത്തെ ഏത് രൂപത്തിലാണ് പ്രയോഗിക്കുന്നത് അതേരീതി പിന്തുടരാനാണ് അന്നത്തെ സാഹിത്യസാമ്രാട്ടുകള്‍ ഇഷ്ടപ്പെട്ടിരുന്നത്. മര്‍ത്യനെ മദോന്മത്തനാക്കുന്ന മദ്യത്തെ വര്‍ണ്ണിക്കുന്നതും പെണ്ണുടലിന്റെ ആകാരഭംഗി ചിത്രീകരിക്കുന്നതും വാഗ്വാദങ്ങളില്‍ തെറിയഭിഷേകം നടത്തുന്നതും രാഷ്ട്രീയ പകപോക്കലുകള്‍ക്ക് അസഭ്യം പുലമ്പുന്നതുമായ ചില വൈകാരിക ഹരം പകരുന്ന കവിതകളെ ഇസ്ലാം വിലക്കിയപ്പോള്‍ അത്തരം പദങ്ങള്‍ കവികളും ഇഷ്ടപ്പെട്ടില്ല. തിരുസഹചരര് അത്തരം കവിതകള്‍ ക്രോഡീകരിക്കുന്നതിനെ റസൂലുള്ളാഹി (സ്വ) വിലക്കുകയും ചെയ്തു. അല്ലാത്തവ വകഭേദങ്ങളിലൂടെ കവിതകളില്‍ ഉപയോഗിച്ചു. യോദ്ധാക്കളുടെ ധീരതയും ധര്മിഷ്ടരുടെ വിശാല മനസ്കതയുമാണ് ജാഹിലീയ്യ യുഗത്തിലെ കവിതകളില്‍ വാഴ്ത്തിപ്പാടിയിരുന്നതെങ്കില് ഇസ്ലാമിക കാലത്ത് പ്രതിസന്ധികള്‍ തരണം ചെയ്ത് വിശ്വാസത്തില്‍ അടിയുറച്ച് ജീവിച്ചവരുടെ മനോധൈര്യത്തെയാണ് പുകഴ്ത്തിയും പ്രശംസിച്ചും പാടിപറഞ്ഞത്. ശത്രു പക്ഷത്തെ ഹാസ്യ കാവ്യങ്ങള്‍ക്ക് പ്രത്യുത്തരം നല്കാന് നബി (സ്വ)യുടെ സന്നിധിയില്‍ മദീന നിവാസികളായ കാവ്യ ലോകത്തെ പ്രസിദ്ധര്‍; ഹസ്സാനുബ്നു സാബിത്ത്, ഖഅ്ബ് ബ്നുമാലിക്, അബ്ദുള്ളാഹിബ്നു റവാഹ (റ) എന്നിവരുണ്ടായിരുന്നു. നബി(സ്വ)ക്കെതിരെ പോരിനിറങ്ങാന്‍ യോദ്ധാക്കളെ പ്രചോതിതരാക്കാനും വധിക്കപ്പെടവര്ക്ക് വിലാപ കാവ്യത്തിലൂടെ അനുശോചനമറിയിക്കാനും ഉമ്മയത്തുബ്നു അബീസ്വലത്തിനെ പോലുള്ള പ്രമുഖരായ ഒരു പറ്റം അറബീ കവികള്‍ ഖുറൈശി പക്ഷത്തുണ്ടായിരുന്നു. അവരില്‍ അല്അഅ്ശിയെ പോലുള്ള ചിലര്‍ നബി(സ്വ)യെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്.
രണാങ്കളങ്ങളില്‍ വീരോതിഹാസം രചിച്ച യോദ്ധാക്കള്‍, വിശ്വാസികളായാലും അവിശ്വാസികളായാലും വധിക്കപ്പെടുമ്പോള്‍ അനുശോചനമറിയിക്കാന്‍ വൈവിധ്യമാര്‍ന്ന കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മതത്തെ പ്രതിരോധിക്കാനും, രാഷ്ട്രീയമായും വര്‍ഗീയമായും പോരടിക്കാനും, പോരാട്ടങ്ങളില്‍ വിജയം വരിക്കാനും, അനുശോചനങ്ങളറയിക്കാനും, അഭിമാനിക്കാനും, അപമാനിക്കാനും, അക്ഷേപിക്കാനും ഉപയോഗപ്പെടുത്തുക എന്നതാണ് ഇസ്ലാമിക കാലഘട്ടത്തുള്ള കവിതകളുടെ പ്രധാന ലക്ഷ്യം.
