A blog about health and wealth

2/7/18

വിശുദ്ധമാസത്തില്‍ പ്രതിരോധത്തിനൊരുങ്ങുക...


ശുദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി  തീരും മുമ്പേ എന്തും നാം കഴുകി ശുദ്ധിയാക്കാറുണ്ട്. കുളിച്ചും വസ്ത്രമലക്കിയും അടിച്ചുവാരിയും തുടച്ചും വൃത്തിയാക്കുന്ന നാം ഭൗതികമായ ശുദ്ധി മാത്രമല്ല ഇവകൊണ്ട് പ്രതീക്ഷിക്കാറുള്ളത്.  അഴുക്കുകള്‍ കാണുമ്പോള്‍  മുശിപ്പിലാവുന്ന മനസ്സിനൊരു അത്മശമനം ലഭിക്കണമെങ്കില്‍ ഭൗതികമായ ഇത്തരം ശുചീകരണങ്ങള്‍ കൂടിയേ തീരൂ.  

നെറികേടുളുടെയും അശ്ലീലങ്ങളുടെയും ചേറും ചെളിയും പുരണ്ട മനസ്സ് വിശുദ്ധ റമളാനില്‍ ആത്മീയയാത്രക്കൊരുങ്ങുമ്പോള്‍, മുന്നോടിയായി കടന്നു വന്ന റജബിലും ശഅബാനിലും വീടും പരിസരവും നാം നനച്ചു കുളി നടത്തിയിരുന്നു. അത് ഇത്തരമൊരു അനുഭൂതി റമളാനിലെ അരാധനകളിലും കടന്നു വരാനാണ്. ചുറ്റുപാടിലെ അസ്വാരസ്യങ്ങളും തെമ്മാടിത്തരങ്ങളും കണ്ടു ഇബാദത്തിലേര്‍പ്പെടുമ്പോള്‍ മനസ്സിന് ആത്മസംതൃപ്ത്തി നേടാന്‍ സാധിക്കാറില്ല. മനസാക്ഷിക്കുത്ത് വീണ്ടും വീണ്ടും നമ്മോട് അതിനെ കുറിച്ച് വേവലാതി പറഞ്ഞുകൊണ്ടിരിക്കും.     

തിന്മകളുടെ ബഹളങ്ങളില്‍ നിന്നു മാറിനില്‍ക്കാന്‍ മനസ്സിനെ പരുവപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്‌ലാം വിശ്വാസികളോട് കല്‍പിക്കുന്നു. ഒത്തുവരുന്ന സാഹചര്യങ്ങള്‍, മനസ്സിനെ ദുഷ്‌പ്രേരണകളാല്‍ അപകടത്തില്‍ പെടുത്തുമെന്നത് വാസ്തവമാണ്. നേരും നെറിയും സത്യവും മിഥ്യയും പൈശാചിക പ്രേരണകളാല്‍ പലരിലും ആടിയുലയും. സത്യാശ്ശേഷണത്തിന് ഭാഗ്യം ലഭിച്ചവര്‍ മാത്രം അതിജീവിക്കും. ഭൗതിക ലോകത്തെ പരിമിതമായ കാലയളവിനുള്ളില്‍ മാലിന്യങ്ങള്‍ അള്ളിപ്പിടിക്കാത്ത, ഹറാമിന്റെ കലയും പാടും ചേറുമില്ലാത്ത ശുദ്ധീകരിച്ച ഹൃദയങ്ങളുമായി നാം ജീവിക്കേണ്ടതുണ്ട്. ഇല്ലെങ്കിലവ കാലാന്തരങ്ങളില്‍ കുറുകിക്കൂടി ഘനീഭവിച്ചു കനിവും ആര്‍ദ്രതയും അന്യമായ മനസ്സാക്കി മാറ്റും.

