A blog about health and wealth

1/25/18

അന്ധകാര യുഗത്തിലെ അറബ്യന്‍ സാഹിത്യം



സാമൂഹിക സഹവാസത്തിലേര്‍പ്പെടുന്ന മനുഷ്യ തലമുറകളുടെ ഭാവിയും വര്‍ത്തമാനവും ഭൂതവും വിശകലനം നടത്താന്‍ ഭാഷകള്‍ക്ക് മാത്രമേ സാധിച്ചിട്ടൊള്ളൂ. മനുഷ്യന്റെ വികാര വിചാരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭാഷയുടെ പരിഷ്‌കൃത പതിപ്പായ സാഹിത്യ കൃതികളാണ് അവലംബിക്കാറുള്ളത്. ലോകഭാഷകളില്‍ സാഹിത്യ സമ്പുഷ്ട വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്നത് അറബിയിലാണ്. പ്രതിവാദമുന്നയിക്കാന്‍ സാധ്യതയുള്ള പടിഞ്ഞാറിന്റെ വിചക്ഷണന്മാര്‍ പോലും പലപ്പോഴും ഈ തര്‍ക്ക വിഷയത്തില്‍ ഉള്‍വലിയുന്നത് കാണാം. പതിനഞ്ച് മുസ്‌ലിം രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷ, അമ്പത് കോടിയിലധികം വരുന്ന മുസ്‌ലിംകളുടെ മതഭാഷ, ഇരുപത്തി അഞ്ച് കോടിയിലധികം വരുന്ന ജനങ്ങളുടെ മാതൃഭാഷ തുടങ്ങിയ വിശേഷണങ്ങള്‍ അറബിഭാഷയുടെ മാത്രം പ്രത്യേകതയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ മിക്ക ഭാഷകളിലും അറബിയുടെ സ്വാധീനം കാണാവുന്നതാണ്. മുസ്‌ലിം വേദഗ്രന്ഥമായ'വിശുദ്ധ ഖുര്‍ആന്റെ ഭാഷ' എന്ന നിലയില്‍ അറബിയുമായി ബന്ധംപുലര്‍ത്താത്ത രാഷ്ട്രങ്ങളില്ല. അറേബ്യന്‍ രാഷ്ട്രങ്ങള്‍ക്ക് പുറമേ ബൃഹത്തായ സാഹിത്യ സമ്പത്തുള്ള അറബി ഭാഷ നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പേ  ഈജിപ്ത്, ഇറാഖ്, ഫലസ്തീന്‍, സിറിയ, മൊസൊപ്പൊട്ടോമിയ പോലുള്ള മദ്ധ്യപൗരസ്ത്യ രാഷ്ട്രങ്ങളില്‍ പ്രചരിച്ചിരുന്നു. എ.ഡി. ഏഴാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ സമ്പൂര്‍ണത പ്രാപിക്കുകയും പേര്‍ഷ്യ, ഉത്തരേന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന ഭാഷകള്‍ക്ക് ലിപി നല്‍കി സഹായിക്കുകയും ചെയ്ത അറബി ചില ഭാഷകളുടെ രൂപീകരണത്തിന് മുഖ്യ പങ്കു വഹിച്ചു.  ലാറ്റിന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള അക്ഷരമാല അറബിയുടേതാണ്.

അറബി സാഹിത്യകൃതികള്‍ക്ക് പുതുമുഖം നല്‍കാനും സാഹിത്യത്തിന്റെ പുതുമേച്ചിന്‍ പുറങ്ങള്‍ തേടാനും വിശുദ്ധ ഖുര്‍ആന്റെ അവതീര്‍ണ്ണത വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ വൈജ്ഞാനിക സമ്പത്തിന്റെ അടിസ്ഥാന സ്രോതസ്സ് ഖുര്‍ആനും നബിവചനവുമായതിനാല്‍ അറബി പഠിക്കലും പഠിപ്പിക്കലും മുസ്‌ലിം സമൂഹത്തിന്റെ ധാര്‍മിക ബാധ്യതയാണ്. മുസ്‌ലിം സമൂഹത്തിന്റെ ഈ ധാര്‍മിക ബാധ്യത അറേബ്യന്‍ മണല്‍ക്കാട്ടില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന അറേബ്യന്‍ സാഹിത്യത്തെ ഏഷ്യനാഫ്രിക്കയിലേക്കും യൂറോപ്പിലെ സ്‌പെയിന്‍ പോലുള്ളിടങ്ങളിലേക്കും കടല്‍കടന്നൊഴുകാന്‍ പ്രേരിപ്പിച്ചു. ലോക മുസ്‌ലിം സമൂഹത്തെ ആദര്‍ശപരമായും സാംസ്‌കാരികപരമായും വൈജ്ഞാനികപരമായും ഏകീകരിക്കുന്ന ഏക കണ്ണി അറബി ഭാഷയാണ്. ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയഭാഷ.

