A blog about health and wealth

2/23/18

അരാണ് മുത്ത് നബി(സ്വ)യെ കിനാവ്‌ കാണാന്‍ കൊതിക്കാത്തത്..!


അരാണ് മുത്ത് നബി(സ്വ)യെ കാണാന്‍ കൊതിക്കാത്തത്..! മദീന മലര്‍വാടിയിലെ തിരുദൂത(സ്വ)യെ ഒരു നോക്ക് കിനാവിലെങ്കിലും കാണാന്‍ കൊതിക്കാത്തവര്‍ ആരാണുള്ളത്. പ്രവാചകത്വത്തിന്റെ നാല്‍പത്തിയാറ് ആംശങ്ങളിലൊന്നാണ് സ്വപ്നം (ബുഖാരി). ജീവിത കാലത്ത് പൂമുത്തിനെ  കണ്‍ കുളിര്‍ക്കെ കാണാന്‍ നാമന്നുണ്ടായിരുന്നില്ല. എന്നാല്‍ സ്വപ്നത്തിലെങ്കിലും കാണുവാന്‍... അതിനും സാധിക്കുന്നില്ലായെങ്കില്‍ നാം എത്ര ഹതഭാഗ്യരാണ്. കിനാവില്‍ ഹബീബിനെ വരവേല്‍ക്കാന്‍ സ്വലാത്തുകളും സ്വലാമുകളും ചൊല്ലി കിടന്നുറങ്ങുന്നവര്‍ എത്ര പേരാണ്. അവരില്‍ പലരും കൊതി തീരാകണ്ടു പുളകം കൊണ്ടു. വീണ്ടും വാരുവാന്‍ കാത്ത് കിടക്കുന്നു. പക്ഷേ, നാം... നാം ഇന്നേവരെ അങ്ങനെയുള്ള വല്ലതും അലോചിച്ചിരുന്നോ... അതിനു വേണ്ടി വല്ല കര്‍മവും ചെയ്തുനോക്കിയോ... അല്ലെങ്കില്‍, എപ്പോഴെങ്കിലും മുത്ത് ഹബിബിനെ കാണാന്‍ കൊതിച്ചിരുന്നോ... ഇനി കൊതിച്ചു അതിനുവേണ്ടി സ്വലാത്തും സ്വലാമും ഏറെ ചൊല്ലി കിടന്നാല്‍ തന്നെ, മിഴി ജാലകം പതിയെ അടയുമ്പോള്‍ നെറികേടുകളുടെ ഇരുളടഞ്ഞ ചുഴിയില്‍ വീണ് വേപതു കൊള്ളുകയായിരിക്കില്ലേ മനസ്സ്. അതാണ് നമ്മുടെ സ്വപ്നം. ഹബീബിന്റെ പൂമുഖം കാണാന്‍ കൊതിച്ച് കിടന്ന നാം കാണുന്ന കിനാവ്.

