നാല്പത്തിനാല് നദികളും അതിലേറെ തണ്ണീര്‍ത്തടങ്ങളുമുള്ള ഒരു നാട്. വര്‍ഷത്തില്‍ നൂറ് മുതല്‍ നൂറ്റിപ്പത്ത് വരെയുള്ള ദിനങ്ങളില്‍ ശരാശരി മൂവായിരം സെന്റീമീറ്റര്‍ മഴ ലഭിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്. ഇത്രയധികം മഴ ലഭിക്കുന്ന നമ്മുടെ സംസ്ഥാനം വീണ്ടുമൊരു വരള്‍ച്ചയെ നേരിടാനൊരുങ്ങുകയാണ്. മാര്‍ച്ച് മാസം ആരംഭിക്കുന്നതോടെ വാര്‍ത്താ മാധ്യമങ്ങള്‍ ഒപ്പിയെടുക്കുന്ന പല ചിത്രങ്ങളിലും വര്‍ള്‍ച്ചയുടെ വ്യത്യസ്ത ഭാവങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. ആര്‍ത്തിയോടെ വാ പിളര്‍ന്ന് കിടക്കുന്ന ഭൂമിയും, കുടങ്ങളും കുട്ടികളുമായി ദാഹജലത്തിന് കാത്തുനില്ക്കുന്ന അമ്മമാരുടെ ചിത്രങ്ങളും പത്രത്താളുകളില്‍ ദിനേന അച്ചടിച്ചു വരുന്നില്ലേ. ഇത്രയധികം ജലം ലഭിച്ചിട്ടും എന്തേ ഇങ്ങനെയായി? കുടിവെളളം, ജലസേചനം, വ്യവസായം എന്നിവക്ക് ഈ മൊത്തം മഴവെള്ളത്തിന്റെ മൂന്നിലൊന്ന് മതിയെന്നാണ് കണക്ക്. എന്നാല്‍ നമുക്ക് ലഭിക്കുന്ന മഴവെള്ളം ഇരുപത്തിനാല് മണിക്കൂറ് കൊണ്ട് കടലിലെത്തിച്ചേരുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയുടെ ചെരിവാണ് മഴവെള്ളം ആഴ്ന്നിറങ്ങാതെ ഒഴുകി കടലിലെത്താന്‍ കാരണമാകുന്നത് . കാലങ്ങളായി മഴവെള്ളം ശേഖരിക്കുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിയതമായി നികത്തപ്പെടുന്നത് ഇതിന്റെ ആക്കം വര്‍ധിപ്പിക്കുന്നു. വേനല്‍ ആരംഭിക്കുന്നതോടെ മിക്ക നഗര ഗ്രാമ പ്രദേശങ്ങളും ജലക്ഷാമത്തിന്റെ പിടിയിലാകുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മൂന്ന് മാസങ്ങളിലാണ് ജലക്ഷാമം മൂര്ധന്യതയിലെത്തുന്നത്.
മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് വെള്ളം. മനുഷ്യ ശരീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം വെള്ളമാണ്. ഭൂമിയുടെയും മൂന്നില്‍ രണ്ട് ഭാഗം വെള്ളം തന്നെ. ഭൂമിയില്‍ ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ശുദ്ധജലത്തിന് വേണ്ടിയായിരിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യന് കുടിക്കാനും കുളിക്കാനും ശൗച്യംചെയ്യാനും വൈദ്യുതോല്പാദനത്തിനും കൃഷിക്കുമെല്ലാം വെള്ളം അനിവാര്യമാണ്. മനുഷ്യന് ഉപജീവനം നല്‍കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് അവന്റെ ഭൗമിക നിവാസം സുസാധ്യമാക്കാനും ജീവജാലങ്ങളും സസ്യലതാദികളും ജനിക്കാനും നിലനിര്‍ത്താനും ജലം കൂടിയേതീരൂ. അത്കൊണ്ടാണ് പ്രപഞ്ചത്തില്‍ ഭൂമിയൊഴിച്ചെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിന് ആദ്യമായ് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത് എവിടെയെങ്കിലും ജലത്തിന്റെ സാന്നിധ്യമുണ്ടോ എന്നാണ്. മറ്റു ദ്രാവകങ്ങള്ക്കില്ലാത്ത ഒരുപാട് സവിശേഷതകള്‍ ജലത്തിനുണ്ട് എന്നതാണിതിനു കാരണം. സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കാന്‍ കഴിയുന്നതുമാണ് എന്നത് അതില്‍ പ്രധാനപ്പെട്ടത്. ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം വെള്ളമാണെങ്കിലും ആകെ ജലത്തിന്റെ തൊണ്ണൂറ്റിയേഴ് ശതമാനവും കടല്‍വെള്ളമാണ്. പാനത്തിനോ പാചകത്തിനോ സ്നാനത്തിനോ സേചനത്തിനോ പറ്റാത്ത ഉപ്പുവെള്ളം. അവശേഷിക്കുന്ന മൂന്ന് ശതമാനത്തില്‍ രണ്ട് ശതമാനം ഹിമവുമാണ്. ശിഷ്ടമുള്ള ഒരു ശതമാനം മാത്രമാണ് മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും സസ്യങ്ങളുടെയും ആവശ്യങ്ങള്‍ക്കായി അവശേഷിക്കുന്നത്. അല്ലാഹു നല്കിയ വലിയ ഒരനുഗ്രഹമെന്ന നിലയിലാണ് വിശുദ്ധ ഖുര്‍ആന്‍ ശുദ്ധ ജലത്തെയും അതിന് കാരണമായി വര്‍ത്തിക്കുന്ന മഴയേയും പരിചയപ്പെടുത്തിയിട്ടുള്ളത്.