ഉല്‍പത്തിയും പരിണാമവും


നൂഹ് നബിയുടെ പുത്രന്‍ സാമിനെ പൂര്‍വികനായി കണക്കാക്കുന്നതിനാല്‍ അറബികളെ സിമറ്റുകളെന്നും അവരുടെ ഭാഷയെ സെമിറ്റിക്കെന്നും വിശേഷിപ്പിക്കുന്നു. ആയതിനാല്‍, സെമിറ്റിക് ഭാഷാ കൂട്ടായ്മയിലെ അംഗമായിരിക്കണം അറബി.

ഹീബ്രു, അറാമിക്, ബാബിലോണിയ ഭാഷകളും അവയുടെ ശാഖകളും ഉപശാഖകളും ഇതില്‍പെടുന്നുണ്ട്. ചിലത് കാലഗതി പ്രാപിച്ചെങ്കിലും പുതിയ കെട്ടിലും മട്ടിലുമായി അവയില്‍ ചില ഭാഷകളിപ്പോഴും അതിജീവിക്കുന്നു. അറബിയാണ് ഇന്നും സജീവമായി നിലനില്‍ക്കുന്നത്. സെമിറ്റിക്ക് ഭാഷാംഗങ്ങള്‍ ഒരൊറ്റ ഭാഷയില്‍ ഉടലെടുത്തതാണെന്ന് ഭാഷാ ചരിത്രകാരന്മാരില്‍ ബഹുഭൂരിപക്ഷവും വാദിക്കുന്നെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല, ഏത് ഭാഷായായിരിക്കുമത്.

സാമിന്റെ പരമ്പര ഇബ്രാഹീം നബിയിലെത്തുന്നുണ്ട്. ഇസ്മാഈല്‍ നബിയുടെ സന്താന പരമ്പരയാണ് വടക്കന്‍ അറബികള്‍. സാമിന്റെ കുടുംബപരമ്പരയിലെ എബറിന്റെ പുത്രന്‍ ജോകതാന്‍ വംശജര്‍ തെക്കന്‍ അറബികളാണ്. ഇവരുടെ ഭാഷ ഹിംയരിയായിരുന്നു. എ.ഡി 600 ല്‍ അബ്‌സീനിയക്കാര്‍ ഹിംയര്‍ രാഷ്ട്രം പിടിച്ചടക്കിയതോടെ വടക്കന്‍ ഭാഷ ഉപദ്വീപുകളിലെ സുപ്രധാന ഭാഷയായി വേരൂന്നിതുടങ്ങി. ഉക്കാളിലെ കാവ്യമേളയും, മക്കയിലേക്കുള്ള തീര്‍ത്ഥാടകരുടെ പ്രവാഹവും വടക്കന്‍ അറബിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഇന്നത്തെ അറബിയുടെ പ്രാരംഭം കഹ്താന്റെ മകന്‍ യഅ്‌റബിന്റെ കാലം മുതലാണ്. അദ്ദേഹത്തെയാണ് അധുനിക അറബിയുടെ പിതാവായി ഭാഷാ ചരിത്രക്കാരന്മാര്‍ വിലയിരുത്തുന്നത്.

