കുട്ടിക്കാലം മുതല്‍ സാമൂഹ്യ ബന്ധങ്ങളില്‍ നിന്ന് പാടേ അടര്‍ത്തിമാറ്റിയ കാസ്പര്‍ ഹൗസ് ന്യൂറം ബര്‍ഗിലെ കാട്ടിലാണ് വളര്‍ന്നത്. തന്റെ പതിനേഴാം വയസ്സിലും ശരിക്ക് നടക്കാനറിയാത്ത കാസ്പര്‍ പിന്നീട് സാധാരണ മനുഷ്യനിലേക്കുള്ള തിരിച്ചു വരവിന് എത്ര അഭ്യസിച്ചിട്ടും നിരര്‍ത്ഥകമായ ചില ശബ്ദങ്ങള്‍ പുറപ്പെടീക്കാനല്ലാതെ പൊതുജനങ്ങള്‍ക്കിടയില്‍ ആശയ വിനിമയം സാധ്യമായിരുന്നില്ല. സാമൂഹ്യ ശാസ്ത്രത്തിലെ പ്രമുഖ ചിന്തകനായ മാക് ഐവര്‍ (Mac Iver) വിവരിച്ച ഈ ഉദാഹരണത്തില്‍ കാസ്പറിന് കേവല മൃഗമെന്ന വീക്ഷണത്തിനേ അര്‍ഹതയുള്ളൂ.
മനുഷ്യനെ 'പുരോഗമിച്ച മൃഗം' എന്നാണ് ജര്‍മന്‍ പണ്ഡിതനായ വാര്ഡന് ബര്‍ഗ് വിശേഷിപ്പിച്ചത്. 'എല്ലാവരുടെയുള്ളിലും മൃഗീയതയുണ്ട്'എന്ന് നിരീക്ഷിച്ചവരുമുണ്ട്. പുരോഗമിച്ച മൃഗമെന്ന വീക്ഷണത്തില്‍ മനുഷ്യന് ഉല്‍ക്കൃഷ്ടമായ ശീലങ്ങളുടെയും സംസ്കാരങ്ങളുടെയും വിളനിലമായിട്ടാണ് പ്രതിനിധീകരിക്കുക. സ്വഭാവ മഹിമയെയും സംസ്കാരത്തെയും വളര്‍ത്തുന്ന ജ്ഞാനസമ്പത്താണ് മനുഷ്യരെ ഇതര ജീവജാലങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നതെങ്കില് അതിന് കോട്ടം തട്ടുന്ന ചെയ്തികള്‍ അവനെ ഖുര്‍ആന്‍ വിശേഷിപ്പിച്ച 'മൃഗതുല്യരാണ്, അല്ല അതിനേക്കാള്‍ നിന്ദ്യനാണ് ' എന്ന നിലവാരത്തിലേക്ക് തരം താഴ്ത്തുന്നു. ജീവിതത്തിന്റെ സകല മേഖലകളിലും നന്മയുടെ ഭാഗം അടയാളപ്പെടുത്തിയാണ് നാളെയുടെ മക്കള്‍ക്ക് ഇന്നത്തെ മനുഷ്യര്‍ മാതൃകയാകേണ്ടതെന്ന് ചരിത്രം പഠിപ്പിക്കുന്നു. അതിന് സാമൂഹിക സഹവാസത്തില്‍ രൂപപ്പെടുന്ന ധാര്മികജ്ഞാനം വേണം. ഒരു സംസ്കാരികമണ്ഡലം. മനുഷ്യരാശിയുടെ നിലനില്‍പ്പിന് അനിവാര്യമായ സദാചാരം. അതാണ് മനുഷ്യനെ മൃഗത്തേക്കാള്‍ നിന്ദ്യനെന്ന ഖുര്‍ആന്‍ വിശേഷണത്തില്‍ നിന്ന് മനുഷ്യനെന്ന പരിപൂര്ണതയിലേക്കെത്തിക്കുന്നത്.
ധാര്‍മ്മിക വിദ്യയുടെ മൂല്യശോഷണം എങ്ങനെ?
ഇന്ന് സമൂഹിക ജീവിതത്തില്‍ മാനവികതയുടെ പരിപൂര്‍ണതക്ക് അനിവാര്യമായ ധാര്‍മിക മൂല്യങ്ങള്‍ വിവിധ വെല്ലുവിളികള്‍ക്ക് വിധേയമായിരിക്കുകയാണ്. വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെല്ലാം ഇത് സങ്കീര്‍ണമാണ്. നാമാണെങ്കില്‍ ഈ കൊടും പാതകത്തിന് വളം വെച്ച് കൊടുക്കുന്ന വിധത്തില്‍ നോക്കുകുത്തികളായി അടങ്ങിയിരിക്കുന്നു.