ദിനേന രാവും പകലും ഇടതടവില്ലാതെ ഈ ശുദ്ധജലം ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പക്ഷേ, ഉപയോഗിച്ച് തീരുന്ന വെള്ളം വീണ്ടും വീണ്ടും അനുക്രമം പുനഃസ്ഥാപിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ സ്രോതസ്സുകള്‍ വറ്റുന്നില്ല. ബാഹ്യമായ ഒരു കാരണം ശാസ്ത്രജ്ഞന്മാര് ചൂണ്ടിക്കാണിക്കുന്നത് സൂര്യതാപം ഭൂമിയിലേല്ക്കുകയും ജലം ബാഷ്പമായി മേല്‍പ്പോട്ടുയരുകയും ചെയ്യുന്നതാണ്. കാറ്റുകള്‍ അവയെ തലോടി തണുപ്പിക്കുന്നു. നീരാവി ജലമായി പരിണമിക്കുന്നു. ഈ പ്രക്രിയ തുടരുന്നു. ഈ ചാക്രിക വ്യവസ്ഥിതിയാണ് ഭൂമിയില്‍ സദാ ശുദ്ധജലം ലഭ്യമാക്കുന്നത്. മഴക്ക് ആസ്പദമായ ബാഷ്പീകരണത്തിന്റെ ഏറിയ കൂറും സമുദ്രങ്ങളാണ്. അവയുടെ വെള്ളം ഉപ്പുരുചിയുള്ളതും. ഭൂഗോളത്തിലെ തൊണ്ണൂറ്റിഏഴ് ശതമാനവും ഉപ്പുജലമാക്കിയ സൃഷ്ടാവിനു മേഘങ്ങളില്‍ നിന്നു വര്‍ഷിക്കുന്ന ജലത്തേയും ഉപ്പുരുചിയുള്ളതാക്കാന് സാധിക്കുമായിരുന്നു. അവന്റെ കാരുണ്യത്താല്‍ അത് ശുദ്ധമാക്കിത്തന്നു. അല്ലാഹു പറയുന്നു; ''നാം അതിനെ രുചിയില്ലാത്ത ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിട്ടും നിങ്ങളെന്താണ് നന്ദി കാണിക്കാത്തത്''(വി:ഖു 56:70).
