A blog about health and wealth

12/15/17

അഹ്സനി ഉസ്താദിന്റെ ആ പുഞ്ചിരി

Abdul Kader Ahsani Usthad

അഹ്സനി ഉസ്താദിന്റെ ആ പുഞ്ചിരി



   കന്പ്യൂട്ടറില് വെറുതെ ഫയലുകള് തുറന്നു നോക്കിയതാണ്. അപ്പോയാണ് വര്ഷങ്ങള്ക്ക് മുന്പ് ഞാനെഴുതിയ ഒരു അനുഭവ കുറിപ്പ് കണ്ണില് പെട്ടത്. അന്നൊക്കെ ഓത്തു പള്ളിയിലേക്ക് (രിസാല) ഒരു അനുഭവം എഴുതുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എഴുതി അയച്ചുവെങ്കിലും പ്രസ്ദ്ധീകരിച്ചു വരുന്നത് കണ്ടില്ല. ഇന്നിപ്പോള് മജ്മഇന്റെ പടിയിറങ്ങാന് നേരം അതെടുത്ത് വായിച്ചപ്പോള് മന്സ്സിലെവിടെയോ ഒരു വേര്പാടിന്റെ മുള്ള് തറച്ച പോലെ...

ആ വരികള് ഒരു മാറ്റവുമില്ലാതെ ഇവിടെ പ്രസ്ദ്ധീകരിക്കുന്നു...


ഉസ്താദ് എന്റെ മുഖത്ത് നോക്കി പൊട്ടിചിരിച്ചു. എന്നെ കുറിച്ചുള്ള യാസിറിന്റെ ഫലിതം അത്രക്ക് രസമുള്ളതായിരുന്നോ. എനിക്കറിയില്ല. ഒന്നുറപ്പ്. അതുവരെ നിരാശയില്‍ വരണ്ട മനസ്സകം ആനന്ദമിഴിതുള്ളികളാല്‍ കുളിര്‍മയേറ്റു. പ്രതീക്ഷയുടെ തീരം തൊടാതെ അലഞ്ഞ ഞാന്‍ ആ പുഞ്ചിരി ഒപ്പിയെടുക്കാന്‍ എത്ര നാളായി കൊതിക്കുന്നു. അതിനായ് ഉസ്താദിനോട് എത്ര തവണ സംസാരിച്ചു. ചിരപ്പിച്ചു. എന്നിട്ടും, ഉസ്താദിന്റെ പ്രതികരണം എന്റെ കാതുകള്‍ക്ക് തൃപ്തിയേകിയല്ല. ഞാനേറെ കാലം കണ്ടുകൊണ്ടിരുന്ന ഉസ്താദിന്റെ പുഞ്ചിരിയിലെ സുഖം പിന്നീട്  കിട്ടിയതുമില്ല. ആരൊടെങ്കിലും പറഞ്ഞ് ഈ ഭാരമൊന്നിറക്കി വെക്കണമെന്നുണ്ട്. ആര് കേള്‍ക്കാന്‍. തെറ്റ് എന്റെ പക്ഷത്തല്ലേ. എന്നെ എല്ലാവരും കുറ്റപ്പെടുത്താനാണ് സാധ്യത. കളിയാക്കി ചിരിക്കാനും. ഞാന്‍ ആരോടും പറഞ്ഞില്ല. എല്ലാം മനസ്സിലിട്ടെരിയുമ്പോഴും കൂട്ടുകാര്‍ക്കിടയില്‍ ചിരിച്ച് കളിച്ചു നടന്നു. ഒരു കോമാളിയായി വേഷം കെട്ടുന്നവന്റെ മനോവേദന ഞാനും അനുഭവിച്ചു തുടങ്ങി.