ലക്ഷ്യം പരലോകമാവലാണ് മുസ്‌ലിമിന്റെ മുഖമുദ്ര. ഉറക്കവും ഉണര്‍വും തീനും കുടിയും സകലമാന ചലന നിശ്ചലനങ്ങളും പരലോക വിജയത്തിന് വിഘാതമാവാത്ത വിധമായിരിക്കണം. പ്രധാനപ്പെട്ട അഞ്ച് അനുഷ്ഠാന കര്‍മങ്ങളും ആറ് വിശ്വാസ കാര്യങ്ങളും മതം വിഭാവനം ചെയ്യുന്നുണ്ട്. അനുഷ്ഠാന കര്‍മങ്ങളും വിശ്വാസ കാര്യങ്ങളും ആത്യന്തിക ശുദ്ധി കൈവരിക്കാന്‍ വേണ്ടിയുള്ളതാണ്. നിസ്‌കാരവും ഹജ്ജും സകാത്തുമെല്ലാം അനുഷ്ഠാനങ്ങളുടെ ഭാഗമെങ്കിലും ശുദ്ധീകരണ പ്രക്രിയയില്‍ നോമ്പിന്റെ സ്ഥാനം പ്രധാനമാണ്. റബിന്റെ പ്രതിഫലം ലഭിക്കുമെന്ന് പ്രത്യേകം ഊന്നി പറഞ്ഞ കര്‍മ്മമാണ് വൃതം.

വൃതമൊരു പ്രതിരോധമാണ്. സ്രഷ്ടാവിന് ഏറ്റവും തൃപ്തിയുള്ള പോരാട്ടം. തിന്മയുടെ അഴുക്കു ചാലിലേക്ക് തള്ളിയിട്ട് കൊഞ്ഞനം കുത്തി കളിയാക്കുന്ന അസുര വിത്തായസാത്താനെതിരെയുള്ള സന്തിയില്ലാ സമരം. എല്ലാ അനീതികള്‍ക്കും കൂട്ട് നിന്ന് ന്യായം തേടുന്ന ദേഹേച്ഛയോടുള്ള റസൂലരുളിയ ജിഹാദ്. തിന്മയുടെ വാതായനങ്ങള്‍ കൊട്ടിയടച്ചു സാക്ഷയിട്ടു തന്നിട്ടും ചെകുത്താനോടും ദേഹേച്ഛയോടുമുള്ള ഈ സമരപ്രഖ്യാപനത്തില്‍ നിരാഹാരസമരം മാത്രമാണു കൊതിച്ചതെങ്കില്‍ അവര്‍ നാഥന്റെ സന്നധിയില്‍ പട്ടിണി കിടക്കുന്നവര്‍ മാത്രമാണ്. ശരീരികേച്ഛകളിലഭിരമിച്ച ഇവര്‍ പരാജയം സ്വയമേറ്റു പറഞ്ഞ ജിഹാദികളാണ്.  

പതിനൊന്ന് മാസക്കാലം സുഭിക്ഷമായി ജീവിച്ചിരുന്ന ജനത്തെ പട്ടിണിയിലിടാന്‍ വേണ്ടി മാത്രമല്ല, നാഥന്‍ നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഒരു വര്‍ഷത്തെ സാധാരണ ജീവിത വ്യവഹാരങ്ങളിലൂടെ നമുക്കുമേല്‍ അള്ളിപ്പിടിച്ചിരിക്കുന്ന കലയും കറയും കഴുകിത്തുടക്കാന്‍ ഒരവസരം കൂടിയാണിത്.

മനുഷ്യന്റെ ജയാപചയങ്ങളില്‍ നാവിന് ശക്തമായ സ്വാധീനമുണ്ട്. നമ്മെ വിജയിയായി സ്വര്‍ഗത്തിലേക്കെത്തിക്കുന്നതില്‍ സുപ്രധാനമായൊരു പങ്കുവഹിക്കുന്നത് നാവാണ്. നരകക്കുണ്ടില്‍ അധഃപതിക്കാന്‍ കാരണമാവുന്നതിലും പ്രധാനം ഈ അവയവം തന്നെ. 

