A blog about health and wealth

1/21/18

മലാഖമാരുടെ ലോകം ഇസ്‌ലാമിക വീക്ഷണത്തില്‍

ഈമാന്‍ കാര്യങ്ങളില്‍ രണ്ടാമതായി എണ്ണുന്ന റബ്ബിന്റെ മലാഇക്കത്തിലുള്ള വിശ്വാസം സത്യവിശ്വാസിക്ക് ഒരുനിലക്കും ഒഴിച്ചു നിര്‍ത്താന്‍ സാധിക്കില്ല.  നേര്‍ത്ത പ്രകാശത്തി(ലത്തീഫിത്തുന്‍ നൂറാനിയ്യ)നാലാണവരെ സൃഷ്ടിക്കപ്പെട്ടത്. ജീവനുള്ളവരും ബുദ്ധിയുള്ളവരുമായ ഇവരില്‍ നിന്ന് മനുഷ്യര്‍ ചെയ്യുന്ന ചെറുദോശങ്ങളൊ വന്‍പാപങ്ങളൊ ഉണ്ടാവില്ല. അല്ലാഹുന്റെ വിധിവിലക്കുകളെ പൂര്‍ണാര്‍പണ ബോധത്തോടെ പിഴവുവരുത്താതെ അനുസരിക്കുന്നവരാണ് മലാഇക്കത്ത്. വാതകം, ദ്രാവകമോ ഘരമോ ആയി പരിണമിക്കും പോലെ മാലാഖമാര്‍ക്ക് ശ്രേംഷ്ടമായ വിവിധ രൂപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും. വിവരമറിയിക്കുന്ന ദൂതന്‍ എന്നതാണ് മലക്കിന്റെ അര്‍ഥം. ആത്മാവുണ്ടെങ്കിലും മനഷ്യരിലെ മരിച്ചവരുടേതല്ലത്. എല്ലാ ആത്മാക്കളെയും പടക്കുന്നതിനു മുമ്പ് മാലാഖമാരെ പടച്ചിട്ടുമുണ്ട്. മാലാഖമാര്‍, വേദഗ്രന്ഥങ്ങള്‍, ദൈവദൂതന്മാര്‍ എന്നീ ക്രമത്തില്‍, വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ പോലെ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്.

മലാഇക്കത്തിലുള്ള വിശ്വാസം

സ്ത്രീ പുരുഷ ലിംഗമില്ലാത്ത മാലാഖമാര്‍ പ്രത്യുല്‍പാദനത്തിനു ശേഷിയില്ലാത്തവരും വൈവാഹിക ജീവിതത്തിലേര്‍പ്പെടാത്തവരുമാണ്. ഇതര മത വിശ്വാസികള്‍ കരുതുന്നതു പോലെ റബ്ബിന്റെ സന്തതികളോ, പങ്കാളികളോ അല്ല. അല്ലാഹുവന്റെ ഇഷ്ട ദാസന്മാര്‍ മാത്രമാണവര്‍. സൃഷ്ടികളില്‍ ഏറ്റവുമധികമുള്ള വിഭാഗവും മലാഇക്കത്താണ്. അവരുടെ എണ്ണം സൃഷ്ടാവിന് മാത്രമേ അറിയൂ. മുഴുസമയവും അല്ലാഹുവിന് ആരാധനയിലായി കഴിയുന്ന മലാഇക്കത്തിന്റെ സാന്നിധ്യമില്ലാത്ത ഒരു സ്ഥലവും വാനലോകത്തില്ല. റുകൂഇലും സുജൂദിലുമായി റബ്ബിനെ ആരാധിക്കുന്ന അനേകായിരം മലാഇക്കത്തുണ്ട്. വിണ്ണിലും മണ്ണിലുമുള്ള സകല ചരാരങ്ങളിലും വ്യത്യസ്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനായി അല്ലാഹു മലാഖമാരെ നിയോഗിച്ചിട്ടുണ്ട്. സസ്യലതാധികളിലും സൂര്യചന്ദ്രനിലും ഗ്രഹ ഉപഗ്രഹങ്ങളിലും ചേദന അചേദന വസ്ത്തുക്കളിലും ഓരോ മഴത്തുള്ളിയിലും വൃക്ഷങ്ങളിലും അവയുടെ ഇലകളിലും മാലാഖമാരുടെ ഇടപെടലുകളുണ്ട്. ഓരോ ഇടങ്ങളിലും കല്‍പ്പിക്കപ്പെട്ട കര്‍മങ്ങളവര്‍ നിര്‍വഹിക്കുന്നു. സൃഷ്ടിക്കും സൃഷ്ടാവിനുമിടയിലെ മധ്യവര്‍ത്തിയാണവര്‍. മാലാഖമാരില്‍ ഉയര്‍ന്ന സ്ഥാനമുള്ളവരും മുര്‍സലീങ്ങള്‍(അ)ക്ക് വഹ്‌യ്( ദിവ്യവെളിപാട്) അറിയിക്കാന്‍ നിര്‍ദേശിക്കപ്പെട്ടവരുമുണ്ട്. ചില മലക്കുകള്‍ ചിലരുടെ ആജ്ഞാനുവര്‍ത്തികളാണ്. ചിന്തോദ്ദീപകമായ വിഷയങ്ങള്‍(ഇല്‍ഹാം) മനുഷ്യന്റെ മനസ്സിലേക്കിടുന്ന ചിലരുമുണ്ട്. റബ്ബിനു മുമ്പില്‍ എല്ലാം മറന്ന ചില മാലാഖമാര്‍ക്ക് മനുഷ്യരെയും ഇതര ജീവജാലങ്ങളെയും തീരെ അറിയില്ല. രണ്ടോ, നാലോ അതിലധികമോ ചിറകുള്ള മാലാഖമാരുണ്ട്. അദൃശ്യ വസ്തുക്കളെ ദൃശ്യ വസ്തുക്കളുമായി  താരതമ്യപ്പെടുത്തുന്ന നാം, മാലാഖമരെ അത്തരം ഒരു വിഗല ധാരണയിലൂടെ വീക്ഷിച്ച് അവരുടെ ചിറക് പറവുകളുടേതു പോലെയാണെന്ന് തെറ്റിധരിക്കരുത്. ചിറകുണ്ടെന്ന് നാം വിശ്വസിക്കുന്നെങ്കിലും ദര്‍ശിക്കാത്തതിനാല്‍ നമുക്കവയുടെ രൂപമോ ഭാവമോ എങ്ങനെയാണെന്നറിയില്ല. പത്രദൃശ്യ മാധ്യമങ്ങളിലും മാഗസിനുകളിലും കാണുന്ന ചിറകുള്ള മാലാഖമാരുടെ ചിത്രത്തിന് യാതൊരു അടിസ്ഥാനവുമില്ല. മുസ്‌ലിംകള്‍ അതുപോലുള്ള ചിത്രങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവരോ അവ വരക്കുന്നവരോ അല്ല.