നബി(സ്വ)യുടെ കാലത്തുള്ള കാവ്യങ്ങള്‍ രണ്ടിനമാണ്. ഒന്ന് ജാഹിലീയ്യ കാലത്തെ അതേ മാതൃക പിന്തുടരുന്ന സാധാരണയുള്ള കവിതകള്‍. മറ്റൊന്ന് ഇസ്ലാമിക കവിത. ക്രിസ്താബ്തം 622ല്‍ നബി(സ്വ) മദീനയിലേക്ക് പ്രവേശിച്ചപ്പോള്‍ ഇസ്ലാമിന്റെ ഉന്നമനത്തിനും നിലനില്‍പ്പിനും വേണ്ടി നബി(സ്വ)യെ സഹായിക്കാന്‍ ഔസ്, ഖസ്റജ് ഗോത്രത്തിലെ കവികള്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഹസ്സാനുബ്നു സാബിത്തിനെ പോലുള്ള പ്രമുഖ കവികളോട് നബി(സ്വ)യുമായി സഹകരിക്കാന്‍ അവശ്യപ്പെട്ടിരുന്നു. അന്ന് ഹസ്സാനുബ്നു സാബിത്തും കഅ്ബുബ്നു മാലിക്കും അബ്ദുള്ളാഹിബ്നു റവാഹയും മദീനത്തും, അബ്ദുള്ളാഹിബ്നു സബ്അരിയ്യും ളറാറുബ്നുല്‍ ഖത്ത്വാബില്‍ ഫഹരിയ്യും കഅ്ബുബ്നുല്‍ അശ്റഫും മക്കയിലും, ഉമയ്യത്തുബ്നു അബീ സ്വിലത്ത് ത്വാഇഫിലുമുള്ള പ്രസിദ്ധ കവികളില്പ്പെട്ടവരായിരുന്നു.
ഖുലഫാഉ റാശിദിന്റെ കാലത്തെ അറബീ കവിത
നബി(സ്വ)യുടെ കാലത്തുള്ള അതേ കെട്ടിലും മട്ടിലുമായിരുന്നു ഖുലഫാഉ റാശിദിന്റെ കാലത്തുള്ള കവിതകളും. ഇസ്ലാം വെടിഞ്ഞവര്‍ക്കെതിരെ പ്രയോഗിക്കാന്‍ സ്വദ്ധീഖ് (റ)ന്റെ കാലത്ത് ഒരുപാട് കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ചിലത് അവര്‍ക്കുള്ള താക്കീതിന്റെ സ്വരത്തിലും ചിലത് മുസ്ലിം പോരാളികള്‍ക്ക് ധൈര്യം പകരുന്ന സ്വരത്തിലുമായിരുന്നു. ആത്മധെര്യവും ഉത്തേജനവും നല്കുന്ന എണ്ണമറ്റ കവിതകള്‍ മതത്തില്‍ നിന്ന് പുറത്തുപോയവരും എഴുതിയിട്ടുണ്ട്. ഉമറു ബ്നുല്‍ ഖത്ത്വാബ്(റ) നിപുണനായ കാവ്യ നിരൂപകനും മികവുറ്റ കാവ്യരചനകള്‍ക്ക് പ്രോത്സാഹനം നല്കിയിവരുമായിരുന്നു. അലീയ്യുബ്നു അബീത്ത്വാലിബ്(റ) ഇസ്ലാം മതം വെടിഞ്ഞവര്‍ക്കെതിരെ ശബ്ദിച്ച കവിയായിരുന്നു. ഖുലാഫാഉ റാശിദ് അസഭ്യ കാവ്യങ്ങളെ വിരോധിക്കുകയും അത്തരം കാവ്യകര്ത്താക്കളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സ്ത്രീമേനി വര്‍ണ്ണിക്കുകയും അസഭ്യം പുലമ്പുകയും ചെയ്യുന്ന അബൂ മിഹ്ജനിസ്സഖഫിയെ പോലുള്ള വിരലിലെണ്ണാവുന്ന ചില കവികളുടെ രചനകള്‍ മാറ്റി നിര്‍ത്തിയാല്‍ ചാരിത്ര്യശുദ്ധിയുള്ള കാവ്യങ്ങളന്ന് ഒരുപാട് രചിക്കപ്പെട്ടിട്ടുണ്ട്. ഈ കാലത്ത് ശിഅ്റുല്‍ ഫുത്തൂഹ് എന്ന് നാമകരണം ചെയ്ത ഒരു പുതിയ കാവ്യവും പിറവിയെടുത്തിരുന്നു. പേര്‍ഷ്യയിലേക്കും റോമിലേക്കും വ്യാപിച്ച അറേബ്യന്‍ സാമ്ര്യാജ്യം ഈജിപ്ത്തും സിറിയയും അധീനതയിലാക്കിയ സന്ദര്‍ഭത്തില്‍ യോദ്ധാക്കള്‍ക്ക് ധൈര്യം പകരുന്നതിനായി രചിച്ച ശിഅ്റുല്‍ ഫുത്തൂഹില് കൊല്ലപ്പെട്ട