A blog about health and wealth

1/5/18

ഇസ്‌ലാമും മാനവികതയും




ഇസ്‌ലാമും മാനവികതയും


ഈ ഭൂമിയല്‍ മനുഷ്യര്‍ സമധാനത്തോടെ ജീവിക്കുന്നതിന് ആത്മാര്‍ത്ഥമായി പരസ്പ്പരം സൗഹാര്‍ദവും ആദരവും പുലര്‍ത്തേണ്ടതുണ്ട്. എല്ലാ തീവ്രപ്രത്യായശാസ്ത്രത്തിന്റെയും പൊതുഘടകങ്ങളായി എണ്ണുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അപരനോടുള്ള വിദ്വേഷമാണ്. തീവ്രവാദികളും ഭീകരവാദികളും അവരുടെ ആശയത്തോടു അനിഷ്ടമുള്ളവരെയും  കൂറുപുലര്‍ത്താത്തവരെയും വെറുക്കുന്നു. മതപരമായോ  ബൗധികപരമായോ ആയ ഏതു പ്രത്യേയശാസ്ത്രത്തിന്റെയും അടിസ്ഥാന ലക്ഷ്യം ഇതര വിഭാഗത്തോട് സഹിഷ്ണുതയോടെയും ബഹുമാനത്തോടെയും ഇടപെടേണ്ട മനുഷ്യന്റെ ജീവിത ശൈലിക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കലാണ്. മുസ്‌ലിം തീവ്രവാദികളുടെ കരങ്ങളില്‍ ഞെരിഞ്ഞമരുന്ന അമുംസിലകളുടെയും മുസ്‌ലികളുടെയും കതനകഥകളാണ് സമീപകാലത്ത് വാര്‍ത്താമാധ്യമങ്ങളില്‍ പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. ഇവ ഉയര്‍ത്തുന്ന ചില സുപ്രധാന ചോദ്യങ്ങളിലൊന്നാണ് ഇസ്‌ലാം മറ്റു വിശ്വാസികളുമായുള്ള സഹവര്‍ത്തിത്ത്വത്തെ എങ്ങനെയാണ് നോക്കികാണുന്നതെന്ന്.