മിക്ക സമയത്തും മയങ്ങാന്‍ കിടന്നാല്‍ സ്വപ്നലോകത്തേക്കുള്ള പ്രയാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇതി വൃത്തമില്ലാത്ത ദൃശ്യ ബിംബങ്ങള്‍ ഒരുപാട് കടന്നു വരുന്നത് നാം അറിയുന്നുണ്ടാകും. എന്നാലും ആ നിമിഷത്തിലെങ്കിലും ആരംബ പൂവിനെ കാണാന്‍ നാം കൊതിക്കാറുണ്ടോ? ഇല്ല എന്നു പറയാന്‍ വിമുകത കാണിക്കുന്നുണ്ടെങ്കിലും മനസ് മന്ത്രിക്കുന്നില്ലെ... സത്യം അതാണെന്ന് പറയാന്‍. ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം നിദ്രക്കായി ചിലവഴിക്കുന്ന നാം എന്നിട്ടും എന്തുകൊണ്ട് ഹബീബിനു വേണ്ടി ഒരു നിദ്രയെങ്കിലും മാറ്റി വെച്ചില്ല. പോട്ടെ,... അതില്‍ വിടരുന്ന സ്വപ്നങ്ങള്‍ക്കു  വേണ്ടി ചിലവഴിക്കുന്ന സമയം ഒന്നോ രണ്ടോ മണിക്കൂറുണ്ടായിട്ടും ഒരു രാത്രിയില്‍ നാലു മുതല്‍  ഏഴു വരെയുള്ള സ്വപ്നങ്ങള്‍ കണ്ടിട്ടും ഹബീബുള്ള ഒരു കിനാവു പോലും നമുക്ക് കാണാന്‍ സാധിക്കുന്നില്ല.  മിക്കവാറും ഉണരുന്നതിന് മുമ്പുള്ള സ്വപ്നങ്ങള്‍ മാത്രമാണ് നാം  ഓര്‍ക്കാറുള്ളത്. അപ്പാള്‍, അതിനു മുമ്പ് പ്രദര്‍ശിപ്പിക്കപ്പെട്ട കിനാവുകളില്‍ ഹബീബു വന്നിരിക്കുമോ? ഈ ചോദ്യത്തിനെങ്കിലും ഉത്തരം പറയാന്‍ സാധിക്കുമോ? ഇല്ലേ, ഇല്ലെങ്കില്‍ നമ്മുടെ മനസ്സ് എത്രത്തോളം മലീമസമാണ്!

സ്വപ്ന ലോകത്തെ എല്ലാ ചലന നിശ്ചലന ദൃശ്യങ്ങളും കഴിഞ്ഞ് നേരം പുലര്‍ന്നാലോ, കണ്‍ പോളകളിലെ പുകമറ മാറ്റന്‍ കണ്ണ് തിരിമ്മുമ്പോഴേക്കും ലോകം മാറിയിരിക്കും. പിന്നെ, തലേന്ന് രാത്രി മനോമുകിരത്തില്‍ താലോലിച്ചു കൊണ്ടു നടന്ന ഹബീബോ, മുത്തിനെ കാണാന്‍ ചൊല്ലിയ സ്വലാത്തോ, ഒന്നും നമുക്ക് ഒര്‍മയുണ്ടാവില്ല. അതാണ് നമ്മുടെ സ്‌നേഹം...

എന്നാല്‍ ആരംബപൂവിനെ അതിരറ്റ് സ്‌നേഹിക്കുന്ന പ്രേയസിമാരുടെ സ്വപ്ന ലോകം ഇങ്ങനെയൊന്നുമല്ല. ഒരു നേരം ഹബീബിനെ കാണാതിരുന്നാല്‍ അവരുടെ മനസ്സ് മന്ത്രിക്കും, എവിടെപ്പോയ്... എന്റെ പൂമുത്ത് എവിടെ... സ്‌നേഹത്തെ വേലിക്കെട്ട്‌കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ അവരില്‍ ചിലര്‍ കൊച്ചു കുട്ടികളെ പോലെ ഹൃദയം പൊട്ടി വാവിട്ടു കരയും. സ്വന്തത്തെ കുറ്റപ്പെടുത്തും. തന്നില്‍ വല്ല അനിഷ്ടവും ഉണ്ടായൊ എന്നോര്‍ത്ത് മുത്തിനോട് മാപ്പിനിരക്കും. അതാണ് സ്‌നേഹം... അവര്‍ നിനവിലും കനവിലും ഹബീബിനെ കാണാന്‍ പകലിരവുകള്‍ റബ്ബോടിരക്കുന്നവരാണ്. അല്ലെങ്കിലും, സ്വലാത്തും സ്വലാമും ഉരുവിട്ട് സ്വപ്നത്തില്‍ വിസ്മയങ്ങളുടെ പുതുലോകത്തേക്ക്  ഹബീബുമായ് ഒരു രാപ്രയാണം കൊതിച്ച സ്‌നേഹിതന്മാര്‍ക്ക് കരയാതിരിക്കാതെ പറ്റോ...മുത്ത് നബിയില്ലാത്ത സ്വപ്ന ലോകവുമായി സുഖ നിദ്ര അനുഭവിക്കാന്‍ കഴിയോ...