യോദ്ധാവിന് അനുശോചനമറിയിക്കുന്നതും യുദ്ധഭൂമിയില്‍ പോരാളികള്‍ക്ക് നേരിടേണ്ടിവന്ന നാശവും നഷ്ടവും വിവരിക്കുന്നതും വധിക്കപ്പെട്ടവന്റെ വീട്ടുകാരോടും കുടുംബത്തോടും പ്രവര്‍ത്തകരും നേതാക്കളും വാത്സല്ല്യവും വ്യസനവും രേഖപ്പെടുത്തന്നതുമായ കാവ്യ വരികളുണ്ടായിക്കും. കുറഞ്ഞ വാക്കുകളില്‍ ആശയമുള്‍ക്കൊള്ളുന്ന ചെറുകവിതകളായിരുന്നു അന്നുണ്ടായിരുന്നത്. അബൂ മിഹ്ജനിസ്സഖഫീ, യസീദുബ്നു സ്വഅഖ് തുടങ്ങിയവര്‍ അത്തരം ചെറു കാവ്യങ്ങള്‍ രചിക്കുന്നവരില്‍ പ്രമുഖരായിരുന്നു.
ജാഹിലീയ്യ കാലത്തും ഇസ്ലാമിക കാലത്തും ജീവിച്ചിരുന്ന കവികള്‍ക്ക് വിളിക്കുന്ന പേരാണ് ശുഅറാഉല് മുഹ്ളറമൂന്. ഇവരുടെ കവിതയിലെ പദങ്ങള്‍ അതിന്റ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ മുമ്പ് ചിലപ്പോള്‍ ഉപയോഗിച്ചിരിക്കുകയില്ല. അവര്‍ കഅ്ബുബ്നു സുഹൈര്‍, ഹസ്സാനു ബ്നു സാബിത്ത്, ഖന്‍സാഅ്, ഹത്വീഅത്ത്, അബൂ മിഹ്ജനിസ്സഖഫിയ്യ്, കഅ്ബുബ്നു മാലിക്, അബ്ദുള്ളാഹിബ്നു റവാഹ, ത്വിര്മാഹുബ്നു ഹക്കീം എന്നിവരാണ്.
ഇസ്ലാമിക കാലത്തെ ഗദ്യങ്ങള്‍.
ഇസ്ലാമിക കാലത്തുള്ള ഗദ്യങ്ങളില്പ്പെട്ടതായിരുന്നു വിശുദ്ധ ഖുര്‍ആന്‍, നബിവചനം, പ്രഭാഷണങ്ങള്‍, കത്തുകള്‍, വസ്വിയ്യത്തുകള്‍, കഥകള്‍, നിരൂപണങ്ങള്‍, ചര്‍ച്ചകള്‍. വിഷയങ്ങളിലും ആശയങ്ങളിലും ഇസ്ലാമിക കാലത്തെ ഗദ്യസൃഷ്ടികള്‍ ജാഹി്ലിയ്യ കാലത്തു നിന്നും ഏറെ വിഭിന്നമായിരുന്നു. നവചിന്താധാരകള്ക്കും വൈജ്ഞാനിക മേഖലകള്‍ക്കും പുതിയ വാതായനം തുറന്നു തന്ന ഇസ്ലാമിക സാഹിത്യത്തിലെ ഈ വൈജാത്ത്യം നഗ്ന നേത്രങ്ങള്‍കൊണ്ട് തന്നെ ദര്‍ശിക്കാവുന്നതാണ്. സമ്പൂര്‍ണവും സുവ്യക്തവുമായ വിശുദ്ധ ഖുര്‍ആനിലെയും നബി(സ്വ)യുടെയും സഹിത്യ സമ്പന്നമായ വചനങ്ങള്‍ ഗദ്യത്തിന് പ്രാധാന്യം നല്കുന്നതില് മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. വാഗ്വാദങ്ങള്‍ പ്രഭാഷണങ്ങള്‍ വഅളുകള്‍ മുതലായവയില്‍ സാഹിത്യമുപയോഗിക്കുന്നതിലും നിരൂപണത്തിലും ഖുലഫാഉ റാശിദ് അഗ്ര ഗണ്യരായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍
ഇടനിലക്കാരനായി ജിബ്രീല്‍ (അ) മുഖേന നബി (സ്വ)ക്ക് ദിവ്യ വെളിപാടുണ്ടായ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. മക്കയിലും മദീനയിലും വസിക്കുന്നതിനിടയില്‍ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് വിവിധ ഘട്ടങ്ങളിലായി ലഭിച്ച നബി(സ്വ)യുടെ അസാധാരണത്ത്വത്തില്പ്പെട്ടതാണ് ഈ വേദ ഗ്രന്ഥം. നാല്പതാം വയസ്സില്‍ മക്കയിലെ ജബലുന്നൂര്‍ പര്‍വതത്തിന്റെ ഉച്ചിയിലുള്ള ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കുമ്പോഴാണ് തുടക്കം കുറിക്കുന്നത്. സമ്പൂര്‍ണമായത് നബി(സ്വ)യുടെ വിയോഗത്തിന്റെ മുന്‍പുള്ള സമീപ കാലത്തും. പൂര്‍വികരുടെ ചരിത്ര സംഭവങ്ങളും അവസരോചിതമായ സാരോപദേശങ്ങളും യുക്തികളും വിധിവിലക്കുകളും വാഗ്ദാനങ്ങളും മുന്നറിയിപ്പുകളും ഖുര്‍ആനില്‍ അടങ്ങിയിട്ടുണ്ട്. ആരാധനകളിലും ഇടപാടുകളിലും ഇടപെടലുകളിലും പാലിക്കേണ്ട മര്യാദകളും മത വിശ്വാസങ്ങളും നിയമ സംഹിതകളും പ്രത്യേകം പരാമര്ശിക്കുന്നുണ്ടതില്. അറബിയില്‍ ആദ്യമായി ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് തുടക്കമിടുന്നത് ക്രിസ്താബ്തം 610 ആഗസ്റ്റ് 10ന് തിങ്കളാഴ്ച്ച അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളോടെയാണ്. മക്കയില്‍ പതിമൂന്ന് വര്‍ഷവും മദീനയില്‍ ശിഷ്ടകാലവും ചിലവഴിച്ച നബി(സ്വ)യുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഖുര്ആനികാധ്യായങ്ങള്ക്ക് മക്കിയ്യ,് മദനിയ്യ് എന്ന പേരുകള്‍ നല്കി. പലായനിത്തിനു മുമ്പ് മക്കയില്‍ അവതീര്‍ണമായ അധ്യായങ്ങള്‍ക്ക് മക്കിയ്യ് എന്നും ശേഷമുള്ളവക്ക് മദനിയ്യ് എന്നുമാണ് പറയുക. അവതീര്‍ണമാകുന്ന സൂക്തങ്ങള്‍ എല്ലിലും തോലിലും പലകയിലും പനയോലയിലും എഴുതി ഭയഭക്തിയോടെ സൂക്ഷിച്ചുവെക്കുന്ന അനുയായികളോട് നബി (സ്വ) ഓരോന്നും ഏത് അധ്യായത്തില്‍ ചേര്‍ക്കണമെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തിയിരുന്നു.
ഖുര്‍ആന്റെ അവതരണ മാര്‍ഗത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അല്ലാഹുവില്‍ നിന്ന് ലൗഹുല്‍ മഹ്ഫൂളിലേക്കും ഖദ്റിന്റെ രാവില്‍ ഒന്നാനാകാശത്തെ ബൈത്തുല്‍ ഇസ്സയിലേക്കും ഖുര്‍ആന്‍ മുഴുവാനയും അവതീര്ണമായെന്നും അവിടന്ന് ജിബ്രീല്‍(അ) റസൂലുള്ളാഹിയുടെ ഹൃദയത്തിലേക്ക് ഘട്ടംഘട്ടമായി അവതരിപ്പിച്ചെന്നും ചില പണ്ഡിതര്‍ വാദിക്കുന്നു. മറ്റു വേദഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഘട്ടംഘട്ടമായുള്ള ഖുര്‍ആന്റെ അവതീര്ണതയില് പണ്ഡിതര്‍ ചില യുകതികള് പരാമര്‍ശിച്ചിട്ടുണ്ട്. അവയില്‍ ചിലത്, സ്വഹാബത്തിന് ക്രോഡീകരിക്കുന്നതിനും വിധിവിലക്കുകളും ഗുണപാഠങ്ങളും മനസ്സിലാക്കുന്നതിനും അവിശ്വാസികള്‍ പടച്ചുവിട്ട സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനും എതിരാളികളുടെ ക്രൂരതകളിലും അസഭ്യവാക്കുകളിലും തളരാതെ റസൂലുള്ളാഹി (സ്വ)ക്ക് മനക്കരുത്ത് പകരുന്നതിനും ഇടക്കിടക്കുള്ള ഈ അവതരണശൈലി ഏറെ സഹായകമായിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണം
യമാമാ പോര്‍ക്കളത്തില്‍ പൊലിഞ്ഞ ഖുര്‍ആന്‍ ഹൃദ്യസ്ത്തമാക്കിയ ബഹുഭൂരിഭാഗം ജ്ഞാനികളുടെയും അസാന്നിധ്യം വരും തലമുറയില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് ഭയന്ന് രേഖപ്പെടുത്തിയതും മനഃപാഠമാക്കിയതുമായ സൂക്തങ്ങളും അധ്യാങ്ങളും മുഴുവനായും ശേഖരിച്ച് ഒരൊറ്റ പതിപ്പായി ഇറക്കണമെന്ന് ഉമര്‍ (റ) ഭരണാധികാരി അബൂബക്കര്‍ സ്വിദ്ധീഖ് (റ)നോട് നിര്‍ദേശിച്ചു. സിദ്ധീഖ് (റ) ഈ ഉദ്യാഗത്തിന്, നബി(സ്വ)യുടെ അവസാന കാലം വരെ അവതരിച്ച ഖുര്ആനികാധ്യായങ്ങള് ശ്രവിക്കുകയും ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത വിശ്വസ്തനും വിചക്ഷണനുമായ സൈദുബ്നു സാബിത്ത് (റ)നെ തന്നെ ചുമതലപ്പെടുത്തി.
ജനമനസ്സുകളില്‍ കുറിച്ചതും തിരുസമക്ഷത്തില്‍ എഴുതിയതുമായ അധ്യായങ്ങളും സൂക്തങ്ങളും അവലംബിച്ച് സ്വിദ്ധീഖ്, ഉമറി(റ)നെ പോലുള്ള മുതിര്‍ന്ന സഖാക്കളുടെ സഹായ സഹകരണത്തോടെ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തുടങ്ങി. എന്നാല്‍, നബി (സ്വ)പാരായണം ചെയ്തതാണെന്ന് അല്ലെങ്കില്‍, തിരുസാന്നിധ്യത്തില്‍ നിന്ന് എഴുതിയതാണെന്ന് നീതിമാനായ രണ്ടു സാക്ഷി മൊഴി തരാത്ത സൂക്തങ്ങളും അധ്യായങ്ങളും സൈദുബ്നു സാബിത്ത് (റ) സ്വീകരിക്കാന്‍ വിസമ്മതിച്ചു.
ഒറ്റ പ്രതിയായി ക്രോഡീകരിച്ച ഈ ഖുര്‍ആന്‍ സൂക്ഷിച്ചത് ഭരണാധിപതികളായ സ്വിദ്ധീഖ്, ഉമര്‍ (റ)നും ശേഷം ഹഫ്സത്തുബിന്ത്തു ഉമര്‍ (റ)യുമായിരുന്നു. പിന്നീട്, പാരായണത്തില്‍ ഇറാഖുകാരും സിറിയക്കാരും വ്യതിരിക്തത പുലര്‍ത്തുന്നതായി ഹൂദൈഫത്തുബ്നുല് യമാന്‍ ഭരണത്തലവന് ഉസ്മാന് (റ)നോട് പരാതിപ്പെട്ടപ്പോള്‍, സൈദുബ്നു സാബിത്ത്, അബ്ദുല്ലാഹിബ്നു സുബൈര്‍, സഈദുബ്നുല്‍ ആസ്വ്, അബ്ദുറഹ്മാനുബ്നുല്‍ ഹാരിസിബ്നു ഹിശാം എന്നിവരോട് പകര്‍ത്തി എഴുതാനും പരസ്പര ഭിന്നത അവര്‍ക്കും അനുഭവപ്പെടുകയാണെങ്കില്‍ ഖുറൈശികളുടെ ഭാഷ പരിഗണിക്കാനും ആവശ്യപ്പെട്ടു. ഉസ്മാന് (റ) ഖുറൈശികളുടെ ഭാഷ പരിഗണിക്കാനുള്ള നിമിത്തം വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് അവരുടെ ഭാഷയിലാണെന്നതായിരുന്നു്. ഈ ചതുര് സംഘം തയ്യാറാക്കിയ ആറ് പകര്‍പ്പും മക്ക, ശാം, യമന്‍, ബഹറൈന്‍, ബസറ, കൂഫാ രാഷട്രങ്ങളിലേക്ക് അയച്ചു. ഒന്ന് ,അല്‍ ഇമാം എന്ന് നാമകരണം ചെയതത്, മദീനയിലും സൂക്ഷിച്ചു. ശേഷിക്കുന്നവ ഉസ്മാന് (റ)ന്റെ ആജ്ഞ പ്രകാരം അഗ്നിക്കിരയാക്കി. ഈ ഏഴ് പകര്‍പ്പാണ് ഇന്ന് റസ്മുല് ഉസ്മാനി എന്നപേരില്‍ ലോക വ്യാപകമായി അറിയപ്പെടുന്നത്.
