ഉറങ്ങി കിടക്കുന്ന വികാരങ്ങളെ വൃണപ്പെടുത്തി മുതലെടുപ്പു നടത്തുന്ന തന്ത്രമാണ് പരസ്യം. നമ്മുടെ അനാവശ്യങ്ങളെ ആവശ്യമാക്കി തീര്‍ക്കാന്‍ പോലും ഇന്നത്തെ പരസ്യങ്ങള്‍ക്ക് സാധിക്കും. വികാരവും വിവേകവും തമ്മിലുള്ള പോരാട്ടങ്ങളില്‍ പലപ്പോഴും വിവേകമാണ് തോറ്റു പോകാറുള്ളതെന്ന് തിരിച്ചറിഞ്ഞുള്ള അണിയറ പ്രവര്‍ത്തനം സമകാലിക പരസ്യങ്ങളില്‍ നമുക്ക് എമ്പാടും ദര്‍ശിക്കാവുന്നതാണ്. ഉല്‍പന്നങ്ങള്‍ ചുളു വിലക്ക് വിറ്റയിക്കാനും, ആശയ വിനിമയ മാര്‍ഗം സുതാര്യമാക്കാനും ഇന്നത്തെ ഉല്‍പാദകര്‍ നടപ്പിലാക്കുന്ന ഒരു മാര്‍ഗമാണ് പരസ്യകമ്പനികളെ കൂട്ടു പിടിക്കുക എന്നത്. കേവല വാചക കസര്‍ത്തിലൂടെ തന്റെ ഉല്പന്നം വിറ്റൊഴിയുകയില്ലെന്നറിഞ്ഞ വ്യവസായികള്‍ കണ്ടെത്തിയ പുതിയ മാര്‍ഗമാണ് പരസ്സ്യം. ഉല്‍പന്നത്തിന്റെ .മൂല്യം പരിശോധിക്കുന്നതിന് വേണ്ട ചിലവിനേക്കാള്‍ ഇരട്ടിയിലധികം ചില വ്യവസായ സംരംഭങ്ങള്‍ പരസ്യത്തിന് ചിലവഴിക്കുന്നുണ്ടെന്ന് സമീപ കാലത്ത് മാഗി ഉല്‍പ്പന്നം ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ പലരും മനസ്സിലാക്കിയിട്ടുണ്ടാകും. മാഗിക്കെതിരെ അന്ന് വാര്‍ത്താ മാധ്യമങ്ങള്‍ കാര്യമായും അരോപിച്ചിരുന്നതും അതു തന്നെയായിരുന്നു.
മനുഷ്യ മനസ്സിനെ കൊള്ളയടിച്ചു കീഴടക്കുന്നതിന് പ്രത്യേക പരിശീലനവും വൈദഗ്ധ്യവും നേടിയ ഒരു പറ്റം വൈദ്യശാസ്ത്രജ്ഞര്‍ തന്നെ ഇന്ന് പരസ്യത്തിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില തോന്നലുകള്‍ സൃഷ്ടിച്ച് വിവേക ബുദ്ധിയെ മയക്കികിടത്താനും പത്തിമടക്കി കിടന്നിരുന്ന വികാരങ്ങളെ തട്ടിയുണര്‍ത്താനും ഇത്തരം വിദ്ധഗതര്‍ക്ക് സാധിക്കും. മുന്നോ നാലോ വയസ്സുള്ള കുട്ടിയുമായി ഷോപ്പിങ്ങിനു പോയാല്‍ ആവശ്യമുള്ള സാധനങ്ങളില്‍ ഏത് കമ്പനിയുടേത് വേണമെന്ന് അവന്‍ നമ്മോട് പറയുന്നത് കാണാം. പരസ്യ കമ്പനികളുടെ അണിയറക്കുള്ളില്‍ വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞരുണ്ടെന്നതിന് വ്യക്തമായ ഉദാഹരണമാണ് 1994ലെ U.S Surgeon Generalന്റെ റിപ്പോര്‍ട്ട്. അതില്‍ പുകവലി ഉപയോഗിക്കുന്നവരെ സംബന്ധിച്ച് വിവരിക്കുന്നത് യുവാക്കള്‍ എപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതെന്നും എപ്പോഴാണത് അവരുടെ ശീലമായി മാറുന്നതെന്നും കമ്പനികള്‍ക്കറിയാമെന്നാണ്. ചെറുപ്രായത്തില്‍ പുകവലിക്കുന്ന മിക്കവരും ഭാവിയിലതിന്റെ അടിക്റ്റായിട്ടാണ് കാണപ്പെട്ടിട്ടുള്ളത്. അവരെ അതില്‍ നിന്ന് പൂര്‍ണമായും മറ്റു പുകവലിക്കാരെ പോലെ വേഗത്തില്‍ മോചിപ്പിക്കാന്‍ സാധിച്ചോളണമെന്നില്ല. പുകവലി നേരത്തെ തുടങ്ങിയ വ്യക്തി അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നില്ല. ഇത് പുകയില ഉത്പാദന കമ്പനിക്കാര്‍ക്ക് പെട്ടന്ന് തന്നെ അവരെ പ്രലോഭിപ്പിക്കുവാന്‍ അവസരമൊരുക്കുന്നു.
