1991 ഫെബ്രുവരി 23ലെ രാത്രി ജമ്മു കാശ്മീരിലെ മക്കള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്ത ദിനമാണ്. ഒരൊറ്റ രാത്രിയില്‍ ഇന്ത്യന്‍ ആര്‍മി അഴിച്ചു വിട്ട പീഡനങ്ങളെയും ക്രൂര മര്‍ദ്ദനങ്ങളെയും അയവിറക്കാനുള്ള ഒരു ദിനമായാണ് അവര്‍ക്ക് ഫെബ്രുവരി 23. ഈ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ശ്രീനഗറില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. കാശ്മീരിലെ കുപ്‌വാരാ ജില്ലയില്‍ കുനന്‍, പോസ്‌പോരാ ഗ്രാമങ്ങളിലെ സ്ത്രീകള്‍ അന്ന് അതില്‍ പങ്കെടുത്തു. അവര്‍ 1991 ഫെബ്രുവരി 23 രാത്രി ഇന്ത്യന്‍ ആര്‍മിയിലെ ഒരു കൂട്ടര്‍ അവരുടെ അഭിമാനത്തെയും സ്വകാര്യതയെയും കടന്നാക്രമിച്ചതിനെ കുറിച്ച് പൊതു സമൂഹത്തോട് തുറന്ന് പറയുകയുണ്ടായി.
ലൈംഗികാക്രമണം യുദ്ധങ്ങളിലും അധിനിവേശ മേഖലകളിലും ഒരു നിത്യ സംഭവമാണ്. കാവല്‍ സൈന്യമാണെന്നും കടന്നുകയറ്റക്കാരെ പിടിക്കാന്‍ തിരച്ചില്‍ നടത്താനാണെന്നുമുള്ള വ്യാജേന അന്ന് രാജ്പുതാനാ റൈഫിളിലെ പട്ടാളക്കാര്‍ ഗ്രാമങ്ങളില്‍ പ്രവേശിച്ച് ലൈംഗികാതിക്രമണങ്ങളും പീഡനങ്ങളും വിവിധ മര്‍ദ്ദനമുറകളും പ്രയോഗിച്ചു. 120 ല്‍ അധികം പട്ടാളക്കാര്‍ ഗ്രാമങ്ങള്‍ കൈയേറിയിരുന്നു. തന്റെ കാമ പൂര്‍ത്തീകരണത്തിന് സ്ത്രീകളെ പുരുഷന്മാരില്‍ നിന്നകറ്റി, 13 മുതല്‍ 60 വയസ്സ് വരെയുള്ള 50തോളം സ്ത്രീകളെ മൃഗീയമായി അവര്‍ പീഡിപ്പിച്ചു. ദയാ ദാക്ഷിണ്യം തൊട്ടു തീണ്ടാത്ത ഈ ആര്‍മീ ക്രൂരതകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ചോദ്യം പട്ടാള കാമ്പിലെ പരിശീലനം ഏത് രൂപത്തിലാണ് എന്നതിനെ ചുറ്റിപറ്റിയായിരിക്കും.
പലപ്പോഴും അരോപിക്കപ്പെടാറുള്ള കടന്നുകയറ്റക്കാര്‍ക്ക് അവര്‍ അഭയം നല്‍ക്കുന്നവരാണ് എന്നതിന്റെ പേരില്‍ നടത്തുന്ന അന്വേഷണങ്ങളും അതിക്രമങ്ങളും ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നു. സമാധാനത്തിന് നിയമത്തിന്റെയും നീതിയുടെയും വഴികള്‍ തേടി ഇറങ്ങുന്ന കാശ്മീര്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് പട്ടാളക്കാരുടെ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം ആദ്യമായി ശ്രീനഗറില്‍ ഒരുമിച്ചു കൂടിയ വലിയ ജനസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഇരകളെ ഒരുമിച്ച്കൂട്ടിയത് സയ്യിദ് മുഹമ്മദ് യാസീനായിരുന്നു. അദ്ദേഹം 1991ല്‍ കുപ്വാരയുടെ ഡെപ്യൂട്ടി കമ്മീഷനറായിരുന്നു. സ്ത്രീകളുടെ ദുരവസ്ഥ അറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചു പോയി എന്ന് യാസീന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞത് അവള്‍ പട്ടാളക്കാരുടെ ബൂട്ടുകള്‍ക്കടിയില്‍ കിടന്ന് ഞെരിഞ്ഞമരുമ്പോള്‍ അവളുടെ മകളും മരുമകളും കണ്‍മുന്നില്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. ഗര്‍ഭണിയോടു പോലും അവര്‍ ദയകാണിച്ചിരുന്നില്ല.