ഖുര്‍ആന്റെ ചില സവിശേഷതകള്‍
ഘടനയോ വിഷയമോ സാഹിത്യമോ പ്രാസത്തിനൊത്ത ജാഹിലിയ്യ കാവ്യമോ ഗദ്യമോ ഇവയില്‍ ഏത് പ്രകൃതമാണ് ഖുര്‍ആന്റേത് എന്ന് വിവരിക്കുക പ്രയാസമാണ്. വിവിധ പഠന മേഖലകള്‍ക്ക് ഉപയുക്തവും അറബികളോ അനറബികളോ രചിച്ച കൃതികളെ വെല്ലുവിളിച്ചതുമായ ഇസ്ലാമിന്റെ അവലംബ ഗ്രന്ഥം, വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയെ സര്‍വ വ്യാപകമാക്കുവാന്‍ സഹായിച്ചിട്ടുണ്ട്. തെക്കു കിഴക്കു ഭാഗത്തുള്ള അറേബ്യന്‍ ഉപഭൂഗണ്ഡങ്ങളിലെ അറബി ഭാഷയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ജനങ്ങള്‍ക്കു പോലും മനസ്സിലാകുന്ന പ്രകൃതത്തിലായിരുന്നു ഖുര്‍ആന്റെ അവതരണം. ഇവരെയെല്ലാം ഒരു കുടക്കീഴിലൊതുക്കാന് ഖുര്‍ആന്‍ ജനങ്ങള്‍ക്ക് നിഷ്പ്രയാസം മനസ്സിലാവുന്ന ഖുറൈശികളുടെ ഭാഷ തിരഞ്ഞെടുത്തു. അന്നും ഇന്നും ലേഖകരും നിരൂപകരും പ്രാസംഗികരും കവികളും കൃതികള്‍ സമ്പന്നമാകാന്‍ ഖുര്‍ആനിലെ ഉദ്ധരണികളുപയോഗിക്കുന്നു.
ഖുര്‍ആന്‍ വ്യാഖ്യാനം
ലോക ജനതയുടെ നന്മക്ക് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനിലെ അന്തരാര്‍ത്ഥവും വിധിവിലക്കും വ്യക്തമാകാന്‍ വിരചിതമായതാണ് വ്യാഖ്യാനങ്ങള്‍. ദ്വയാര്ത്ഥത്തിനോ അവ്യക്തതതക്കോ സാധ്യതയുള്ള ഖുര്‍ആനികാശയങ്ങള്‍ സുവ്യക്തമാവാന് അനുചരര്‍ തിരുസാന്നിധ്യം തേടിയിരുന്നു. പിന്‍കാലത്ത് മക്കക്കാര്‍ ഇബ്നു അബാസ് (റ)ന്റെയും കൂഫക്കാര്‍ ഇബ്നു മസ്ഊദ് (റ)ന്റെയും വ്യാഖ്യാനങ്ങളില്‍ സായൂജ്യം കണ്ടെത്തിയിരുന്നു. പലരും സ്വഹാബികളെയോ അവരുടെ പിന്മുറക്കാരെയോ അതിനു വേണ്ടി തെരഞ്ഞെടുത്തിരുന്നു.
സ്വഹാബികള്‍, സൂക്തങ്ങള്‍ക്കും അധ്യായങ്ങള്‍ക്കും നബി(സ്വ) തന്ന വിശദീകരണങ്ങള്‍ക്കു പുറമേ സ്വന്തമായ വീക്ഷണങ്ങളും വിവരിച്ചുകൊടുത്തു. പുതുതായി ഇസ്ലാമിക ഭരണത്തിനു കീഴില്‍ വന്ന രാജ്യങ്ങളിലെ ജനങ്ങളെല്ലാം ഇവരുടെ വ്യാഖ്യാനങ്ങള്‍ക്ക് മുന്‍ഗണനയും നല്കി.