അറബീ സാഹിത്യം (എ ഡി 450-610)


അറേബ്യന്‍ സാഹിത്യ ചരിത്രമെന്നത്, കാലാന്തരങ്ങളില്‍ അറബി ഭാഷയില്‍ വന്ന വളര്‍ച്ചയേയും തളര്‍ച്ചയേയും അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ വിലയിരുത്തലായിരിക്കും. സാഹിത്യ ചരിത്ര പഠനത്തിന് അറബീ കൃതികളിലുള്‍പ്പെട്ടതാണ് കവികളുടെയും കഥാകൃതുകളുടെയും ജീവചരിത്രങ്ങള്‍, കവിതകള്‍, കഥകള്‍, ഉപന്യാസങ്ങള്‍, കത്തുകള്‍, നാടകങ്ങള്‍.  അറേബ്യന്‍ സാഹിത്യത്തിന്റെ പുരോഗതിയും അധോഗതിയും, അതിവിശാലമായി പരന്ന് കിടക്കുന്ന വ്യത്യസ്ഥ കാലഘട്ടങ്ങളിലായതിനാല്‍ ആയിരത്തി നാനൂറ് വര്‍ഷത്തിനിപ്പുറത്തുള്ള ചരിത്ര ശകലങ്ങള്‍ മാത്രമേ ഇന്നത്തെ ചരിത്രകാരന്മാര്‍ക്ക് ലഭിച്ചിട്ടുള്ളൂ.

സാഹിത്യ മേഖലകളില്‍ ഭരണകര്‍ത്താക്കളുടെ സ്വാധീനം ചെലുത്തലും, നേരിട്ടുള്ള ഇടപെടലുമുണ്ടായതിനാല്‍ ചരിത്രഗവേഷകര്‍ അറബീ സാഹിത്യത്തെ, ചരിത്രാന്വേഷണത്തിന്റെ സുഗമമായ വിലയിരുത്തലിന് ജാഹിലീയ കാലം, ഇസ്‌ലാമിക ഭരണ കാലം, ഉമവിയ്യ, അബാസിയ്യ, തുര്‍ക്കീ ഭരണ കാലങ്ങള്‍, വര്‍ത്തമാന കാലം എന്നിങ്ങനെ ആറ് ഘട്ടത്തിലായി ഇനംതിരിച്ച് വിവരിച്ചു.

ജാഹിലിയ്യ കാലം(450-610)


ലഭ്യമായ വിവരങ്ങളടിസ്ഥാനപ്പെടുത്തി ചരിത്രക്കാരന്മാര്‍ ജാഹിലിയ്യ കാലം രേഖപ്പെടുത്തുന്നത് ഇസ്‌ലാമിക ഭരണത്തിന് മുമ്പുള്ള ഏകദേശം 150 വര്‍ഷത്തെയാണ്. ഒന്നാം ജാഹിലിയ്യാ യുഗമെന്ന് നാമകരണം ചെയ്തിട്ടുള്ള അതിനുമുമ്പുള്ള കാലത്തെ ചരിത്രസംഭവങ്ങള്‍ വിസ്ത്തരിക്കുന്നതിന് വ്യക്തമായ രേഖകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വര്‍ത്തമാനകാലത്ത് പ്രയോഗത്തിലുള്ള ജാഹ്‌ലിയ്യ  എന്ന പദം ഇല്‍മിന്റെ വീപരീതാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ജഹ്‌ലില്‍ നിന്നെടുത്ത അര്‍ത്ഥത്തിനല്ല ഉപയോഗിക്കുന്നത്. ഈ പദസമ്പത്തിന്റെ ഉത്ഭവം ദേഷ്യം, പക, വിഢിത്വം എന്നീ ആശയങ്ങളിഴകിച്ചേര്‍ന്ന ജഹ്‌ലില്‍ നിന്നാണ്. അല്ലാഹുവിന് വഴിപ്പെടുക എന്നര്‍ത്ഥമുള്ള ഇസ്‌ലാമിന്റെ വിപരീതാര്‍ത്ഥമാണ് ഇതുകൊണ്ട് വിവക്ഷ എന്നതിന് ഖുര്‍ആനിലും, ഹദീസിലും, ജാഹിലിയ്യ കാലത്തെ കവിതകളിലും തെളിവുകളുണ്ട്. ജാഹിലിയ്യ കാലത്തെ അറബികള്‍ വൈജ്ഞാനിക മേഖലകളില്‍ നിപുണരും, മതങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവരുമാണ് എന്ന വാദം അജ്ഞത എന്നര്‍ത്ഥമുള്ള ജഹ്‌ലെന്ന പദം ഇവിടെ ഉചിതമല്ലെന്നതിന് തെളിവാണ്. തെക്കു ഭാഗത്തെ യമനികളും വടക്കു ഭാഗത്തെ മുനാദിറത്ത,് ഒസാസിനത്ത് വംശജരും സാംസ്‌കാരിക ജീവിതം നയിച്ചവരാണ്. ചില കാര്‍ഷിക വിഷയങ്ങളിലും എന്‍ജിനിയറിംങ് വിദ്യാഭ്യാസത്തിലും കെട്ടിടനിര്‍മാണങ്ങളിലും കിണറുകളും കുളങ്ങളും കുഴിക്കുന്നതിനുള്ള ഇടം കണ്ടെത്തുന്നതിലും വളരെ വൈദഗ്ധ്യം തെളിയിച്ചവരാണിവര്‍. അദ്‌നാന്‍ വംശജര്‍ക്ക് കച്ചവടം ചികിത്സ, മൃഗചികിത്സ, ഗോളശാസ്ത്രം, വാനനീരീക്ഷണം, കാറ്റിന്റെ ഗതി നോക്കി മഴക്കാലം നിരീക്ഷക്കുക, അനുയോജ്യമായ മേച്ചില്‍ സ്ഥലങ്ങള്‍ കണ്ടെത്തുക തുടങ്ങിയവയില്‍ അപാര കഴിവുണ്ട്. കവിതകളും വാര്‍ത്തകളും പ്രത്യേകം പരിഗണിച്ചിരുന്നു എന്നതും ഇവര്‍ അജ്ഞരല്ല എന്ന വാദത്തിന് കൂടുതല്‍ ശക്തി പകരുന്നു.