വരള്‍ച്ചയില്‍ മനം നൊന്ത് കാത്തിരിക്കുമ്പോള്‍ ഒരു മഴ പെയ്തുവെന്നിരിക്കട്ടെ. അത് ശുദ്ധവുമാണ്. എന്നാല്‍ അത് നമുക്ക് ഉപകാരപ്രദമാവണമെങ്കില് ആ വെള്ളം ഭൂമിയില്‍ ആഴ്ന്നിറങ്ങി വറ്റി പോകാതിരിക്കണം. (ജലവിതാനം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് ശാസ്ത്രീയ കണ്ടെത്തലുകള്‍). എന്നാല്‍ മനുഷ്യന്റെ ആര്‍ത്തിമൂലം ജലത്തിന്റെ ലഭ്യത കുറയുകയും ഭൂഗര്‍ഭത്തില്‍ നിന്ന് കുഴല്‍ കിണര്‍ വഴി അനുദിനം ജലം ഊറ്റികൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് പ്ലാച്ചിമട. കൊക്കകോള കമ്പനിക്കെതിരെ പ്ലാച്ചിമടയില്‍ നടന്ന ജനകീയ സമരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇവിടെയാണ് നബി(സ്വ) തങ്ങളുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. നിങ്ങള്‍ക്ക് മഴ ലഭിക്കാതിരിക്കുക എന്നതല്ല ദുര്ഭിക്ഷം; പ്രത്യുത നിങ്ങള്‍ക്ക് വീണ്ടും മഴ ലഭിക്കുകയും എന്നിട്ട് ഭൂമിയില്‍ ഒന്നും മുളപ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. (മുസ്ലിം 2094). വളരെ കുറഞ്ഞ ചെലവില്‍ ഫോണും കമ്പ്യൂട്ടറും മറ്റു ആധുനിക സാമഗ്രികള്‍ ലഭ്യമായതില്‍ നാം സന്തോഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പ്രകൃതി മാത്രം നല്കുന്ന പച്ചവെള്ളത്തിന് പതിനഞ്ച് രൂപ മുതല്‍ മുപ്പത് രൂപ വരെ നല്‍കേണ്ടി വന്ന കഥ ആരും ഓര്‍ത്തിരിക്കില്ല. മൂന്ന് മീറ്റര്‍ ഉയരത്തില്‍ മഴവെള്ളം കിട്ടിയിട്ടും കുടിക്കാന്‍ വെള്ളത്തിന് നൂറ് കണക്കിന് കിലോമീറ്റര്‍ ദുരെ നിന്നും കൊണ്ട് വരേണ്ടി വരുന്നത് എന്ത് കൊണ്ടാണ്?. എന്നാലും സെല്‍ഫോണിനേക്കാള്‍ പ്രധാനമാണല്ലോ ശുദ്ധജലം. ഇപ്പോഴത്തെ ജലക്ഷാമം സമൂഹത്തിലെ ദരിദ്രരേയും ദുര്‍ബലരേയും ഏറെ ദ്രോഹകരമായി ബാധിച്ചുവെങ്കിലും ഇവിടുത്തെ ഒരു വികസന പദ്ധതിയിലും എല്ലാവര്ക്കും ശുദ്ധജലം നല്‍കുക എന്ന ലക്ഷ്യം ഉള്‍പ്പെട്ടതായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. അതും വോട്ടെടുപ്പ് കാലത്ത് നൂറ് നാക്കുള്ള രാഷ്ട്രീയക്കാരുടെ നാക്കില്‍ നിന്നു പോലും.
മറുവശത്ത് ഇതൊരു അവസരമായി കണ്ട് ജലവ്യാപാരം വ്യാപകമായി. എന്നാല്‍ നമുക്ക് അല്ലാഹു കനിഞ്ഞേകിയ ശുദ്ധജലത്തിന്റെ ലഭ്യത കുറയാന്‍ നമ്മുടെ ചെയ്തികള്‍ തന്നെയാണ് കാരണമായി വര്‍ത്തിച്ചത്. ഖുര്‍ആന്‍ ഇത് വ്യക്തമാക്കിയിട്ടുണ്: ''മനുഷ്യന്റെ ചെയ്തികളുടെ ഫലമായി കടലിലും കരയിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവര്‍ ചെയ്തതിന്റെ ഭവിഷ്യത്തുകള്‍ കുറച്ചെങ്കിലും അവര്‍ ആസ്വദിക്കട്ടെ. അങ്ങനെയെങ്കിലും അവര്‍ നേര്വഴിക്കായാലോ''(വി:ഖു30-41)
.
ഇനി നമ്മുടെ ചുറ്റുപാടിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ...! നാം ചെയ്തു കൂട്ടിയതിന്റെ ഭവിഷ്യത്തുകള്‍ അറിയണമെങ്കില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്ന അഴുക്കുചാലുകള്‍, ഫാക്ടറിയില്‍ നിന്നും ഒഴുകുന്ന മാലിന്യങ്ങള്‍, ആശുപത്രിയില്‍ നിന്നുമുള്ള സിറഞ്ച്, രക്തക്കട്ടകള്‍, നിറങ്ങള്‍ കലര്‍ന്ന നാം തിന്നതിന്റേയും വിസര്ജിച്ചതിന്റേയും അവശിഷ്ടങ്ങള്‍ എല്ലാം ഒഴുക്കി വിടുന്നതും കന്നുകാലികളുടെ അഴുക്കുകള്‍ കഴുകുന്നതും നല്ല നീര്‍ച്ചാലുകളില്‍.