 മലര്‍മേനി കാണാന്‍ ആതി പെരുത്തുള്ള എത്ര എത്ര കാമുകന്മാരാണ് വരവും കാത്ത്  ഉറക്കിന് കാവലിരിക്കുന്നത്.  സ്വപനത്തിനറിയില്ലല്ലോ കമിതാക്കളുടെയും സ്‌നേഹിതന്മാരുടെയും വികാര വിചാരങ്ങള്‍. അവള്‍ സമയത്തും അസമയത്തും അനുവാദം തേടാതെ മനസ്സില്‍ കുടിയേറി ഒരു ലജ്ജയുമില്ലാതെ ഇറങ്ങി പോകുന്നു. അതോടെ അതുവരെ പ്രദര്‍ശിപ്പിച്ചിരുന്ന പുതുലോകം മലക്കം മറിഞ്ഞ് പൊതുലോകമായി മാറുന്നു. ഹിരോക്ലിറ്റസ് പറഞ്ഞതു പോലെ, ഉണര്‍ന്നിരിക്കുന്നവര്‍ക്കു ഒരു ലോകം മാത്രമേ ഉള്ളൂ. ഉറങ്ങമ്പോള്‍ ഓരോരുത്തനും അവരവരുടെ ലോകത്തേക്ക് മടങ്ങുന്നു.

എന്തിനാണ് റബ്ബ്, ഉറങ്ങുമ്പോള്‍ നമുക്ക് ഒരു സ്വപ്ന ലോകവും പടച്ചു തന്നത്. വലപ്പോഴും ഓര്‍ത്ത് നോക്കിയിട്ടുണ്ടോ. ശരീരത്തിന് ആവശ്യമായ നിദ്ര ലഭിക്കാനും ബാഹ്യശബ്ദങ്ങള്‍ മൂലം നിദ്രക്ക് ഭംഗം വരാതിരിക്കാനും ചലചിത്ര ഭാഗങ്ങള്‍ പോലെ പരസ്പ്പര ബന്ധമുള്ളതും അല്ലാത്തതുമായ സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സ്വപ്നം സഹായിക്കുന്നുണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിരീക്ഷണം. ആരാവട്ടെ, ഏത് നിലക്കു നിരീക്ഷിച്ചു വിലയിരുത്തിയതാവട്ടെ, ഹബീബിനെ സ്‌നേഹിക്കുന്നവര്‍ക്ക് പറയാനുള്ളത് അവരുടെ മുത്തിനെ വരവേല്‍ക്കുന്ന സ്വപ്നങ്ങളെ അരും തടയരുത് എന്നു മാത്രമാണ്. എന്ത് തന്നെ വന്നാലും ശരി, അവര്‍ക്ക് ഹബീബിനെ കണ്ട് മനം കുളിര്‍ക്കണം. അവരങ്ങനെയാ... കണ്ണും കാതും കല്‍ബും ഹബീബിനായി മാറ്റിവച്ചവരാ... ഉരുവിടുന്ന വാക്കുകളാണെങ്കില്‍ കാമുകിയെ വാഴ്ത്തുവാന്‍ മാത്രം.