നാലാം നൂറ്റാണ്ടില്‍ ലഭിച്ച ജാഹിലിയ്യ കാലത്തെ  രാജക്കന്മാരുടെ ശവക്കല്ലറക്കുമേല്‍ കൊത്തിവെച്ച അപൂര്‍വ കൊത്തു പണികളും ഛായാ ചിത്രങ്ങളും വടക്കു ഭാഗത്തെ അറബിയുടെ വ്യാപനം നാലാം നൂറ്റാണ്ടിലും അതിനു മുമ്പുള്ള ഭാഷ തെക്കന്‍ അറബിയാണെന്നും വ്യക്തമാക്കുന്നത്.


ജാഹിലീയ കാലത്തെ അറേബ്യന്‍ സാഹിത്യം


ഗദ്യം, പദ്യമെന്ന ഇരു തട്ടുകളിലുള്ള ജാഹിലീയ്യ കാലത്തെ അറേബ്യന്‍ സാഹിത്യത്തില്‍ കാവ്യ രചനയില്‍ കവിയുടെ വൈകാരിക മനോനിലയും ഭാവനയും  താളമുള്ള വരിളുമാണ് പരിഗണിച്ചിരുന്നത്. ഗദ്യം അന്നത്തെ ചിന്തകരും പണ്ഡിതരും ഉപയോഗിച്ചിരുന്നങ്കിലും പദ്യമായിരുന്നു വലിയ തോതില്‍ പ്രചാരത്തിലുണ്ടായിരുന്നത്.


ജാഹിലിയ്യ കാലത്തെ ഗദ്യങ്ങള്‍


ജാഹിലിയ്യ കാലത്തെ ഗദ്യങ്ങളുടെ ശേഖരണം പദ്യങ്ങളേക്കാള്‍ കുറവായിരുന്നു. വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായത് ഇസ്‌ലാമിക ഭരണത്തിന് ശേഷമാണ്. വാദ്യോപകരണങ്ങളുപയോഗിച്ചുള്ള കാവ്യങ്ങളായതിനാല്‍ മന8പാഠമാക്കാന്‍  എളുപ്പവും ചേരിപ്പോര് വര്‍ധിച്ചതിനാല്‍ തന്റെ ഗോത്രത്തിലെ കാവ്യങ്ങള്‍ പഠിക്കുന്നതില്‍ തല്‍പരരുമായി  എന്ന കാരണത്താല്‍ ഗദ്യങ്ങുടെ എണ്ണത്തില്‍ കുറവുണ്ടായി എന്ന് ചരിത്രക്കാരന്മാര്‍ വിലയിരുത്തി. തത്ത്വ്വങ്ങളും പ്രസംഗങ്ങളും വസ്വിയ്യത്തുകളും കഥകളും പഴഞ്ചൊല്ലുകളും ഗദ്യത്തിന്റെ അന്നത്തെ ഇനങ്ങളില്‍പ്പെട്ടതാണ്. അംറുബ്‌നു മഅദീകരിബ, അംറുബനും കുല്‍സൂം, അക്‌സമുബ്‌നു സ്വഫിയ്യ്, ഹാരിസുബ്‌നു ഇബാദ്, ഖൈസുബ്‌നു സുഹൈര്‍ എന്നിവരാണ് അന്നത്തെ പ്രാസംഗികരില്‍ പ്രസിദ്ധര്‍ز