കണ്ണിന്റെയും കാതിന്റെയും കാര്യവും തഥൈവ. നമുക്കു ചുറ്റും ഹറാമായ കാഴ്ചകള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ചങ്കുറപ്പുള്ളവനായാലും കാലിടറന്നു അവസ്ഥ. വിവരസാങ്കേതിക വിദ്യയുടെ മേഖലകളിലേക്ക് കാലെടുത്തു വച്ചതോടെ പരിസരബോധവും നഷ്ടപ്പെട്ടു. കാമകേളികള്‍ രമിക്കുന്നവര്‍ക്ക് സ്ഥാനവും മാനവും നല്‍കി ആധരിക്കുന്ന പശ്ചാതല ചിത്രീകരണങ്ങളാല്‍ വിവര്‍ണ്ണമായ പരിസരം. മനുഷ്യത്ത്വത്തിന്റെ ആവിര്‍ഭാവവും തിരോഭാവവും എന്തെന്നറിയാതെ പോകുന്ന ജനത. എഫ്ബിയിലും വാഡ്‌സ് അപ്പിലുമെല്ലാം മനസ്സിനെ മരവിപ്പിക്കാനുള്ള വിശാലമായ അവസരങ്ങള്‍ വര്‍ധിച്ചുവരുന്നതിന് നാം ദൃസാക്ഷികളായി.  എന്തും എഴുതിയും വരച്ചും ടാഗ് ചെയുതും ചുറ്റുവട്ടത്തിലെ തെറിയഭിഷേകങ്ങളുടെയും അശ്ലീലങ്ങളുടെയും ചളിക്കുഴിയിലേക്ക് വഴുതി വീഴാറുള്ള നാം കഴിഞ്ഞ പതിനൊന്ന് മാസം പോലെ ഒരു മാസമായി ഈ വിശുദ്ധ മാസവും കാണരുത്. മനസ്സില്‍ പുരണ്ട ചളിയും കറയും കഴുകി ശുദ്ധിയാക്കാന്‍ പിന്നെ തീരെ അവസരമില്ലാതെ വരും. 

വീടിലെ പൂമുഖത്തിരിക്കുന്ന ടി.വി വിശുദ്ധ മാസത്തില്‍ തട്ടും പുറത്തോ ഏതെങ്കിലും മുക്ക് മൂലയിലോ പലരും ഒളിപ്പിച്ചുവെച്ചേക്കാറുണ്ട്. നല്ലതു തന്നെ. പക്ഷേ, കയ്യിലിരിരിക്കുന്ന ഫോണോടുള്ള പ്രിയം അപ്പോയും അവര്‍ മറച്ചുവെക്കുന്നു. അതില്‍ കാണുന്നതെല്ലാം ഹലാലാണെന്നാണ് ചിലരുടെ ധാരണ. വിശിശ്യ എഫ്ബിയിലും വാഡ്‌സപ്പിലും കാണുന്ന വീഡിയോകള്‍. ഹലാലാണെന്ന് പറഞ്ഞ് പറ്റിച്ച സകല തിന്മകളുടെയും ആഭാസങ്ങളുടെയും ചേരുവള്‍ ചേര്‍ത്ത ടെലിഫിലിമുകള്‍ ഇന്ന് മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാണ്. ഈ സാഹചര്യങ്ങളിലെല്ലാം ഒളിമറകളിലും ഇരുളിന്റെ ചുളിവുകളിലും  ചെയ്തുകൂട്ടുന്ന തിന്മകള്‍ ആരും കാണുകയില്ലെന്ന് ഇടക്കിടക്ക് മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കും. ആത്മവചനയിലുഴയുന്ന മനുഷ്യനെ കണ്ടു ആര്‍ത്തു ചിരിക്കുന്ന ചെകുത്താന്‍  കാതിലോതുന്ന ഒരോരോ തലയണ മന്ത്രങ്ങളാണിവ. നീ കാണുന്നില്ലെങ്കിലും റബ് നിന്നെ കാണുന്നുണ്ടെന്ന വിശ്വാസത്തോടെ ജീവിക്കണമെന്ന നബി (സ്വ) വചനം മുറുകെ പിടിക്കാത്തവരിവിടെ ഇടറുക തന്നെ ചെയ്യും.