അരീക്കോട് അങ്ങാടിയില്‍ നിന്ന് കുറച്ചകലെ, ശ്വാസം മുട്ടികിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ഉപ്പാന്റെ ഓട്ടോറിക്ഷ വന്നു നിന്നത് ഓട് മേഞ്ഞ ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു. അതായിരുന്നു എന്റെ ഓര്‍മ്മയിലെ മജ്മഅ്. ഇന്നതെല്ലാം മാറി. അങ്ങനെ ഒരു മജ്മഇനെ ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കാനേ സാധിക്കുന്നില്ല. കോണ്‍ഗ്രീറ്റ് കാടുകള്‍ ചുറ്റുവട്ടം തഴച്ച് വളര്‍ന്നിരിക്കുന്നു. അതിനുള്ള തിരക്കിലായിരുന്നു കുറച്ചു കാലം ഞങ്ങളും ഉസ്താദുമാരും. അങ്ങനേയൊരൂ സ്വപനം പൂവണിയാനുള്ള തകൃതിയായ പണി നടക്കുന്ന തിരക്കിനിടയിലും ഉസ്താദിന് എന്റെ മക്കളിലെ എഴുത്തും വായനയും മരിക്കരുതെന്ന വാശിയുണ്ടായിരുന്നു. അതിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളും  ഒരുമിച്ചിരുന്ന് എഴുതിയിറക്കാറുള്ള 'ദ വ്യൂ' കയ്യെഴുത്ത് മാഗസിന്‍ ബാച്ചടിസ്ഥാനത്തില്‍ ഇറക്കണമെന്നും മുഴുവന്‍ കുട്ടികളും അതിലെഴുതിയിരിക്കണമെന്നും മാഗസിനില്‍ മികവു പുലര്‍ത്തുന്ന ബാച്ചിന് അഞ്ഞൂറില്‍ കുറയാത്ത ക്യാഷ് അവാര്‍ഡ് സമാനിക്കുമെന്നും ഉസ്താദ് പറഞ്ഞു. ഞങ്ങള്‍ക്ക് അതില്‍ എന്തും എഴുതാമെന്ന സമ്മതവും തന്നു. ഈ അവസരം മുതലെടുത്ത് ഞാന്‍ അസറിനും ഇശാഇനും ശേഷം സംഘടിപ്പിക്കാറുള്ള പത്ത് മിനുറ്റ് ഭാഷ പ്രസംഗവും ഞങ്ങളുടെ സംഘടനയായ എം.എസ്.എയുടെ നേതൃത്വത്തില്‍ ആഴ്ച്ചകളില്‍ നടത്താറുള്ള രണ്ട് ഫങ്ഷനേയും ചേര്‍ത്ത് ഒരു ഹാസ്യ കവിത എഴുതി. എന്റെ കൂട്ടുകാരില്‍ ചിലര്‍ ഇത് പോലുള്ള ചില വിഷയങ്ങളെടുത്ത് ലേഖനകളും കവിതകളും രചിച്ചു. ഉസ്താദിത് വായിക്കാന്‍ സാധ്യതയില്ലെന്ന് മിഥ്യധാരണയിലായിരുന്നു ഈ ഒത്തുകളി.
ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ തെറ്റിധാരണകള്‍ക്ക് തിരുത്ത് കുറിച്ച് ബൈത്തുസ്സലാമിന്റെ ബോര്‍ഡില്‍ ഒരു കുറിപ്പ് 'ആനപ്പുറത്ത് പോവണം അങ്ങാടിയിലൂടെയാകണം, നട്ടുച്ചക്കാവണം, ആരും കാണകയും അരുത്. നാളെ രാവിലെ എട്ട് മണിക്ക് ഇജ്തിമാഅ്'. എന്താണിത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലര്‍ പറഞ്ഞു 'ദ വ്യൂ'. ചിലര്‍ മറ്റുചില അഭിപ്രായങ്ങളും