ജാഹിലിയ്യ കാലത്തെ പദ്യങ്ങള്‍


ജാഹിലീയ്യ സമൂഹത്തില്‍ കാവ്യങ്ങള്‍ വാമൊഴിയായി  കൈമാറിേപ്പാന്നതിനാല്‍ നിരക്ഷരുടെ ഇടയിലും പ്രചുരപ്രചാരം സിദ്ധിച്ചിരുന്നു. കവിതകള്‍ മന8പാഠമാക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. കാവ്യരചന അവര്‍ക്ക് ജന്മ സിദ്ധിയായി ലഭിച്ചതിനാല്‍ എണ്ണമറ്റ നിപുണരായ കവികളെ സംഭാവന ചെയ്യാന്‍ ജാഹിലീയ്യ കാലത്തിന് സാധിച്ചിട്ടുണ്ട്. ഇത്തരം കവികളുടെ കവിതകള്‍ വര്‍ത്തമാന ലോകമറിയുന്നത്  ചരിത്രകാരന്മാരിലൂടെയും കാവ്യ ഗവേഷകരിലൂടെയുമാണ്. ഗദ്യങ്ങളും, പദ്യങ്ങളും ചരിത്രങ്ങളുമെല്ലാം ക്രോഡീകരിക്കാന്‍ തുടങ്ങിയ അബ്ബാസിയ്യ  ഉമവിയ്യ കാലഘട്ടരത്തിന് മുമ്പ് അവര്‍ കാവ്യങ്ങള്‍ ഹൃദിസ്ത്തമാക്കി പൊതുജനത്തിനിടയില്‍ പ്രചരിപ്പിക്കുകയായിരുന്നു പതിവ്. ജാഹിലീയ്യ കാലത്തെ ഉക്കാള്, ദുല്‍ മജാദ്, ദുല്‍ മജിന്നത്ത് പോലുള്ള ചന്തകള്‍ക്ക് പറയാനുള്ളത് കാവ്യ നിവേദകരുടെ സംഭാഷണങ്ങളിലെ പതിവു കാഴ്ച്ചയെ കുറിച്ചാണ്. അവരില്‍ പ്രസിദ്ധരാണ് ഹമ്മാദ്, ഖലഫുല്‍ അഹ്മര്‍, അബൂ അംറു ബ്‌നുല്‍ അലാഅ്, അസ്മഅ്. ജാഹിലീയ്യ കാലത്തെ കാവ്യങ്ങളുടെ ഉത്ഭവമറിയാന്‍ ചില പണ്ഡിതര്‍ ചികഞ്ഞന്വേഷണം നടത്തിയിട്ടും ഇസ്‌ലാമിക കാലഘട്ടത്തിന്റെ ഒന്നര നൂറ്റാണ്ട് മുമ്പുള്ള അറബീ കാവ്യങ്ങളെ സംബന്ധിച്ച വ്യക്തമായ രേഖകള്‍ ലഭിക്കാതെ വന്നപ്പോള്‍ ജാഹിലിയ്യ കാവ്യലോകം അനന്തമായിരിക്കുമെന്നവര്‍ വിശ്വസിച്ചു.