2013ലാണ് നീതിക്ക് വേണ്ടി പോരാടിയവരുടെ പരാതികള്‍ വീണ്ടും പുനര്‍ പരിശോധനക്ക് വെച്ചത്. ആ വര്‍ഷവും കാവല്‍ ഭടന്മാര്‍ നടത്തിയ 70 തിലധികം ലൈംഗിക പീഡനങ്ങളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് പുനര്‍ പരിശോധനക്ക് വെക്കാന്‍ തയ്യാറായി എന്നത് കാശ്മീരിലെ പട്ടാളത്തിനെതിരെയുള്ള നീതിക്ക് വേണ്ടി പോരാടിയവരുടെ ഒരു ചെറിയ ചലനംമാത്രമായി കണക്കാക്കാം. ഇരകളെ പ്രതിനിധീകരിച്ച് ജമ്മു കാശ്മീരിലെ മനുഷ്യാവകാശ സംഘടനയായ ജെ. കെ. സി. സി. എസ്സും പോസ്പാര കുനന്‍ ഇരകള്‍ക്ക് വേണ്ടി കാമ്പയിന്‍ നടത്തുന്നവരും കേസുകള്‍ പുനര്‍ പരിശോധിക്കാനും പുനരനേഷണമാവശ്യപ്പെട്ടും 2012ലാണ് പി. ഐ. എല്‍ ഫയല്‍ ചെയ്തതത്.
അന്വേഷണ പ്രക്രിയക്ക് ദീര്‍ഘ കാലം എടുക്കുന്നു എന്നത് ആര്‍മി തടസ്സം നില്‍ക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവാണ്. കൂട്ട മാനഭംഗ കേസില്‍ നീതി തേടിയിറങ്ങിയവര്‍ അനുഭവിക്കുന്ന മനഃപ്രയാസത്തേയും ഈ പുനര്‍ പരിശോധന ഹരജി എങ്ങനെയാണെന്ന് വെളിവാക്കുന്നുണ്ട്. ഇരകള്‍ക്കും അവരുടെ കുടുംബത്തിനും നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണിയും അവഹേളനവും, കുറ്റാരോപിതരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ ആര്‍മിയില്‍ നിന്നുള്ള തടസ്സങ്ങളും, ഇരകളുടെയും സാക്ഷികളുടെയും മൊഴി രേഖപെടുത്തുന്നതില്‍ പൊലീസ് കാണിക്കുന്ന വിമുഖതയും അങ്ങനെ നീണ്ടു പോകുന്നു ഈ ഊരാകുടുക്കുകള്‍. ജമ്മുകാശ്മീരിലെ ഹൈകോടതി, കഴിഞ്ഞ മാസം ഇന്ത്യന്‍ ആര്‍മി ഹരജി ഫൈല്‍ ചെയ്തതില്‍ തുടരന്വേഷണത്തിന് സ്‌റ്റേ പുറപ്പെടീച്ചപ്പോള്‍ കാശ്മീരിലെ കോടതിയിടങ്ങള്‍ 125 പട്ടാളക്കാര്‍ രക്ഷപെടാന്‍ തുനിയുന്നുണ്ടെന്ന് കൂടുതല്‍ വെളിവാക്കിതരുകയായിരുന്നു .
ഇന്ത്യയുടെ ഹൃദയ ഭാഗത്ത് നടന്ന ലൈംഗിക പീഡനത്തെ കുറിച്ച് വളരെ സങ്കടത്തോടെ ഒരു ഇര വിവരിക്കുന്നത് ഇങ്ങനെ. ''ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിന് ഒരു സ്ത്രീ ഇരയായപ്പോള്‍ രാജ്യത്തെ എല്ലാവരും അതിനെതിരെ പ്രതികരിച്ചു. പ്രകടനം നടത്തി. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ എല്ലാവരും നിശബ്ദതയിലാണ്. ഞങ്ങളെ പോലെ മറ്റു സ്ത്രീകളും ഇത്തരം ക്രൂരതക്കിരയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സമ്പത്തോ തൊഴിലോ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് നീതി വേണം. സമരങ്ങളിലൂടെ ഞങ്ങള്‍ കുറ്റാരോപിതരെ വെളിച്ചത് കൊണ്ടുവരാന്‍ ശ്രമിക്കും. കുറ്റക്കാര്‍ക്ക് ശിക്ഷ വിധിക്കുക എന്നതാണ് ഞങ്ങളുടെ അവസാനത്തെ ആഗ്രഹം''. നീതിക്കു വേണ്ടിയുള്ള പ്രതീക്ഷയുടെ ഈ അവസാന കനലും അവരുടെ മാനം കളഞ്ഞവരെ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച തീരുമാനവും എത്ര കാലം നിലനില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ല എന്ന് ഈ വരികളില്‍ നിന്ന് തന്നെ വ്യക്തം.