ആരാഞ്ഞു. അന്നത്തെ ചര്‍ച്ച വിഷയം ദ വ്യൂ മാഗസിനായിരുന്നു. ഞങ്ങളുടെ ധാരണ പിശകുകള്‍ ഉസ്താദ് തിരുത്തി തന്നു. ഇജ്തിമാഇല്‍ മൂക സാക്ഷിത്വം വഹിച്ച ഞങ്ങള്‍ക്ക് അളവറ്റ കുറ്റബോധം തോന്നി. മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഞങ്ങള്‍ ഇജിതിമാഅ് കഴിഞ്ഞയുടനെ മാഗസിനില്‍ നിന്നത് കീറിക്കളഞ്ഞു. കുറ്റകൃത്യത്തില്‍ കനലെരിയുന്ന ഖല്‍ബുമായ് ഞാന്‍ ഉസ്താദിനരികില്‍ ചെന്ന് മാപ്പു പറഞ്ഞു. കേട്ടഭാവം നടിക്കാതെ ഉസ്താദ് ഇക്കിളിപ്പെടുത്തി എന്നെ റൂമില്‍ നിന്ന് ഓടിച്ചു.
നാട്ടില്‍ നിന്ന് തിരിച്ച്‌വരുമ്പോള്‍ ഉസ്താദ്മാരെ കണ്ടിട്ടെ കാമ്പസില്‍ പ്രവേശിക്കാവൂ. വീട്ടില്‍ പെങ്ങളുടെ കല്യാണത്തിന്റെ പണിത്തിരക്കിനിടയില്‍ നാട്ടിലെ അവധി കഴിഞ്ഞ് കോളേജിലേക്ക് പറഞ്ഞ സമയത്തിലും അല്‍പം വൈകിയാണ് എത്തിയത്. വൈകിയതിന്റെ കാരണം ബോധിപ്പിച്ചാല്‍ തീരാവുന്ന ഈ കൊച്ചു പ്രശനത്തിന് ഉസ്താദ്മരെ കാണാതെ അകത്ത് കയറി. എന്തിനായിരുന്നു അങ്ങനെയൊരു കുസൃതിയൊപ്പിച്ചതെന്ന മനസാക്ഷികുത്തിന്റെ ചോദ്യത്തിന് എനക്കിപ്പോഴും തലകുനിച്ച് നില്‍ക്കാനേ അറിയൂ. വേണ്ടിയില്ലായിരുന്നു എന്ന ഉള്‍വിളിയുടെ പ്രദിധ്വനിയാണിപ്പോഴും മനസ്സകത്ത്. ആരേയും കാണാതെ കാമ്പസിനകത്ത് പ്രവേശിച്ചപ്പോഴാണ് അമളി പറ്റിയതറിഞ്ഞത്. കാമ്പസില്‍ മൊബൈല്‍ നിരോധിച്ചതിനാല്‍ ഫോണ് ഉസ്താദിന്റെ അടുക്കല്‍ കൊടുക്കല്‍ നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ തൊണ്ടിസഹിതം പിടികൂടിയാല്‍ മൊബൈല്‍ കണ്ട്‌കെട്ടും. എനിക്കതിനുള്ള തക്കതായ ശിക്ഷയും കിട്ടും. മറ്റുള്ളവരെല്ലാം മൊബൈല്‍ ഉസ്താദിന്റെയടുക്കല്‍ കൊടുത്തിട്ടുണ്ട്. ഞാന്‍ മാത്രം ബാക്കി. ഞാന്‍ ഫോണ്‍ വച്ചില്ല. മുന്നാമത്തെ ദിവസം ഞങ്ങളുടെ റൂമില്‍ ഉസ്താദിന്റെ ചെക്കിംഗ് നടന്നു. പിന്നെയെല്ലാം മേല്‍പ്രസ്താവിച്ചത് പ്രകാരം മുറപോലെ നടന്നു. ഫോണ്‍ പിടിക്കപ്പെട്ടു. ഉസ്താദാണെങ്കില്‍ പിന്നീട് എന്നോട് മിണ്ടിയില്ല. പോയകാലത്ത് ഞാന്‍ ഒപ്പിയെടുത്ത ഉസ്താദിന്റെ കളിചിരിയെല്ലാം ഏതോ സ്വപനലോകത്ത് മാത്രം കിട്ടുന്ന അമൃത് പോലെ. മറ്റു ഉസ്താദുമാരുടെ മുന്നിലും ഞാന്‍ തെറ്റുകാരനായി. പാരന്‍സ് മീറ്റിങ്ങില്‍ നടന്നതെല്ലാം മറ്റൊരു