ഒറിനോളജി എന്ന പേരില്‍ ഇന്ന് സ്വപ്നം പഠന വിഷയമാക്കി ഗവേഷണങ്ങള്‍ വരെ നടക്കുന്നുണ്ട്. എല്ലാ സസ്തനികളിലും പറവകളിലും നിദ്രാഘട്ടമുണ്ടെന്നാണ് അവരുടെ വാദം. അവര്‍ സ്വപ്നം കാണുന്നുമുണ്ട്. ഭാഷ, ചിന്ത എന്നിവ അവക്കില്ലാത്തതിനാലും  പരിമിതമായ തോതിലാണ് അവയുടെ ബോധം നിലനില്‍ക്കുക എന്നതിനാലും ദര്‍ശിക്കുന്ന കിനാവുകളും ആ വിധത്തിലായിരിക്കും. ന്നാലും...ഒരു സംശയം...! അവയും ആറ്റലിനെ കിനാവില്‍ കാണുന്നുണ്ടാകുമോ..?  അവരും മനം നിറയെ കണ്ട് ഹര്‍ശ പുളകിതരാവുന്നുണ്ടാകുമോ..? അല്ലാഹുവിനറിയാം... ജന്മനാ അന്ധതയുള്ളവരും കിനാവുകാണുന്നുണ്ടത്ര. ശബ്ദം, ചലനം, ഗന്ധം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവര്‍ കിനാവു കാണുക. ഹബീബ് അവരെയും കൈവെടിയാതിരിക്കില്ല.

ആരമ്പ പൂവിനെ ആരെങ്കിലും സ്വപ്നത്തില്‍ കണ്ടാല്‍ ഉറപ്പിക്കണം അത് ഹബീബാണെന്ന്. കാരണം പൂമുത്ത് തന്നെ പറഞ്ഞതല്ലേ... അരെങ്കിലും എന്നെ സ്വപ്നത്തില്‍ ദര്‍ശിച്ചാല്‍ അവന്‍ എന്നെ തന്നെയാണ് കണ്ടതെന്നും എന്റെ മാതൃകയില്‍ സാത്താന്‍ രൂപം പ്രാപിക്കില്ലെന്നും (തുര്‍മുദി, മുസ്‌ലിം, 2266, 2277). ഇതേ ആശയത്തില്‍ വേറെയും ഒരുപാട് ഹദീസുകളുണ്ട്(ബുഖാരി, ,6993, 6593, തുര്‍മുദി, 2281 മുസ്‌ലിം, 2267).

സ്വപ്ന ഗവേഷകന്മാര്‍ ഇതു വരെ നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത് ഒരോ സ്വപ്നങ്ങളുടെയും ദൈര്‍ഘ്യം അഞ്ചു മുതല്‍ പത്തു മിനിറ്റു വരെയാണെന്നാണ്. അങ്ങനെയെങ്കില്‍ ഹബീബിനെ കിനാ കാണുന്നവരെ ഈ നഷ്ട ബോധം വേട്ടയാടുന്നുണ്ടാകുമോ? കണ്ടാലും കണ്ടാലും പൂതി തീരാത്ത ആ പൂമുഖം ഏതാനും നിമഷങ്ങളില്‍ മാത്രമായി ഒതുങ്ങുമ്പോള്‍ ആശിഖീങ്ങളുടെ മനം വിങ്ങിപ്പൊട്ടുന്നുണ്ടാകും. കാണുന്ന സ്വപ്നത്തിനിടയില്‍ കയറി മറ്റു സ്വപ്നങ്ങളും ഇടപെടാറുണ്ടെന്ന് പഠനങ്ങള്‍ പറയുമ്പോള്‍, കാമുകിയെ കണ്ടു കൊതി തീരത്ത മനസ്സ് മറ്റൊന്ന് കാണുമ്പോള്‍ ഏത്ര ദൂഃഖിതനാകും.