അമുസ്‌ലിമുമായുള്ള സഹവര്‍ത്തിത്ത്വം; ഇസ്‌ലാമിക വീക്ഷണത്തില്‍


എല്ലാ സഹജീവികളോടും സഹിഷ്ണുതയോടെ പെരുമാറനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ നിങ്ങളോട് ആകാശത്തുള്ളവനും കരുണകാണിക്കുമെന്നാണ് തിരുനബി(സ്വ) പറയുന്നത് (സ്വഹീഹുല്‍ ബുഖാരി). നബി(സ്വ) തങ്ങളെ തന്നെ സര്‍വര്‍ക്കും കാരുണ്യവാനായിട്ടല്ലാതെ ഞാന്‍ അയച്ചിട്ടില്ലെന്നാണ് (21; 108) വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത്. ഇതിനര്‍ത്ഥം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ മാതൃക നബി(സ്വ)യാണെന്നാണ്. തിരുദൂതര്‍ ആര്‍ക്കെല്ലാം കാരുണ്യവാനായി എന്നതിന് ഇബ്‌നു ജരീറു ത്വബ്‌രി(റ) ഈ സൂക്തത്തിന്റെ വ്യഖ്യാനത്തില്‍ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും എന്നാണു കുറിച്ചിട്ടുള്ളത്. അതെങ്ങനെയാണെന്നും മഹാനവറുകള്‍ അവിടെ വിവരിക്കുന്നുണ്ട്.
തനിക്കിഷ്ട്‌പ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടമാകുന്നത് വരേ നിങ്ങളിലൊരുത്തനും യഥാര്‍ഥ വിശ്വാസിയല്ല എന്ന ഹദീസില്‍ (ബുഖാരി) സഹോദരന്മാരില്‍ അമുസ്‌ലിമും ഉള്‍പ്പെടുമെന്ന ഇര്‍ഷാദു സാരിയിലെ ഇമാം ഖസ്തലാനിയുടെ നിരീക്ഷണം ഇസ്‌ലാം മറ്റു മതസ്ഥരുമായുള്ള സഹവര്‍ത്തിത്വത്തെ എത്ര മഹത്തരമായാണ് കാണുന്നതെന്നതിന് തെളിവാണ്.
വിശുദ്ധ ഖുര്‍ആനില്‍ മറ്റൊരിടത്തു നിരീക്ഷിക്കുന്നതു കാണാം മതത്തിന്റെ കാര്യത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യാത്തവരും വീട്ടില്‍ നിന്ന് നിങ്ങളെ പുറത്താക്കത്തവരുമായ വ്യക്തികളോട് നിങ്ങള്‍ നല്ലനിലയില്‍ പെരുമാറുന്നതിനെ അല്ലാഹു വിലക്കുന്നില്ല. നിങ്ങളവരോടു നീതിയോടെ പെരുമാറുക. തീര്‍ച്ചയായും അല്ലാഹു നീതിപുലര്‍ത്തുന്നവരെ ഇഷ്ടപ്പെടുന്നു(60;8). മിത്രത്തെ മിത്രമായി കാണാനും പരസ്പ്പര സൗഹാര്‍ദം പങ്കിടാനും ഇസ്‌ലാം ഒരിക്കലും ആര്‍ക്കും ഒരു തടസ്സമായി വരുന്നില്ല.
മക്കാ മുശ്‌രിക്കുകളുടെ കൊടും പീഡനങ്ങളും സ്വദേശത്തു ഭ്രഷ്ടു കല്‍പ്പിക്കലുമെല്ലാം സഹിക്കേണ്ടി വന്ന മുസ്‌ലിംകള്‍ ഒടുവില്‍ യുദ്ധത്തിനിറങ്ങേണ്ടി വന്നപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ ഉപദേശിച്ചത്  മുകളില്‍ വിവരിച്ച നിങ്ങളോടു യുദ്ധം ചെയ്യാത്തവരോടു മാന്യമായും നീതിയുക്തമായും പെരുമാറണമെന്ന(60;8) സൂക്തം കൊണ്ടാണ്.  ഇതില്‍ എല്ലാ വിഭാഗക്കാരും പങ്കാളികളാണെന്നു ഇബ്‌നു ജരീറു ത്വബ്‌രി തന്റെ തഫ്‌സീറു ത്വബ് രിയില്‍ പറയുന്നു. ഈ ആയത്ത് യുദ്ധം ചെയ്യണമെന്നു കല്‍പ്പിക്കുന്ന സൂക്തം കൊണ്ടു മന്‍സൂഖ്(ദുര്‍ബലപ്പെടുത്തപ്പെട്ട്ത്) ആയെന്ന് ചില പണ്ഡിതര്‍ വാദിച്ചതു കാണാവുന്നതാണ്. എന്നാല്‍ അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് തഫ്‌സീറു ത്വബ് രിയുടെ നിരീക്ഷണം. അതിന്റെ കാരണമായി പറയുന്നത് മുസ്‌ലിം സമൂഹത്തിന് ഭീക്ഷണിയാവാത്ത സത്കര്‍മങ്ങള്‍ അവര്‍ക്കു ചെയ്തുകൊടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ്. അല്ലാഹു നിങ്ങളോടു യുദ്ധം ചെയ്യാത്തവരും വീട്ടില്‍ നിന്ന് നിങ്ങളെ പുറത്താക്കത്തവരുമായ വ്യക്തികള്‍ എന്ന വചനത്തില്‍ ആരെയും പ്രത്യേകമായി വിഷേശിപ്പിക്കാത്തതിനാല്‍ എല്ലാ വിഭാഗക്കാരുമുള്‍പ്പെടുന്നതുമാണ്.
ശത്രുക്കളോടു പോലും നീതിയോടെ പെരുമാറണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ നിസ്‌കര്‍ശിക്കുന്നത്. സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരാകുക. നീതിയുടെ സാക്ഷികളാകുവുക. ഒരു വിഭാഗത്തോടുള്ള വിരോധം നീതി നിര്‍വഹണത്തില്‍ നിന്നു പിന്തിരിയാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതിപാലിക്കുക. അതാണു സൂക്ഷമതയോടു ഏറ്റവും അടുത്തത്(58). പൂര്‍ണമായും നീതി പുലര്‍ത്തി അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരാകേണ്ട സത്യവിശ്വാസി ഒരു വിഭാഗത്തോടുള്ള വിദ്വേഷത്തിന്റെ കാരണത്താല്‍ അവരുടെ നീതി നിഷേധിക്കരുത്. ഈ വചനം ഇസ്‌ലാമിലെ മാനവനീതിയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. 