പരസ്സ്യത്തിനിടം നല്‍കുന്ന ദൃശ്യ ശ്രാവ്യ വാര്‍ത്താമാധ്യമങ്ങളില്‍ അങ്ങേയറ്റം സംസ്‌കാര ശൂന്യവും കേള്‍ക്കാന്‍ അറുപ്പ് തോന്നിക്കുന്നതായ രീതിയിലുള്ള ചര്‍ച്ചകളാണ് പലപ്പോഴും നടക്കുന്നതെന്ന് മൂല്യങ്ങള്‍ ആഗ്രഹിക്കുന്ന ഏതൊരു രക്ഷിതാവിനേയും ഇരുത്തി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. കൊച്ചുകേരളത്തില്‍ ഇറങ്ങുന്ന നിരവധി വനിതാ മാഗസിനുകളുടെ വാദം അവര്‍ അത് പ്രസിദ്ധീകരിക്കുന്നത് സ്ത്രീസ്വാതന്ത്ര്യത്തിനും അവളുടെ സംരക്ഷണത്തിനും വേണ്ടിയാണ് എന്നാണ്. എന്നാല്‍ ഇത്തരം സ്ത്രീകള്‍ക്കായുള്ള സ്ത്രീസംരക്ഷണ ആനുകാലികങ്ങളില്‍ പോലും ഒന്ന് മറിച്ചുനോക്കുവാന്‍ പോലും കൊള്ളാത്ത തരത്തില്‍ സ്ത്രീ നഗ്നത പ്രദര്‍ശിപ്പിക്കപ്പെടുന്ന പരസ്യങ്ങളാണ് നിറഞ്ഞ് നില്‍ക്കുന്നത്. ചിലപ്പോള്‍ അകം പേജ് മറിക്കുന്നതിനു മുമ്പു തന്നെ അതിന്റെ ലൈംഗിക സമീപനം മനസ്സിലാകും. ആരീതിയിലായിരിക്കും അതിന്റെ കവര്‍ പേജ്. അര്‍ധ നഗ്നയായ, അല്ലെങ്കില്‍ അരയില്‍ നൂല്‍ബന്ധത്തില്‍ കെട്ടിതൂക്കിയ ശരീരത്തിന്റെ വര്‍ണ്ണവും വണ്ണവും വേര്‍തിരിച്ച് എടുത്തു കാണിക്കുന്ന നേര്‍ത്ത വസത്രങ്ങളുടുത്ത സ്ത്രീയെയാണ് പരസ്യത്തിലിവര്‍ പ്രതിഷ്ഠിക്കുന്നത്. മാറ് മറക്കാന്‍ പോരാടിയ സ്ത്രീകളുടെ മണ്ണിലാണ് ഇത്തരം തരം താഴ്ന്ന സ്വാതന്ത്ര്യത്തെ കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കുന്നതെന്ന് നാം മനപ്പൂര്‍ വിസ്മരിക്കുകയാണ്.
ചില രോഗങ്ങള്‍ ഉണ്ടാക്കുന്നതും പരസ്സ്യമാണെന്ന് പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കില്ല. ഉദാഹരണത്തിന് വിയര്‍പ്പിന്റെ ഗന്ധം വമിക്കുന്നതിനാല്‍ കാമുകന്‍ മറ്റൊരുത്തിയെ കൂട്ട് പിടിക്കുന്നതും പിന്നീട് തൊക്കില്‍ പ്രത്യേക ദ്രാവകം പുരട്ടുമ്പോള്‍ തിരികെ വരുന്നതുമായ പരസ്സ്യങ്ങള്‍ വികലമായ ചില ധാരണകള്‍ നമുക്ക് കൈമാറുന്നുണ്ട്. ഈ പരസ്സ്യം വിയര്‍പ്പ് ശരീരത്തിലിഴകി ചേരേണ്ട ഘടകമല്ലെന്നും അത്തരമൊരു വിയര്‍പ്പ് നാറ്റം തനിക്കുണ്ടെന്നും അതൊരു രോഗമാണെന്നും തോന്നിപ്പിക്കുന്നുണ്ട്. അതിനെ അകറ്റണമെങ്കില്‍ ഈ ഉത്പന്നം അനിവാര്യമാണെന്നും നമ്മോട് പറയാതെ പറയുന്നു.