അറബീ കവിതകളുടെ ഉത്ഭവം


പെട്ടെന്നുണ്ടാകുന്ന അനുഭവങ്ങള്‍, വൈകാരിക നിമിഷങ്ങള്‍ എന്നവയില്‍ നിന്നുയിര്‍ത്ത ചെറുകാവ്യങ്ങളാണ് അതിന്റെ ഉത്ഭവമായി ചിലര്‍ കരുതുന്നത്. അറബീ കാവ്യങ്ങളില്‍ കാലപ്പഴക്കമേറിയ രീതി റജ്‌സാണെന്നും മരുമണ്ണിലൂടെ നടക്കുന്ന ഒട്ടകത്തിന്റെ കാലൊച്ചയിലെ താളത്തില്‍ നിന്നാണതിന്റെ ഉത്ഭവമെന്നും ഈ ഈണമാണ് മറ്റു രീതികള്‍ക്ക് ജന്മം നല്‍കിയതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കവികളായ മുഹല്‍ഹലുബ്‌നു റബീഅയുടെയും അവന്റെ സമകാലികനായ ഹറബുല്‍ ബസൂസിന്റെയും കാലത്താണ് വലിയ കാവ്യങ്ങള്‍ വെളിച്ചം കണ്ടുതുടങ്ങിയത്. മുളറുബ്‌നു നിസാറാണ് അറബികള്‍ക്കിടയില്‍ ആദ്യമായി കവിതാപാരായണം നടത്തിയതെന്ന് പറയപ്പെടുന്നു.


ജാഹിലിയ്യ കാലത്തെ കവിതയുടെ ഘടന


ഇരുപത്തഞ്ച് മുതല്‍ നൂറുവരെയുള്ള വരികളുള്‍ക്കൊണ്ടതാണ് ജാഹിലീയ്യ കവിതകള്‍. അതില്‍ തന്നെ ഏകദേശം എല്ലാ കവിതകളിലെയും പ്രതിപാദ്യ വിഷയം ഒന്നായിരുന്നു. അതായത് കവി തന്റെ കാമുകിയുടെ തറവാടുമഹിമയും സൗന്ദര്യവും ശാരീര വടിവും വര്‍ണിച്ച് , ശേഷം അവന്റെ വാഹനത്തേയും(ഒട്ടകം, കുതിര) യാത്രയില്‍ നേരിട്ട ക്ലേശങ്ങളെയും വിവരിക്കുന്നു. ശിഷ്ട ഭാഗത്ത് അഭിമാനിക്കാനോ അപമാനിക്കാനോ പ്രോത്സാഹിപ്പിക്കാനോ എന്ത് ലക്ഷ്യപ്രാപ്ത്തിയാണ് കവി ഉദ്ദേശിച്ചതെന്ന് വിവരിക്കാന്‍ ഉപയോഗപ്പെടുത്തുന്നു.അറബീ ദേശങ്ങളുടെയും ദ്വീപുകളുടെയുടെയും ചരിത്ര വിവരണത്തിന് പരിപൂര്‍ണ സഹായിയായി കവിത വര്‍ത്തിച്ചിരുന്നു.


ജാഹിലിയ്യ കാവ്യങ്ങളുടെ പ്രത്യേകത


ചരിത്രക്കാരന്മാര്‍ സത്യ സന്ധമായി അന്നുള്ള സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ ജാഹിലീയ്യ കവിതകളെയായിരുന്നു അവലംബിച്ചിരുന്നത്. രചനയിലും അലാപനത്തിലും പ്രകൃത്യാ പ്രാവീണ്യം  നേടിയ അറേബ്യന്‍ കവികള്‍ അന്യരെ അനുകരിക്കുകയോ അവലംബിക്കുകയോ ചെയ്യുന്നതില്‍ ഒട്ടും താല്‍പരരായിരുന്നില്ല. ഈണത്തിലുള്ള വരികളുപയോഗിച്ചും വികാരഭരിതമാക്കുന്ന വാദ്യോപകരണങ്ങളുപയോഗിച്ചും  ആലപിക്കുന്ന അന്നത്തെ കാവ്യങ്ങളില്‍ കെട്ടുകഥ വര്‍ണിച്ചതായി  അറിയപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ചരിത്ര ക്രോഡീകരണത്തിന് അറബികള്‍ വഹിച്ച പങ്കു മനസ്സിലാക്കുമ്പോള്‍ നമുക്ക് ചരിത്രശേഖരണത്തോടുള്ള അവരുടെ താല്‍പര്യവും വിശ്വാസ്യതയും കൂടുതല്‍ വ്യക്തമാകും. യുദ്ധ സന്ദര്‍ഭങ്ങളില്‍ കാവ്യങ്ങളും ഗാനങ്ങളും ആലപിക്കാനും നൃത്തം ചവിട്ടാനും അവര്‍ പ്രത്യേകം സ്ത്രീകളെ സജ്ജരാക്കിയിരുന്നു. ആ കാലത്തുള്ള സുപ്രധാന സംഭവവികാസങ്ങളും പ്രശ്‌നപരിഹാരങ്ങളും അവര്‍ കവിതയില്‍ രേഖപ്പെടുത്തിയിരുന്നു. ഒരു കവിതയില്‍ തന്നെ ഇത്തരം സുപ്രധാന വിഷയങ്ങള്‍ എഴുതിേച്ചേര്‍ത്തിരിക്കും. ഗോത്രങ്ങള്‍ക്കിടയില്‍ ശത്രുതയും പകയും പോരും വര്‍ധിച്ച തോതില്‍ നിലനിന്നിരുന്നതിനാല്‍ ജാഹിലിയ്യ കവിതകളിലെ അധിക ഭാഗവും തെറിയഭിഷേകത്തിന്റെ അധ്യായങ്ങളാല്‍ തുന്നിച്ചേര്‍ക്കപ്പെട്ടതാണ്. അനായാസമായതിനാല്‍ സ്ത്രീപുരുഷന്മാരും പണ്ഡിത പാമരരും തെഴിലാളിമുതലാളിമാരും കാവ്യരചനയില്‍ താല്‍പര്യം കാണിച്ചിരുന്നു. അറബീ ഗോത്രങ്ങളവരുടെ രാഷ്ട്രീയ സാന്നിദ്ധ്യമറിച്ചിരുന്നത് പോലും നേതാക്കളുടെയും പടയാളികളുടെയും കവികളുടെയും ഇടപെടലിലൂടെയായിരുന്നു. കാവ്യരചയിതാകളില്‍ അധികവും കഹ്ത്താനി, അദ്‌നാനി ഗോത്രക്കാരായിരുന്നു.