പരിശുദ്ധ ഹദീസ്
വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍, ഇസ്ലാമിക നിയമ സംഹിതയായ ശരീഅത്തിന്റെ അവലംബ ഗ്രന്ഥമാണ് തിരുദൂതര്‍(സ്വ)യുടെ മൊഴിയും, കര്‍മവും, മൗനാനുവാദവും ഉള്‍പ്പെടുന്ന നബിവചനങ്ങള്‍(ഹദീസ്). ഖുര്‍ആന്റെ ആശയങ്ങള്‍ നിഷ്പ്രയാസം ഗ്രഹിക്കുന്നതിന് സഹായകമായ നബിവചനം ആരാധനകള്‍ക്കും ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കും അവലംബ മാതൃകയായി വര്‍ത്തിക്കുന്നു. നബിവചനങ്ങള്‍ ചിലപ്പോള്‍ മതവിധി പുറപ്പെടുവിക്കാനുള്ള അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആനിലെ വിധിവിലക്കുകളുടെയും ആരാധനകളുടെയും ചുരുക്ക വിവരണത്തെ ,നിസ്ക്കാരം, സക്കാത്ത് പോലുള്ളവ, വിശദീകരിക്കുന്നതോ അല്ലെങ്കില്‍ മദ്യപാനിക്ക് നല്‍കേണ്ട ഹദ്ദ് പോലുള്ള തീരെ പരാമര്ശിക്കാത്തവയെ വിവരിക്കുന്നതോ ആയിരിക്കും.
ഹദീസിന്റെ ശേഖരണം
എല്ലാം എഴുതിവെക്കുന്ന ശീലം അറബികള്ക്കില്ലാത്തതിനാലും ദിവ്യവെളിപാടുണ്ടാകുന്ന സമയത്ത് ഖുര്‍ആനും ഹദീസും കൂടിക്കലരുമെന്ന് ഭയന്നതിനാലും തന്റെ വചനങ്ങള്‍ എഴുതിവെക്കുന്നതിനെ നബി(സ്വ) വിലക്കിയതിനാലും ഇസ്ലാമിക കാലത്ത് ഹദീസ് ക്രോഡീകരണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഖുര്ആനാല്ലാതെ, തന്റെ വചനങ്ങള്‍ എഴുതരുതെന്നും അവ പറയുന്നതില്‍ പ്രശ്നമില്ലെന്നും രേഖപ്പെടുത്തിയവരുണ്ടെങ്കില് മാഴ്ച്ചുകളയണമെന്നുമുള്ള നബി(സ്വ)യുടെ താക്കീത് ഹദീസ് ക്രോഡീകരിക്കുന്നത് വിലക്കിയതിനും അബ്ദുള്ളാഹിബ്നു അംറുബ്നുല്‍ ആസ്വി (റ)നെ പോലുള്ള ചില തിരുസഹചരെ ഇതില്‍ നിന്നൊഴിവാക്കിയത് ക്രോഡീകരണത്തെ പൂര്‍ണമായും എതിര്ത്തിരുന്നില്ലെന്നതിനും തെളിവാണ്. നബി(സ്വ)യുടെ വിയോഗത്തിന് ശേഷം, അതുകൊണ്ടായിരിക്കണം സഹചരര്‍ തിരുവചനം എഴുതുന്നിതിലും ക്രോഡീകരിക്കുന്നതിലും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത്. നബിവചനങ്ങള്‍ സമാഹരിച്ച ആദ്യത്തെ അനൗദ്യോഗിക ഏടുകളില്‍ ചിലതാണ് അബ്ദുള്ളാഹിബ്നു അംറുബ്നുല്‍ ആസ്വി (റ)ന്റെ അസ്വഹീഫത്തു സ്വാദിഫത്തും അബ്ദുള്ളാഹിബ്നു അബീ ഔഫ്, അബീ മൂസല്‍ അശ്അരി, ജാബിറുബ്നു അബ്ദില്ല (റ) എന്നിവരുടെ ഹദീസ് താളുകളും. ഹദീസ് ശേഖരിക്കുന്നവരും എഴുതിവെക്കുന്നവരും വര്‍ധിക്കുകയും ഹൃദ്യസ്ഥമാക്കിയവര് കുറയുകയും വ്യാജ പ്രവാചകരുടെയും കളവ് പ്രചാരകരുടെയും നവീനവാദികളുടെയും