സ്വര്‍ഗത്തിലും നരകത്തിലുമുള്ള മാലാഖമാര്‍ നിര്‍ദേശിക്കപ്പെട്ട കര്‍മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. സ്വര്‍ഗത്തിലെ മാലാഖമാരില്‍ പ്രമുഖനാണ് രിള്‌വാന്‍(അ). സബാനിയാക്കളെന്നു വിളിക്കുന്ന നരകത്തിലെ മാലാഖമാരില്‍ പ്രമുഖരായ പത്തൊന്‍പതില്‍ മാലിക്ക(അ)ാണ് വലിയവന്‍. ജലം മത്സ്യത്തിന് പ്രശ്‌നമാകാത്തതു പോലെ നരകത്തിലെ മലാഇക്കത്തിന് അഗ്നിയും പ്രശ്‌നമല്ല. നന്മ തിന്മകളെഴുതുവാനായി പ്രഭാതത്തിലും പ്രദോഷത്തിലും ഈരണ്ടു മലക്കു വീതം നാലു പേര്‍ ഓരോ മനുഷ്യനുമുണ്ടാകും. ഇവരെയാണ് കിറാമുന്‍ കാത്തിബൂന്‍ (അല്ലെങ്കില്‍ ഹാഫിളീങ്ങള്‍. കിറാമുന്‍ കാത്തിബൂനല്ല ഹാഫിളീങ്ങളെന്നൊരു അഭിപ്രായവുമുണ്ട്) എന്നു പറയുന്നത്. ഇവരില്‍ വലതു ഭാഗത്തെ മലക്ക് നന്മകളും ഇടതു ഭാഗത്തെ മലക്ക് തിന്മകളും രേഖപ്പടുത്തുന്നു. വലതു ഭാഗത്തെ മലക്ക് കല്‍പ്പിക്കുന്നവ ഇടതു ഭാഗത്തെ മലക്ക് എഴുതുന്നു. ഖബറില്‍ അവിശ്വാസികളെയും കപട വിശ്വാസികളെയും ശിക്ഷിക്കാനും ചോദ്യം ചെയ്യാനും നിയമിക്കപ്പെട്ട മാലാഖമാരാണ് മുന്‍കര്‍, നകീര്‍. സത്യവിശ്വാസികളെ ചോദ്യചെയ്യലിനേല്‍പ്പിക്കപ്പെട്ട വിഭാഗത്തെ മുബശ്ശിറെന്നും ബശീറെന്നും പറയും.