വാമൊഴി ജാഹിലീയ്യ കാവ്യങ്ങളുടെ നിലനില്‍പ്പിന് സഹായകമായി എന്നത് അന്നത്തെ കവികളുടെ മനന ശേഷി എടുത്തു കാണിക്കുന്നുണ്ട്. പ്രദേശങ്ങളുടെയും ഗോത്രങ്ങളുടെയും പ്രത്യേകതകള്‍ക്കനുസരിച്ച് കാവ്യങ്ങളുടെ ആശയങ്ങളിലും വ്യത്യാസമുണ്ടായിരുന്നു. വാമൊഴിയായതിനാലും ഹൃദിസ്ത്തമാക്കിയവര്‍ എഴുതിവെക്കുന്നത് കുറവായതിനാലും ജാഹിലീയ്യ കാലത്തെ കവിതകള്‍ ഒരുപാട് നഷ്ടപ്പെട്ടിട്ടുണ്ട്. ഉമറു ബ്‌നുല്‍ അലാഅ് അന്നത്തെ കവിതകള്‍ രേഖപ്പെടുത്തിവെച്ചതുകൊണ്ട് ഏതാനും ചില കവിതകള്‍ ലഭ്യമായി. വളരെ വിശാലാര്‍ത്ഥമുള്ള അന്നത്തെ കവിതകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായത് അതിശയോക്തികലര്‍ന്നതും വളച്ചൊടിച്ചതുമായ ആശയങ്ങളൊന്നും അതില്‍ എഴുതിച്ചേര്‍ക്കാറില്ലെന്നാണ്. ഒരേ ആശയത്തിലായി കവിതയെ നീട്ടിവലിച്ചെഴുതുന്നതിന് പകരം വിവിധങ്ങളായ തലത്തില്‍ വ്യത്യസ്ത ആശയങ്ങളുള്‍കൊള്ളിച്ചായിരുന്നു ജാഹലീയ്യ കവിതകളുണ്ടായിരുന്നത്. ആശയങ്ങള്‍ വളരെ ചുരുക്കി വിസ്തരിക്കുന്നതും വ്യത്യസ്ത വിഷയങ്ങളുള്‍ക്കൊള്ളുന്നതുമായതുകൊണ്ട് വിഷയങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമായി മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു.     