പണ്ട്കാലങ്ങളില്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചത് വെറുതെയായിരന്നില്ല. ഇവിടുത്തെ ഋതുഭേതങ്ങളില്‍ ലഭിക്കുന്ന സുഖാനുഭൂതികള്‍..! പച്ചപ്പ് നിറഞ്ഞു നിന്ന കൃഷിയിടങ്ങളും തെളിനീര് വറ്റാത്ത കുളങ്ങളും അരുവികളും നീലിമയാര്‍ന്ന കടലും കേരളത്തെ നിറം കൊണ്ട് മോടി പിടിപ്പിച്ചിരുന്നു. പ്രകൃതിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ശ്രദ്ധിക്കൂ.''അല്ലാഹു ആകാശത്തു നിന്ന് വെള്ളം ഇറക്കി ഭൂമിയെ ഉറവകളാക്കിയത് നീ കാണുന്നില്ലേ? പിന്നീട് അതുമൂലം വയലുകളില്‍ വ്യത്യസ്ത വര്‍ണങ്ങള്‍ വളരാന്‍ കാരണമാക്കി.(39-21)'' പക്ഷേ, ഇന്നിതെല്ലാം എവിടെ? ആരാണ് ഇതിനെല്ലാം കാരണക്കാര്‍. വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മലിന ജലമൊഴുകുന്നത്. തലസ്ഥാന നഗരി തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. മാലിന്യം ഉപേക്ഷിക്കാന്‍ സ്ഥലമില്ലാതെ മഴ പെയ്താല്‍ രോഗം പരക്കുമെന്ന അവസ്ഥ. നമുക്ക് വേണ്ടത് ശുദ്ധജലമാണ്. അല്ലാതെ അഴുക്കുചാലുകളില്‍ നിന്നുള്ള വെള്ളമോ, ചപ്പുചവറുകളിട്ട പുഴവെള്ളമോ അല്ല. ആ ശുദ്ധജലം ഇന്ന് എവിടെ നിന്ന് കിട്ടും? ജലലഭ്യതയുടെ മാര്‍ഗങ്ങള്‍ കൊട്ടിയടച്ചും ജലവിഭവങ്ങള്‍ അന്യായമായി ചൂഷണം ചെയ്തും വയലുകള്‍ നികത്തിയും മരങ്ങള്‍ വെട്ടി നശിപ്പിച്ചും നദികളെ കൊല്ലാകൊല ചെയ്തും ശുദ്ധജല സ്രോതസ്സുകള്‍ ഇല്ലാതാക്കുകയാണ് ഒരു പറ്റം മനുഷ്യര്‍. അത് കൊണ്ട് തന്നെ ഇന്ന് പാടം നികത്തുന്ന മണി മാളികക്ക് ഭീഷണിയായി കൊടുങ്കാറ്റിനെ തഴുകിയെത്തും വിഷത്തുള്ളിയാണ് മഴ. അമ്ലമഴ. ആ മഴത്തുള്ളിയില്‍ നിറഞ്ഞൊഴുകുന്ന അരുവികളില്‍ തുളുമ്പുന്നത് വീടുകളും മേടുകളും കാടുകളുമാണ്. കാരണം ജലം ആഴ്ന്നിറങ്ങാന്‍ ഭൂമിയിലെവിടെ സ്ഥലം. എല്ലായിടത്തും സിമന്റിന്റേയും പ്ലാസ്റ്റിക്കിന്റേയും കടന്നുകയറ്റം. നാളെ ഇതിലും വലിയ ഭവിഷ്യത്തുകളാണെങ്കില് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നതും നാം തന്നെയാണെന്നോര്ത്ത് നമുക്ക് പരിതപിക്കാം. അതോടൊപ്പം ഓരോ തുള്ളി വെള്ളത്തിന്റേയും വിലയറിഞ്ഞ് അശ്രദ്ധയോടെയും അമിതമായും വെള്ളം ഉപയോഗിക്കുന്നില്ലെന്നും ഒരു ജലസംഭരണി നിര്‍മിക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. അങ്ങനെ ഓര്‍മ്മയുടെ പുസ്തകത്തില്‍ നിന്ന് ജീവിത പുസ്തകത്തിലേക്ക് വെള്ളം വെള്ളം സര്‍വത്ര കോരി കുടിക്കാനുണ്ടത്ര എന്ന പഴമൊഴിയുടെ ഒര് താളെങ്കിലും തുന്നിച്ചേര്‍ക്കാം.
No comments:
Post a Comment