മതം വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം


നിര്‍ബന്ധ പരിവര്‍ത്തനമെന്ന നിലപാട് ഇസ്‌ലാമിനില്ല. വിശുദ്ധ ഖുര്‍ആന്‍ ഇതു പലയിടത്തായി ഊന്നിപ്പറയുന്നുണ്ട്. മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നു വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞു (2 256) എന്നു വിശദീകരിക്കുന്ന ഖുര്‍ആന്‍ മറ്റൊരു ഭാഗത്ത് അതു സാധ്യമല്ലെന്നു വരെ വെളിപ്പെടുത്തുന്നുണ്ട്. താങ്കളുടെ റബ്ബു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമുഖത്തുള്ളവര്‍ ഒന്നടങ്കം വിശ്വാസിക്കുമായിരുന്നു, എന്നിരിക്കെ സത്യവിശ്വാസികളാകാന്‍ ജനങ്ങളെ താങ്കള്‍ നിര്‍ബന്ധിക്കുകയാണോ...(10 99). ഈ വചനത്തിലൂടെ ലോകജനത സത്യമാര്‍ഗത്തില്‍ പരമാവധി ഒത്തൊരുമിക്കണമെന്നു അത്യധികം ആഗ്രഹിച്ചു, അതിനു കഠിനശ്രമം നടത്തിയ നബി (സ്വ)യോട് ഇതെല്ലാം നിര്‍ബന്ധത്തിന്റെ പരിധിയിലേക്കെത്തരുതെന്നു അല്ലാഹു ഓര്‍മപ്പെടുത്തി. വിവേചനാധികാരം ഉപയോഗിച്ചു സ്വന്തം വഴി കണ്ടെത്താനുള്ള സ്വാതന്ത്രത്തോടെയും അവകാശത്തോടെയും സൃഷ്ടിക്കപ്പെട്ട മനുഷ്യരാണ് തന്റെ മതവിശ്വാസമേതെന്നു തിരഞ്ഞെടുക്കേണ്ടത്. അതിനു ഇസ്‌ലാം വിലങ്ങുതടിയാവരുത്. അല്ലാഹു മറ്റൊരു സൂക്തത്തിലൂടെ വിവരിക്കുന്നു സത്യം അല്ലാഹുവില്‍ നിന്നാണ്. ആരെങ്കിലും അതു വിശ്വാസിക്കുന്നെങ്കില്‍ വിശ്വസിക്കട്ടെ, അവിശ്വസിക്കുന്നെങ്കില്‍ അവിശ്വസിക്കട്ടെ(18 29).
ഇസ്‌ലാമതപ്രചാരണത്തിന് സ്വീകരിക്കേണ്ട മാര്‍ഗമേതാണെന്നു അല്ലാഹു വിസ്തരിച്ചുതരുന്നു. അല്ലാഹുവിന്റെ ദീന്‍ പ്രബോധനം ചെയ്ത നബി(സ്വ)യോടു തന്നെ ആവശ്യപ്പെടുന്നത് നോക്കുക, നബിയെ യുക്തിപൂര്‍വവും സദുപദേശത്തോടെയും താങ്കളുടെ നാഥന്റെ വഴിയിലേക്കു ക്ഷണക്കുക. ഉല്‍കൃഷ്ടമായ രീതിയില്‍ അവരോടു സംവദിക്കുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചവരാരെന്നും സന്മാര്‍ഗ പ്രാപ്തര്‍ ആരെന്നും അവനു നന്നായി അറിയാം(16 125). ജനങ്ങളുടെ അവസ്ഥയും സാഹചര്യവും നോക്കി അവരുടെ ഗ്രാഹ്യതക്കും ചിന്താശേഷിക്കും അനുഗുണമായ വിധത്തില്‍ സൗമ്യമായി കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനാണ് പ്രബോധകന്‍ ശ്രമിക്കേണ്ടത്. സമ്മര്‍ദ്ദവും ധൃതിയും പാടില്ല. വാശിയും അക്ഷമയും വെടിയണം. ഭാഷയും ശൈലിയും സമീപന മാര്‍ഗങ്ങളും പ്രബോധിത സമൂഹത്തിന് മുഷിപ്പു വരുത്തുന്നതാവരുത്. പ്രബോധകന്റെ സംസാരം വിപരീത ഫലം സൃഷ്ടിക്കരുതെന്ന് ഖുര്‍ആന്‍ ഈ വചനത്തിലൂടെ ഓര്‍മപ്പെടുത്തുന്നു. സംവാദങ്ങള്‍ നടത്തുകയാണെങ്കിലും ഇതു പാതകമാണ്. സത്യം വെളിപ്പെടണമെന്നും അതു എതിരാളിക്കു കൂടി സീകാര്യമാകണമെന്നും അതുമുഖേനെ ഒരാളെങ്കിലും സന്മാര്‍ഗം സ്വീകരിക്കണമെന്നുമാകണം സംവാദംകൊണ്ടുദ്ദേശിക്കേണ്ടത്.
മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയാണെന്ന് ഖുര്‍ആന്‍ താകീതിന്റെ സ്വരത്തില്‍ പറയുന്നു. അല്ലാഹു ജനങ്ങളിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അക്രമക്കുന്നത് തടഞ്ഞില്ലായിരുന്നെങ്കില്‍ യഹൂദരുടെയും ക്രിസ്ത്യാനികളുടെയും പുരോഹിതന്മാരുടെയും അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടുന്ന മുസ്‌ലികളുടെയും അരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുമായിരുന്നു(22 34). പരസ്പരം സഹിഷ്ണുതയോടെ ഇടപയകിയില്ലെങ്കില്‍ സര്‍വര്‍ക്കും നാശമായിരിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.