മാലാഖമാരില്‍ ശ്രേഷ്ടസ്ഥാനം കരസ്ഥമാക്കിയവരാണ് യഥാക്രമം ജിബ്‌രീലല്‍, ഇസ്‌റാഫീല്‍, മീക്കാഈല്‍, അസ്‌റാഈല്‍(അ). മുര്‍സലീങ്ങള്‍ക്ക് (അ) വിധിവിലക്കുകളും വഹ്‌യും അറിയിക്കലാണ് ജിബ്‌രീലി(അ)ന്റെ കര്‍ത്തവ്യം. സ്വൂര്‍ എന്ന കാഹളത്തില്‍ ഇരുപ്രാവിശ്യം ഇസ്‌റാഫീല്‍ (അ) ഊതുമ്പോള്‍ ആദ്യ തവണ അല്ലാഹു ഒഴികെയുള്ള ഈ ലോകമഖിലവും നശിക്കും. രണ്ടാമത്തെ ഊത്തില്‍ എല്ലാം പുനര്‍ജീവിപ്പിക്കപ്പെടും. മീകാഈല്‍ (അ) ഇടി, മിന്ന്, കാറ്റ,് മഴ ഉത്പാദിപ്പിച്ച് പ്രകൃതിയെ സമ്പദ് സമൃദ്ധമാക്കുന്നു. അസ്‌റാഈല്‍(അ)ന് മനുഷ്യരുടെ ആത്മാവിനെ പിടിക്കുന്ന ഉത്തരവാധിത്തമാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

മറ്റു മാലാഖമാര്‍ നാലു വിഭാഗമാണ്. അര്‍ശിനെ വഹിക്കുന്ന നാലുപേരുണ്ട്. അവര്‍ ഖിയാത്തു നാളില്‍ എട്ടാകും. മുഖറബീങ്ങളും കറൂബിയൂന്‍ എന്ന ശിക്ഷയുടെ കര്‍ത്തവ്യമേല്‍പ്പിക്കപ്പട്ട മുതിര്‍ന്ന മാലാഖമാരും റൂഹാനിയ്യൂന്‍ എന്ന റഹ്മത്തിന്റെ മാലാഖമാരുമാണ് മറ്റു വിഭാഗങ്ങള്‍. മലക്കുകളിലെ ശ്രേഷ്ടരഥന്മാരായ ഇവര്‍ക്ക് അമ്പിയാ മുര്‍സലീങ്ങളും സ്വാലിഹീങ്ങളും കഴിഞ്ഞാല്‍ ഉയര്‍ന്ന സ്ഥാനമുണ്ട്. ഔലിയാക്കള്‍ക്ക് താഴ്ന്ന വിഭാഗത്തിലുള്ള മലക്കുകളേക്കാള്‍ സ്ഥാന മുണ്ട്. ദോശികളും തെമ്മാടികളുമായ മുസ്‌ലിംകളേക്കാള്‍ സ്ഥാനം താഴ്ന്ന വിഭാഗത്തിലുള്ള മലക്കുകള്‍ക്കാണ്. അവിശ്വാസികളായ ജനതയാണ് ഏറ്റവും തരംതാഴ്ന്നവര്‍.

അന്ത്യനാളില്‍ സ്വൂറെന്ന കാഹളത്തിലൂതുമ്പോള്‍ അര്‍ശിനെ വഹിക്കുന്ന മലക്കുകളും, ശ്രേഷ്ടപദവി കരസ്ഥമാക്കിയ ജിബ്‌രീല്‍, മീകാഈല്‍, ഇസ്‌റാഫീല്‍, അസ്‌റാഈല്‍(അ)ും ഒഴികെയുള്ള എല്ലാ മാലാഖമാരും മരണപ്പെടും. ശേഷമാണ് ഇവരുടെ മൃതി. രണ്ടാം ഊത്തും ശേഷമുള്ളവരുടെ പുനരുദ്ധാരണവും ഈ മാലാഖമാര്‍ പുനര്‍ജനിച്ചതിനു ശേഷമായിരിക്കും.


അവലംബം

പേര്‍ഷ്യന്‍ ഭാഷയില്‍ ഹള്‌റത്ത് മൗലാനാ ഖാലിദ് അല്‍ ബാഗ്ദാദി എഴുതിയ ഗ്രന്ഥത്തിന്റെ അറബീ വിവര്‍ത്തനമായ അല്‍ ഇമാനു വല്‍ ഇസ്‌ലാം എന്നതില്‍ നിന്ന്.         
 

No comments:

Post a Comment

Popular Posts