ജാഹിലിയ്യ കാവ്യങ്ങളില്‍ പ്രസിദ്ധമായവ


വാമൊഴിയായി തുടര്‍ന്നുപോന്ന കാവ്യങ്ങളില്‍ ഉമവിയ്യ ഭരണകാലത്തും ശേഷവും ക്രോഡീകരിച്ചതില്‍ പ്രസിദ്ധമായിരുന്നു മുഅല്ലഖാത്ത്. ഹമ്മാദ് എന്ന ചരിത്രക്കാരനാണ് മുഅല്ലഖ ശേഖരിച്ച് ക്രോഡീകരിച്ചതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ അത് ഏഴ് കാവ്യങ്ങളാണ്.


മുഅലഖാത്ത്


തങ്കലിപിയില്‍ ഉല്ലേഖനംചെയ്തതും പ്രസിദ്ധവുമായ ഈ നീണ്ട കാവ്യങ്ങള്‍, അധിക ചരിത്രക്കാരന്മാരും വാദിക്കുന്ന ഏഴാണെന്നാണ്. ഇതു പത്താണെന്നും അഭിപ്രായമുണ്ട്. മിനുസമുള്ള തുണിയില്‍ തങ്കലിപിയില്‍ ഉല്ലേഖനം ചെയ്ത് കഅ്ബയുടെ ചുമരില്‍ കെട്ടിത്തൂക്കിയ ഈ കാവ്യങ്ങള്‍ ഹിജാസിലെ ഉകാള പട്ടണത്തിലെ അറബീ നിരൂപകന്മാര്‍ തെരെഞ്ഞെടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു. ദുല്‍ ഖഅദ് മാസത്തിലെ ആദ്യത്തെ ഇരുപത് ദിവസമാണ് ഉകാള പട്ടണം പ്രവര്‍ത്തന സജ്ജമായിരിക്കുക. ഈ സന്ദര്‍ഭം മുതലെടുത്ത് അന്നത്തെ പ്രമുഖ കവികള്‍ അവരുടെ കാവ്യങ്ങള്‍  സ്വര്‍ണ്ണ ലിപിയിലെഴുതി കെട്ടിത്തുക്കി പ്രദര്‍ശനത്തിന് വെക്കും. അതില്‍ ആദ്യമായി ജാഹിലിയ്യാ കാലത്ത് കെട്ടിത്തൂക്കിയ കാവ്യമായിരുന്നു ഇമ്രുഉല്‍ ഖൈസിന്റെ അയ്യാമു മൂസിമെന്ന കാവ്യം.. കെട്ടിതൂക്കിയതതുതുകൊണ്ടാണ് അതിന് മുഅലഖ എന്ന് പേര് ലഭിച്ചതെന്ന് ചിലരുടെ ന്യായവാദം. ചില ഗവേഷകര്‍ പറയുന്നത് അവ ഖഅ്ബയുടെ ചുമരില്‍ കെട്ടിതൂക്കിയിട്ടില്ലെന്നും മറ്റു കവിതകളേക്കാള്‍ വിലയേറിയതും ഒറ്റപ്പെട്ട ഗുണങ്ങളുമുള്ളതുകൊണ്ടാണ് ആ കാവ്യങ്ങള്‍ക്ക് മുഅലഖ എന്ന് പേര് ലഭിച്ചതെന്നുമാണ്. ജാഹിലീയ്യ ചരിത്ര സംഭവങ്ങള്‍ അനാവരണം ചെയ്യുന്ന ഈ ഏഴ് കാവ്യങ്ങളെ ക്രോഡീകരിക്കപ്പെട്ടത് ഉമവിയ്യ ഭരണ കാലത്താണ്. അതും മുആവിയ്യ(റ)ന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഹമാദെന്ന റിപ്പോര്‍ട്ടറാണ് ഈ ഏഴ് കാവ്യങ്ങളെ ക്രോഡീകരിച്ചത്. ഇമ്രുഉല്‍ ഖൈസ്, ത്വറഫത്തുബ്‌നുല്‍ അബ്ദ്, സഹിറുബനു അബീ സല്‍മാ, അംറുബ്‌നു കുല്‍സൂം, ലബീദുബ്‌നു റബീഅ, അന്‍ത്തറത്തുബ്‌നു ശദാദ്, അല്‍ ഹാരിസുബ്‌നു ഹല്‍സത്ത് എന്നീവരുടേതാണ്  മുഅലഖ എന്ന ആ  ഏഴ് കാവ്യങ്ങള്‍.

1 comment:

  1. സ്പെയിൻ സാഹിത്യം ഉണ്ട്?

    ReplyDelete

Popular Posts