അല്ലാഹു നിര്‍ണയിച്ച പരിധിക്കകത്ത് സൂക്ഷമതയോടെ ജീവിക്കുമ്പോഴാണ് പൂര്‍ണ വിജയം സാധ്യമാവുക. കണ്ണും ഖല്‍ബും നാവും പിഴക്കാത്ത വഴികളിലൂടെ മാത്രം ചലിപ്പിച്ച് നെറികേടുകളെ തള്ളിമാറ്റി ശിഷ്ടകാല ജീവിതത്തിന് നേര്‍രേഖ വരക്കാനാണ് വിശുദ്ധ റമളാന്‍. രണ്ടു മാസത്തോളം നഥനോട് ഇരന്ന് കാത്തിരുന്നതും ഈ പുണ്യ മാസത്തെ വരവേല്‍ക്കാനാണ്. ഈ വരവേല്‍പ്പിന് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെ വലിയ ഇബാദത്തത്രെ. 

സുബ്ഹി മുതല്‍ സൂര്യാസ്തമയം വരെ അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതിന് മികച്ച ഗുണങ്ങളുണ്ട്. ദേഹേച്ഛ തടയുന്നതില്‍ വിശപ്പിന് വലിയ സ്വാധീനമുള്ളത് കൊണ്ടാണ് വിവാഹത്തിന് കഴിവില്ലാത്തവന്‍ നോമ്പെടുത്ത് വികാരങ്ങള്‍ അടക്കിവെക്കാന്‍ കല്‍പിച്ചത്. ശരീരത്തെ തിന്മയിലേക്ക് പ്രലോഭിപ്പിക്കുന്നത് അതിന്റെ ശക്തിയും ഊര്‍ജസ്വലതയുമാണ്. റസൂല്‍(സ്വ) വയറിന്റെ മൂന്നിലൊന്നു മാത്രം ഭുജിക്കാന്‍ നിര്‍ദേശിച്ചതും ഇത്‌കൊണ്ടുതന്നെ. വയറ് നിറക്കലിനെ ശഹ്‌വത്തി(വികാരം)ന്റെ ഉറവിടമായാണ് പണ്ഡിതന്മാര്‍ എണ്ണിയത്. ഇതിനെതിരെയുള്ള ശക്തമായ പോരാട്ടമാണ് വിശപ്പ്. തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങളിലെല്ലാം ഏറെ വിശപ്പിന്റെ ഗുണവിവരണത്തിനായി മാറ്റിവെച്ചതു കാണാം.

പുരാണങ്ങളിലെ ഋഷിമാരും സന്യാസിമാരും ദിവസങ്ങള്‍ പട്ടിണി കിടന്നതായി പരാമര്‍ശമുണ്ട്. അവരുടെ വീക്ഷണത്തിലും വിശപ്പ് ആത്മീയതയുടെ അന്തസത്തയും വികാരങ്ങളുടെ അന്തകനുമാണ്. ആരോഗ്യം ക്ഷയിക്കുകയും ജോലിക്ക് തടസ്സമാവുകയും ചെയ്യുമെന്ന് മുടന്തന്‍ ന്യായങ്ങള്‍ എഴുന്നള്ളിച്ച് നോമ്പുപേക്ഷിക്കുകയാണെങ്കില്‍ പരാജയം തന്നെ ഫലം.