അമുസ്‌ലിംകളോടുള്ള സമീപനം


മനുഷ്യന്റെ സുരക്ഷിതത്തിന് ചില സാമൂഹിക കടമകള്‍ നിര്‍വഹിക്കണമെന്നു മുസ്‌ലിമിനോടു നബി(സ്വ)തങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കില്‍ അവന്‍ അയല്‍വാസിയോടു മാന്യനാവട്ടെ(ബുഖാരി). വിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുകയും അവനോടു യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോടു മാന്യമായി വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും അടുത്തവരും അകന്നവരുമായ അയല്‍വാസികളോടും കൂട്ടുകാരനോടും യാത്രക്കാരോടും പരിചാരകരോടും നല്ലനിലയില്‍  പെരുമാറുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല(4 36)എന്ന വചനത്തില്‍ അമുസ്‌ലിമായ അയല്‍വാസിയുടെ കടമകള്‍ നിര്‍വഹിക്കലും ഉള്‍പ്പെടുമെന്നു തത്‌രീസു രിയാളു സ്വാലിഹീന്‍ വിശദീകരിക്കുന്നു. അയല്‍പക്കകാരന് അനന്തരാവകാശവും നല്‍കേണ്ടിവരുമോ എന്നു കരുതുന്നതു വരെ  ജിബ്‌രില്‍(അ) തന്റെ കടമകളെ കുറിച്ചു ഓര്‍മപ്പെടുത്തികൊണ്ടേയിരുന്നു(ബുഖാരി) എന്ന തിരുവചനം സമീപവാസികളോടു ഒരോ മുസ്‌ലിമും എത്രത്തോളം കടമപ്പെട്ടിരിക്കണമെന്നുണര്‍ത്തുന്നു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഭക്ഷിച്ചു ഉറങ്ങാന്‍ പോകുന്നവന്‍ മുഅ്മിനല്ലെ(ബൈഹഖി)ന്നു വരെ അരുളി