ഇവ കൗമാരക്കാരുടെ വളര്‍ച്ചാ ഘട്ടത്തിന്റെ സ്വാഭാവികമായ ആകാംക്ഷയേയും കാല്‍പനിക ചിന്തകളേയും ലോല വികാരങ്ങളേയും ചൂഷണം ചെയ്യുന്നതിനു വേണ്ടി മനഃശാസ്ത്രപരമായി ചിട്ടപ്പെടുത്തിയെടുത്തിട്ടുള്ളതാണെന്ന് പലര്‍ക്കും അറിയാം. എന്നിട്ടും അറിയുന്നവര്‍ പോലും ഇത്തരം ഉത്പന്നങ്ങളുടെ അടിമകളായി മാറുന്നത് വളരെ ഖേദകരം തന്നെ.
അമ്പര ചുമ്പികളായ വീടുകളുടെയും ചിറകു വിടര്‍ത്തി നില്‍ക്കുന്ന ഫ്‌ളാറ്റുകളുടെയും സ്വര്‍ഗീയ സുഖങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന തന്ത്രം ലൈംഗികത തന്നെയാണ് എന്നതില്‍ സംശയമില്ല. വ്യത്യസ്ത രീതികളില്‍ സ്വപ്നകുമാരികളെ അവര്‍ പരസ്യത്തില്‍ അണിചേര്‍ക്കുന്നു. ഇവിടെ ധാര്‍മികതക്കോ മൂല്യങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല. കാരണം പരസ്യ കമ്പനികളുടെ ദൗത്യം വ്യവസായ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വന്‍ ലാഭത്തില്‍ വിറ്റയിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്. അതിനവര്‍ ഏതു ധാര്‍മിക വേലിയും ചാടികടന്നേക്കും. ഇല്ലെങ്കില്‍ മാത്സര്യ ബുദ്ധിയോടെ പെരുമാറുന്ന മറ്റു കമ്പനികള്‍ക്ക് വ്യവസായികള്‍ പരസ്യം കൈമാറും. ഇത് കമ്പോളത്തില്‍ ധാര്‍മിക മൂല്യത്തോടെ ഇടപെടുന്ന പരസ്യ കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനുള്ള അസരം നഷ്ടപ്പെടുത്തും.
80 കളില്‍ ദൃശ്യ മാധ്യമങ്ങള്‍ ഇവിടെ പ്രചാരത്തില്‍ വരാന്‍ തുടങ്ങിയപ്പോള്‍ പരസ്യങ്ങളിലെ കഥാപാത്രങ്ങള്‍ മുപ്പതിലെത്തിയവരായിരുന്നു. എന്നാല്‍ ഇന്ന് തികച്ചും കൗമാരക്കാരായിരിക്കുന്നു. അതില്‍ പതിനെട്ടിനും ഇരുപതിനും ഇടക്കുള്ള സ്ത്രീകളുടെ സാനിധ്യം വര്‍ധിച്ചു വന്നുകൊണ്ടിരിക്കുന്നു.
കൗമാരക്കാരുടെ സൗന്ദര്യത്തിന്റെയും ആകര്‍ഷകത്വത്തിന്റെയും പിന്‍ ബലത്തില്‍ ഉപഭോക്താക്കളുടെ മുഴുവന്‍ ശ്രദ്ധയും നേടിയെടുക്കാന്‍ സാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാണ് പരസ്യക്കമ്പനികള്‍ ഇത്തരം സ്ത്രീകളെ പ്രത്യേകം വേട്ടയാടി പിടിക്കുന്നത്. സ്ത്രീകളെ ഇരയാക്കി ഇരയെ പിടക്കുന്ന ചൂണ്ടയായ പരസ്യങ്ങളും അവളെ നയനസുഖത്തിനുള്ള ഉപകരണമായി കാണുന്ന വ്യവസായികളും എല്ലാം അറിഞ്ഞിട്ടും ഒന്നും പ്രതികരിക്കാതെ മൗനിയായി മാറുന്ന സമൂഹവും വരും തലമുറക്ക് വില്‍പ്പന ചെരക്കായ് മാറിയ മനുഷ്യത്വത്തെയാണ് സമര്‍പ്പിക്കുക.
No comments:
Post a Comment