ലോകത്തെ മറ്റു പ്രശന ബന്ധിത സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാക്ക്രമണം നടക്കുന്നത് കാശ്മീര്‍ താഴ്‌വാരയിലാണ്. അവിടുത്തെ നിയമ നിര്‍മാണത്തിന്റെയും സ്‌റ്റെയ്റ്റ് രൂപീകരണത്തിന്റെയും ഇടയില്‍ തടഞ്ഞുവെച്ച പരാതികളില്‍ ഒരൊറ്റൊന്നിലും നിയമ നടപടികള്‍ സ്വീകരിച്ചതായി കാണാന്‍ സാധിക്കില്ല. 2000ല്‍ ബനിഹാലിലെ ഉമ്മയെയും മകളെയും, 2004ല്‍ ഹാണ്ട്‌വാറിലെ ഉമ്മയെയും മകളെയും പീഡിപ്പിച്ചതില്‍ പട്ടാളക്കാര്‍ കുറ്റക്കാരാണെന്ന് പട്ടാള കോടതി വിധിച്ചത് പിന്നീട് ജമ്മു കാശ്മീര്‍ ഹൈകോടതിയിലെത്തിയപ്പോയേക്കും തകിടംമറിഞ്ഞിരുന്നു. പ്രദേശിക, ദേശീയ, അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ വിവരിക്കുന്നത് ഈ വിഷയത്തില്‍ പൊലീസിന്റെ ഭഗത്തു നിന്ന് പല നടപടി തടസ്സങ്ങളും നേരിടുന്നുണ്ടെന്നും പട്ടാളക്കാര്‍ അനേഷണത്തേയും അറസ്റ്റിനേയും തടയാനുള്ള വിവിധ മാര്‍ഗങ്ങള്‍ അന്വേഷിക്കുണ്ടെന്നുമാണ്.
2004ല്‍ ഡെപ്പ്യൂട്ടി പൊലീസ് സുപ്രണ്ട് ഹാണ്ട്‌വാരയിലെ 15 വയസ്സുകാരിയെയും, 2011ല്‍ ്ഉയര്‍ന്ന ഉദ്യാഗസ്ഥര്‍ മാന്‍സഗാമിലെ 25 വയസ്സുകാരിയെയും പീഡിപ്പിച്ച പല ബലാത്സംഗ കേസുകളും പട്ടാളക്കാരുടെയോ, പൊലീസുകാരുടെയോ, സര്‍ക്കാറുടെയോ ഭീക്ഷണിക്കുമുന്നില്‍ വ്യക്തതയോടെ രേഖപെടുത്താന്‍ പലരും മടിക്കുന്നു. കുനന്‍ പോസ്‌പോര കേസുകളില്‍ ഇന്റലിജന്‍സ് ഉദ്യാഗസ്ഥരും പട്ടാളക്കാരും, അന്വഷണ നടപടികള്‍ക്കിടയില്‍ ഭീക്ഷണിപ്പെടുത്താനും തടസ്സം സൃഷ്ടിക്കാനും പ്രത്യക്ഷമായി പരിശ്രമിച്ചിട്ടുണ്ട് എന്ന് 2013 ജൂണിലെ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പട്ടാളത്തിന് നല്‍കിയ സംശയിക്കുന്നവരെ വെടിവെച്ചു കൊല്ലാനുള്ള പ്രത്യേകാധികാരം, (AFSPA) പീഡിപ്പിച്ച് കൊന്ന ശിക്ഷയില്‍ നിന്ന് നിയമ പരമായി രക്ഷപ്പെടുന്നതിനുള്ള ഒരു പഴുതാണെന്നും പൗരന്മാര്‍ക്ക് രാജ്യം നല്‍കുന്ന സുരക്ഷയും അഭിമാനവും ഏത് പ്രതിസന്ധി ഘട്ടത്തിലും സ്ത്രീകള്‍ക്ക് ഉറപ്പാക്കണമെന്നുമുള്ള വാക്കുകള്‍ പീഡനത്തിനെതിരെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് വര്‍മാ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലുള്ളതാണ്. പട്ടാളക്കാരില്‍ ദേശീയ അഭിമാനം ചാര്‍ത്തുകയും സ്ഥാന കയറ്റം നല്‍കുകയും ചെയ്യുന്ന ഭരണകൂടം ഇനിയെന്നാണാവോ ഈ വിഷയത്തില്‍ കണ്ണു തുറന്നു പ്രവര്‍ത്തിക്കുക.
No comments:
Post a Comment