ഇസ്‌ലാമിനെ പരിഹസിച്ചാല്‍


ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യം സമാധാനപരമായി നന്മകൊണ്ടു തിന്മ തടയലാണ്. ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. നന്മയും തിന്മയും സമമല്ല. തിന്മയെ നന്മകൊണ്ടു നേരിടുക. അതുകാരണമായി നിന്നോടു ശത്രുത വെച്ചുപുലര്‍ത്തിയവന്‍ ആത്മമിത്രത്തെ പോലെയായിടും(41 34).
അല്ലാഹുവിന്റെ അടിമകളാകുന്നത് ഭൂമിയിലൂടെ വിനയപൂര്‍വം സഞ്ചരിക്കുന്നവരാണ്. അവരോട് വിവരമില്ലാത്തവര്‍ സംസാരിക്കുകയാണെങ്കില്‍ മാന്യമായി പെരുമാറുന്നതാണ്(25 63). ഇസ്‌ലാമതത്തെയും വിശ്വാസത്തെയും പരിഹസിക്കുന്നവരോട് ഏത് പ്രകൃതത്തോടെ പ്രതികരിക്കേണ്ടമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. നമ്മുടെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുന്നതില്‍ മുഴുകിയിരിക്കുന്നവരെ കണ്ടാല്‍ മറ്റു സംസാരിത്തിലേക്കു പ്രവേശിക്കുന്നതു വരെ താങ്കള്‍ അവരില്‍ നിന്നു പിന്തിയിരുക. ഇനി എപ്പോഴെങ്കിലും പിശാച് താങ്കളെ മറപ്പിക്കുകയാണെങ്കില്‍ ഓര്‍മവന്നതിനുശേഷം അക്രമികളായ ആ ജനതയുടെ കൂടെ ഇരിക്കരുത്(6 68). ഖുര്‍ആനില്‍ മറ്റൊരിടത്ത് അങ്ങനെ ഇരുന്നാലുള്ള ഭവിഷത്ത് എന്താണെന്നും ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. അല്ലാഹുവിന്റെ ആയത്തുകള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല സംസാരത്തിലേക്കും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുത്. അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്ന് ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നതാണല്ലോ. കപട വിശ്വാസികളെരയും അവിശ്വാസികളെയും അല്ലാഹു നരകത്തില്‍ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും(4 140).