റമളാന്‍ ഖുര്‍ആനിന്റെ മാസവുമാണ്.  ഖുര്‍ആന്‍ പാരായണമായിരിക്കണം ഈ മാസം നമ്മുടെ പകലന്തികളെ സജീവമാക്കേണ്ടത്. കറയും ചെളിയും പുരണ്ടു ഘനീഭവിച്ചു കിടക്കുന്ന മനസ്സില്‍ ആര്‍ദ്രതയുടെ നീരുറവ പൊട്ടാന്‍ പലപ്പോഴും ഖുര്‍ആന്‍ അവസരമൊരുക്കാറുണ്ട്. മുന്‍ഗാമികളായ മഹാത്മാക്കളെല്ലാം ഖുര്‍ആന്‍ പാരായണത്തില്‍ ഏറെ ശ്രദ്ധയൂന്നിയിരുന്നു. റമളാനല്ലാത്ത രാപകലുകളില്‍ ദിവസവും ഒരു ഖതം ഓതിത്തീര്‍ത്തിരുന്ന ഇമാം ശാഫിഈ(റ) റമളാന്‍ മാസത്തില്‍ രണ്ടു ഖതം തീര്‍ത്തിരുന്നുവെന്നു ചരിത്രം. ഖുര്‍ആനിലെ ഒരക്ഷരത്തിന് മറ്റു മാസങ്ങളില്‍ പത്തിരട്ടി പ്രതിഫലം നല്‍കുമെങ്കില്‍ അതിന്റെയും പതിന്മടങ്ങാണ് ഈ മാസത്തില്‍ ലഭ്യമാവുക. എന്നിട്ടും ഖുര്‍ആന്‍ പഠിക്കാനും ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും വിശാലമായി പാരായണം ചെയ്യാനും സന്നദ്ധമല്ലെങ്കില്‍ നഷ്ടം തന്നെ.

രാപകലുകള്‍ മണ്ണിനോട് മല്ലിടുന്ന ഒരു കര്‍ഷകന്‍, ദുരിതങ്ങള്‍ മാത്രമാണയാള്‍ക്ക് കൂട്ട്. അങ്ങനെയിരിക്കെ അയാള്‍ക്കൊരു നിധി ലഭിക്കുന്നുവെങ്കില്‍ അയാളുടെ ശിഷ്ട ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എത്ര അത്ഭുതകരമായിരിക്കും. അതയാളെ എത്ര സന്തോഷിപ്പിക്കും. ലൈലതുല്‍ ഖദ്ര്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതിലുപരി ആനന്ദമാണ് പകരുക. ജീവിതത്തില്‍ ഒരു തവണ അതിനു സാക്ഷിയായാല്‍ കാലം മുഴുവന്‍ സൗഭാഗ്യപൂര്‍ണമായിരിക്കും. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ആ അപൂര്‍വ രാവിനു പ്രതീക്ഷാപൂര്‍വം നാം കാത്തിരിക്കണം. ഉള്ളില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന കാടത്തങ്ങളെ കുടഞ്ഞെറിഞ്ഞു റമളാന്റെ രാവുകളിലെല്ലാം റബിനോട് തൗബ തേടി കേഴണം.

സുന്നത്തുകള്‍ക്ക് ഫര്‍ളുകളുടെ പ്രതിഫലവും ഫര്‍ളുകള്‍ക്ക് പലമടങ്ങ് പുണ്യങ്ങളും ലഭിക്കുന്ന റമളാനില്‍ ഭാവി ജീവിതത്തിനു പാഥേയമൊരുക്കുന്ന സല്‍കര്‍മങ്ങള്‍ ചെയ്തുവേണം ധന്യരാവാന്‍. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും മൂന്നു പത്തുകളിലും ബദ്ര്‍ ശുഹദാക്കളുടെ പവിത്ര സ്മരണകളുറങ്ങുന്ന ദിനത്തിലും ഖദ്‌റിന്റെ സാധ്യതാ രാവുകളിലും വിളവിറക്കി നളേക്ക് വേണ്ട നല്ലൊരു കൊയ്ത്തിന് കാത്തിരിക്കുക, വിശുദ്ധി നേടിയ മണ്ണും മനസ്സുമായി.
    

No comments:

Post a Comment

Popular Posts