കൈകടത്തലുകള്‍ക്ക് സാധ്യതയേറുകയും ചെയ്തതിനാല്‍ പിന്‍ഗാമികള്‍ ഹദീസ് വിശ്വസ്ത്തരില് നിന്ന് ശേഖരിക്കാനും ക്രോഡികരിക്കാനും പ്രത്യേകം ശ്രദ്ധചെലുത്തി. ഉമവിയ്യ ഭരണകാലത്ത് വിവിധ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിയ മുസ്ലിംകള്, തന്തോനിവാദത്തിന് ഖുര്‍ആനികാധ്യായങ്ങളും നബിവചനങ്ങളും ദുര്വ്യഖ്യാനിച്ചപ്പോള് ഭരണാധികാരി ഉമറുബ്നു അബ്ദുല്‍ അസീസ് (റ) അത്തരം ചെയ്തികളെ തടുക്കാന്‍ ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആജ്ഞാപിച്ചു. മക്കയിലെയും മദീനയിലെയും മുസ്ലിം പണ്ഡിതര്‍ വളരെ താല്പര്യത്തോടെ അതേറ്റെടുത്തു. ഒന്നാം നുറ്റാണ്ടിന്റെ അവസാനത്തില്‍ ഉമര്‍(റ) ന്റെ ആജ്ഞാനുവര്‍ത്തിയായി ആദ്യമായി ഔദ്യാഗികമായി ഹദീസ് ക്രോഡീകരിച്ചത് ഇബ്നു ശിഹാബിസ്സുഹ്രിയാണ്.
താബിഉകളെ പിന്തുടര്‍ന്ന രണ്ടാം നുറ്റാണ്ടിലെ തലമുറ നബിവചന പഠന ശാഖക്ക് ചില വിഷയങ്ങളെ പരിഗണിച്ച് അധ്യായങ്ങളും തലകെട്ടുകളും ഉപതലകെട്ടുകളും കൊടുത്ത് വിശദീകരണം നല്കി. ഇമാം മാലികുവബ്നു അനസ് (റ)ന്റെ മുവത്വയാണ് ഹദീസ് സമാഹാരത്തിലെ ആദ്യ പരിപൂര്‍ണ ഗ്രന്ഥം. അബ്ബാസിയ്യ ഭരണകാലത്ത് ഹദീസ് സമാഹാരം കുടുതല്‍ പുഷ്ടിപ്പെട്ടു. ഹദീസ് ഗ്രന്ഥങ്ങളില്‍ ലോക പ്രസിദ്ധമായവ, ഇസ്ലമിലെ പ്രധാന അവലംബ കൃതികളായ സ്വിഹാഹു സിത്ത എന്ന പേരിലറിയപ്പെടുന്ന സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം, ജാമിഉ തുര്‍മുദി, സുനനു അബീ ദാവൂദ്, സുനനു ഇബ്നി മാജ, സുനനു അന്നസാഇ ആണ്.
അറബീ വ്യാകരണത്തിനും ഖുര്‍ആന്‍ വ്യാഖ്യാനത്തിനും ഏറെ ഉപയുക്തമായ നബിവചനങ്ങള്‍, ലോക ഇസ്ലാമിക സംസ്കാരത്തിന് തനതായ രൂപം നല്‍കിയതിലൂടെ സാഹിത്യത്തിലും ഭാഷയിലും സമൂഹത്തിലും ഹദീസിന്റെ സ്വാധീനം എത്രയാണെന്ന് വ്യക്തമായിട്ടുണ്ടാകും.
പ്രഭാഷണം
മത, രാഷ്ട്രീയ മേഖലകളിലും ചിന്താധാരകളിലും യുദ്ധങ്ങളിലും മുഖ്യ സ്വധീന കടകമായ പ്രഭാഷണം കൂടുതല്‍ പ്രയോഗിക തലത്തിലേക്ക് കടന്നു വരുന്നത് പ്രമുഖ വാഗ്മികളായ നബി (സ്വ)യും ഖുലഫാഉ റാശിദുമുള്ള ഇസ്ലാമി കാലഘട്ടത്തിലാണ്. ഹംദ് സ്വലാത്ത് സ്വലാമ് എന്നീ പ്രാരഭ മുറകള്‍ക്ക് ശേഷം തുടങ്ങുന്ന അന്നത്തെ പ്രഭാഷണങ്ങളുടെ പ്രധാന ലക്ഷ്യം മത പ്രബോധനവും സന്മാര്ഗ ബോധനവും അനീധി അക്രമങ്ങളെ തടയലുമായിരിന്നു.
വളരെ ഉപകാരപ്പെട്ടു. നാഥൻ തുണക്കട്ടെ .ആമീൻ
ReplyDelete