ഇതര മതസ്ഥരെ പരിഹസിക്കരുത്


എന്നാല്‍ മറ്റു മതവിശ്വാസികളെയും നിരീക്ഷരവാദികളെയും അവഹേളിക്കുന്നതും പരിഹസിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കാരണം അതിനുപകരം ഇസ്‌ലാമിനെയും ഇകഴ്ത്തുവാന്‍ അവര്‍ തുനിഞ്ഞേക്കും. ഖുര്‍ആന്‍ വ്യക്തമായി മൊഴിയുന്നു അല്ലാഹുവിനെ കൂടാതെ, അവര്‍ ആരാധിക്കുന്നവരെ നിങ്ങള്‍ അക്ഷേപിക്കരുത്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ഒരു വിവരവുമില്ലാതെ വൈരാഗ്യത്തിന്റെ പേരിലവര്‍ അല്ലാഹുവിനെയും തെറിവിളിക്കുന്നതാണ്(6 108). ഈ വചനം ഏതൊരു സത്യവിശ്വാസിയുടെ മനസ്സില്‍ തറക്കേണ്ട വചനമാണ്. പരിഹാസത്തിലുടെയും അക്ഷേപത്തിലൂടെയും ഇതര മത വിശ്വാസികളുടെ ദൈവത്തെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അവര്‍ അത്തരം അരാധനകളില്‍ നിന്നു പിന്തിരിയില്ല. ചിലപ്പോള്‍ മര്‍ക്കടമുഷ്ഠിക്കാരണം ചിലരതില്‍ അള്ളിപ്പിടിച്ചു  ജീവിക്കാന്‍ ശ്രമിക്കും. അവര്‍ പ്രതികാരം തീര്‍ക്കാന്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്തും. ഇതുകൊണ്ടു ആര്‍ക്കും ഒരു നേട്ടവും ലഭിക്കുന്നില്ല. ഒരുപാടു കോട്ടങ്ങളുണ്ടാകുന്നുണ്ട്താനും. ഇനി ആരെങ്കിലും അങ്ങനെ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ തുനിയുന്നെങ്കില്‍ അവനോടു ക്ഷമ കൈവെടിയെരുതെന്നാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അവര്‍ പറയുന്നതില്‍ ക്ഷമിക്കുക നിങ്ങള്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുക(20 130). അവരില്‍ അല്‍പം ചിലരൊഴികെ ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന ഇനിയും നിങ്ങള്‍ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്കു താങ്കള്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യുക, നന്മ പ്രവര്‍ത്തിക്കുന്നവരെ നിശ്ചയം അല്ലാഹു ഇഷ്ടപ്പെടും(5 13) എന്നീ വചനങ്ങള്‍ ഇസ്‌ലാം അതിരുവിട്ടു പ്രവര്‍ത്തിക്കുന്നത് തടയുന്നതിന് തെളിവാണ്.
നടേ വിവരിച്ച ഖുര്‍ആനിക വചനങ്ങള്‍ ഏത് പ്രകൃതമാണ് സമൂഹിക ജീവിതത്തിന് അനിവാര്യമായി വേണ്ടതെന്നു ഓര്‍മപ്പെടുത്തുന്നു. നീതിയും ധര്‍മവും സഹിഷ്ണുതയും സമാധാനവും സത്കര്‍മവും മെല്ലാം ഒരു സാമൂഹിക ജീവിതത്തിന്റെ കാതലാണെന്നു തിരുദൂതര്‍(സ്വ)ക്ക് ദിവ്യവെളിപാടു ലഭിച്ച വിശുദ്ധ ഖുര്‍ആനാണ് ഓര്‍മപ്പെടുത്തുന്നത്. മാനവികതക്ക് നിരക്കാത്ത ഒരു കര്‍മവും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ശത്രുക്കളുടെ അക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്നത് ഇസ്‌ലാം വിലങ്ങുന്നില്ല. ആ നിലപാട് ഇന്ന് എല്ലാ രാഷ്ട്രങ്ങളും നടപ്പിലാക്കുന്നുമുണ്ട്. ഇസ്‌ലാമിലെ അത്തരം ആശയങ്ങള്‍ വിവരിക്കുന്ന ഖുര്‍ആനിക വചനങ്ങളെടുത്ത് ചിലര്‍ ദുഷ്ടലാക്കോടെ വ്യഖ്യാനിക്കുകയും സമുഹത്തെ തെറ്റിധരിപ്പിക്കുകയും ചെയ്യുന്നു. അത്തരം സൂക്തങ്ങളുടെ പശ്ചാത്തലവും പ്രസിദ്ധരായ ഖുര്‍ആന്‍ പണ്ഡിതരുടെ വ്യഖ്യാനവും അന്വേഷിച്ചു സത്യാവസ്ഥ മനസ്സിലാക്കാതെ ഇസ്‌ലാമിനെതിരെ വിവരക്കേടു വിളമ്പുന്നവര്‍ സമൂഹത്തില്‍ ചിദ്രതയുണ്ടാക്കാനാണ് തുനിയുന്നത്. അത് ഇസ്‌ലാമിനകത്തു നിന്നുള്ളവരായാലും.

No comments:

Post a Comment

Popular Posts