ഉസ്താദ് ഉപ്പാനോട് പറഞ്ഞു. ഉപ്പക്ക് എന്റെ അന്നത്തെ സാഹചര്യം അറിയുന്നതിനാല്‍ ശകാരിച്ചില്ല. ഭാഗ്യം. അഹ്ഉസനി സ്താദിന്റെ വടിയില്ലാതെയുള്ള ഈ ശിക്ഷണമെന്നാലും എനിക്ക് നന്നായി ബോധിച്ചു. വിചാരണ കോടതിയില്‍ സ്വയം കുറ്റമേറ്റുപറയുന്നവന്റെ മനം നോവു പോലെ എന്റെ മനസ്സ് സങ്കടക്കടലില്‍ ഇളകി മറിഞ്ഞു. കുറ്റബോധത്തിന്റെ വേലിയേറ്റവും വേലിയിറക്കവും നന്നായി അനുഭവിച്ചു. വെന്തുരുകുന്ന ഹൃത്തടവും ഈറനണയുന്ന നയനങ്ങളും ഉസ്താദിന്റെ പിണക്കം നീണ്ടുപോവാതിരക്കാനുള്ള പോംവഴി തേടി അലഞ്ഞു.
Abdul Kader Ahsani Usthad
പ്രിയകൂട്ടുകാരന്‍, യാസിറിന്റെ വല്ല്യുമ്മ മരിച്ച ദിവസം. വടശ്ശേരി ഉസ്താദിന്റെ സംഘടനയില്‍ സജീവമാകുന്നില്ല എന്ന പരാതിക്ക് അറുതിവരുത്തണമെന്ന് തീരുമാനിച്ചുറച്ച്  മടിയനായ ഞാനും മറ്റു സംഘാടകരുടെ കൂടെ മഗ്‌രിബ് നിസ്‌ക്കാര ശേഷം യാസിറിന്റെ വീട്ടിലേക്ക് തിരിച്ചു. തഹ്‌ലീലും ദൂആയും കഴിഞ്ഞ് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ഖാദിസിയ്യഃ പള്ളിക്കരികിലെ വീട്ടുകാരന്‍ രോഗിയായി മരിച്ചതറിഞ്ഞത്. അവിടെയും സന്ദര്‍ശിച്ച് പോയാല്‍ മതി എന്ന് എല്ലാവരും തീരുമാനിച്ചു. ഓട്ടോറിക്ഷയും ബൈക്കുകളുമെടുത്ത് എല്ലാവരും അവിടെയെത്തി. ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങുന്നത് കണ്ട് കാര്യം മനസ്സിലാക്കിയ മരണവീട്ടില്‍ നിന്നൊരാള്‍ വിളിച്ചുപറഞ്ഞു ''മരിച്ചിട്ടില്ല''. ''ഇല്ലേ''. ''ഇല്ല''. ഞങ്ങള്‍ വണ്ടിയില്‍ കയറി വേഗം സ്ഥലം വിട്ടു. പലരും പിറുപിറുത്തു. നമുക്ക് രോഗശമനത്തിന് ദുആ ചെയ്യാമായിരുന്നു. അപ്രതീക്ഷിത സംഭവത്തിന് ഇയായ ഞങ്ങള്‍ക്കത് അന്നേരം ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല. കോളേജിലെത്തിയപ്പോള്‍ അടിമുടി വിടാതെ സംഭവിച്ചതെല്ലാം ക്ലാസിലിരുന്ന് യാസിര്‍ ഉസ്താദിന് പറഞ്ഞ് കൊടുത്തു. വിവരിക്കുന്നത് കേട്ട് എന്റെ മുഖത്ത് നോക്കി ഉസ്താദ് പൊട്ടിചിരിച്ചു. ഞാനതുവരെ കൊതിച്ച അതേ ചിരി. എന്റെ മനം കുളിര്‍ത്ത പുഞ്ചിരി. നീണ്ട നാളുകള്‍ക്ക് ശേഷം വീണു കിട്ടിയ ആ പുതുപുഞ്ചിരിചിരിയിലെ ആത്മനിര്‍വൃതി വിവരിക്കാന്‍ ക്ഷമിക്കണം, എനിക്ക് കഴിയില്ല.

2 comments:

Popular Posts