ഇതെല്ലാം സ്വപ്ന ലോകത്തെ കഥ. എന്നാല്‍, ചിലര്‍ക്ക് ഉണര്‍ച്ചയില്‍ പോലും ഹബീബിനെ കണ്ടില്ലെങ്കില്‍ വേവലാതിയാണ്. റാബിഅത്തുല്‍ അദവിയ്യ പാടിയ്യില്ലേ... സ്‌നേഹിക്കുന്നര്‍ക്ക് എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുക. അവര്‍ക്ക് മയക്കം ഹറമല്ലേ... ഈ വരികളെ അന്വര്‍ത്ഥമാക്കുന്നതാണ് അബുല്‍ ഹസനുല്‍ ശാദുലിയ്യുടെത്. മഹാന്‍ പറയുന്നത്  എന്നില്‍ നിന്ന് ഹബീബ് എപ്പോഴെങ്കിലും മറഞ്ഞാല്‍ ഞാന്‍ എന്നെ മുസ്‌ലിംകളുടെ കൂട്ടത്തില്‍ എണുകയില്ല എന്നാണ്. ഇമാം ഇബ്‌നു ഹജറുല്‍ മക്കിയ്യ് പറയുന്നത് അതിനെ നിഷേദിക്കുന്നത് ശരിയല്ലെന്നും കാണാന്‍ കഴിയുമെന്നാണ് പണ്ഡിതരുടെ അഭിപ്രായമെന്നുമാണ്. അതാണ് ഉജിതവും. സ്വലിഹീങ്ങളില്‍ ഒരുപാട് പേര്‍ അത്തരം അനുഭവങ്ങള്‍ പങ്കുവെച്ചവരാണ്. മാത്രമല്ല, ആരെങ്കിലും എന്നെ കിനാവില്‍ കണ്ടാല്‍ അവരെന്നെ ഉണര്‍ച്ചയിലും കാണുമെന്ന ബുഖാരി ഇമാമിന്റെ ഹദീസ് ഈ വാദത്തിന് ശക്തി പകരുന്നുമുണ്ട് (അല്‍ ഫത്താവല്‍ ഹദീസ് 225). ശരീഅത്തിന്റെ ഇമാമുമാരിലെ ഒരു സംഘം നബി(സ്വ) ഉണര്‍ച്ചയില്‍ ദര്‍ശിക്കലും തിരുസമക്ഷത്തില്‍ ഒരുമിക്കലും വലീയ്യിന്റെ കറാമത്തില്‍പ്പെടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശഫിഈ മദ്ഹബിലെ ഇമാം ഖസാലിയും അല്‍ ബാരിസിയ്യും, അത്താജ് ഇബ്‌നു സുബ്ഖിയും, മാലിക്കിയിലെ ഖുര്‍ത്വുബിയ്യും, ഇബ്‌നുല്‍ ഹാജും ഇതേ വാദക്കാരാണ് (അല്‍ ഹാവി, 323, 163/2).

ഒരു പണ്ഡിതന്‍ ഹദീസ് ഓതികൊടുക്കുന്നത് കേട്ട് വലീയ്യ് പറഞ്ഞു ഈ ഹദീസ് കളവാണെന്ന്. പണ്ഡിതന്‍ ചോദിച്ചു ഈ വിവരം താങ്കള്‍ക്ക് എവിടുന്ന് കിട്ടി. വലീയ്യിന്റെ മറുപടി നിങ്ങളുടെ ശിരസ്സിന് മുകളില്‍ നിന്നുകൊണ്ട് നബി(സ്വ) ഞാന്‍ ഈ ഹദീസ് പറഞ്ഞിട്ടില്ലെന്ന് പറയുന്നു. ശേഷം, പണ്ഡിതനും റസൂലിനെ ദര്‍ശിക്കാന്‍ സാധിച്ചു. 

നബി (സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചവന് ഹുസ്‌നുല്‍ ഖാത്തിമയും തിരുശഫാഅത്തും  സ്വര്‍ഗാരാമവും ലഭിക്കുന്നതാണ്. അവനും മാതാപിതാക്കള്‍ക്കും(അവര്‍ മുസ്‌ലിംകളാണെങ്കില്‍) അല്ലാഹു പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതാണ്. അവനെ ഖബര്‍ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നതുമാണ് (കൈഫീയ്യത്തുല്‍ വുസൂല്‍ ലി റുഅ്‌യത്തി സയ്യിദിന റസ്സൂല്‍ (സ്വ)25).


No comments:

Post a Comment

Popular Posts