ധാര്‍മിക വൈജ്ഞാനിക മണ്ഡലങ്ങളെയും സദാചാര സത്ഗുണങ്ങളെയും ഇരുണ്ടയുഗത്തിലെ പ്രതിഭാസമെന്ന് വിശേഷിപ്പിച്ച്, നവയുഗ സംസ്ക്കാരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട അനീതിയുടെയും അധാര്‍മികതയുടെയും സങ്കീര്ണതക്കിടയില് കാടത്തത്തിന്റെ തനി പകര്‍പ്പായ നവസിദ്ധാന്തങ്ങളെ സമൂഹം കടിഞ്ഞാണിട്ട് നിയന്ത്രിച്ചില്ല. അതാണ് സുപ്രധാന കാരണം. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും ഫ്രോയിഡിന്റെ ലൈംഗീക സിദ്ധാന്തവും കാറല്‍ മാര്‍ക്സിന്റെ കമ്യൂണിസ്റ്റ് തത്വങ്ങളും ദൈവവിശ്വാസത്തിനും ആത്മീയ ദര്‍ശനങ്ങള്‍ക്കുമെതിരെ കൊലവിളിച്ചാണ് വന്നതെങ്കില്‍, ഇവര്‍ ഇവിടുത്തെ ധാര്‍മിക മുന്നേറ്റത്തിനും, സാമൂഹിക ചുറ്റുപാടിനും എന്ത് സംഭാവനകളാണ് നല്‍കിയത്? അധിനിവേശവും ഭീകരതയും ലൈംഗികതയും ഭൗതികതയും പോയ കാലത്തെ നല്ല പൈതൃകത്തേയും ധാര്‍മിക മൂല്യ വ്യവസ്ഥകളേയും പിഴുതെറിയാന്‍ തുനിഞ്ഞപ്പോള്‍ അവക്ക് പിന്‍ബലം നല്കി എന്നല്ലാതെ എന്ത് നേട്ടമാണ് ഈ മനുഷ്യകുലത്തിന് ഇവരുടെ സംഭാവനകള്‍ കൊണ്ട് കിട്ടിയത്? ഒരു രാജ്യത്തിന്റെ സൈ്വര്യ ജീവിതവും വികസനവും അലങ്കോലപ്പെടുത്തുന്ന ഭീകരത ഉള്‍പ്പെടെയുള്ള അസ്വസ്ഥതക്കു പിന്നിലെ ശക്തികള്‍ മിക്കപ്പോഴും അഭ്യസ്ഥ വിദ്യരും സാമ്പത്തിക ഭദ്രതയും ഉള്ളവരാണ്. മാനസിക വികാസം സിദ്ധിക്കാത്തതാണ് പലപ്പോഴും ഇത്തരം ക്രൂരതകള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. ഇത്തരം അസ്വാരസ്യങ്ങള്‍ക്ക് അവസരമൊരുക്കിയത് ഇവരെ പോലുള്ളവരുടെ സിദ്ധാന്തങ്ങളായിരുന്നു.
ദുഖത്തെ മനുഷ്യരാശി ഇന്നേവരെ അന്വേഷിച്ച് നടന്നിട്ടില്ല. അതിങ്ങോട്ട് തേടി വരാറാണ് പതിവ്. സുഖത്തിന്റെ കാര്യം അതല്ല . എവിടെ സുഖം എന്നതാകും മാനവകുലത്തിന്റെ ലോഗോയിലെ മുദ്രാവാക്യം. അത് മുതലെടുത്താണ് ഇവിടെ പല സിദ്ധാന്തങ്ങളും വേരുറക്കുന്നത്. ഏത് കൊടും ക്രൂര കൃത്യത്തെയും ന്യായീകരിക്കാന്‍ ഇന്ന് സിദ്ധാന്തങ്ങളുടെ പിന്‍ബലമുണ്ട്.
യുവതലമുറയുടെ ജീവിതാഭിലാശങ്ങളിലെ കൗതുകങ്ങളും കാമനകളും കാഴ്ചപ്പാടുകളും മുന്‍തലമുറയില്‍ നിന്ന് വ്യത്യസ്തമായിരിക്കുക സ്വാഭാവികം. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിലവ രുചിഭേതങ്ങള്‍ക്ക് വഴി തെളീക്കുകയും ചെയ്യും. ഋതുഭേദങ്ങളോട് പെടുന്നനെ പ്രതികരിക്കാനുള്ള ത്വര ഇളം തലമുറയുടെ സവിശേഷതയാണ്. അപ്പോഴും ജീവിതത്തിന് അടുക്കവും ചിട്ടയും നല്കി സ്വന്തത്തെ കെട്ടിപ്പടുക്കാന്‍ പാരമ്പര്യ മൂല്യങ്ങള്‍ സഹായിക്കുന്നു. ഇവിടെയാണ് മുമ്പുപറഞ്ഞ 'എല്ലാവരുടെ ഉള്ളിലും മൃഗീയതയുണ്ട്' എന്ന പ്രസ്താവനക്ക് പ്രസക്തിയേറുന്നത്. അവര്‍ ഉള്ളിലെ മൃഗത്തെ ഉറക്കിക്കിടത്തുകയോ തള്ളിവിടുകയോ ചെയ്യുന്നു. ലജ്ജയാണ് അവന്റെ ഉള്ളിലെ മൃഗത്തെ ഉറക്കിക്കിടത്തുന്നത്. ലജ്ജയിലെങ്കില് നിനക്കെന്തുമാവാമെന്ന തിരുവചനത്തിന്റെ പൊരുളതാണ്. നമ്മില്‍ പലരും ആ മൃഗത്തെ മയക്കിക്കിടത്താതെ മാര്‍ക്സിന്റെയും ഫ്രോയിഡിന്റെയും സിദ്ധാന്തങ്ങള്‍ക്ക് അരികു പറ്റി ലജ്ജയെ സ്വഭാവത്തില്‍ നിന്ന് പൂര്‍ണമായും തുടച്ച് നീക്കാന്‍ ശ്രമിക്കുന്നു. അതിനുള്ള അവസരങ്ങളൊരുക്കി ലജ്ജയുടെ മറകള്‍ പിച്ചിച്ചീന്തുന്ന സിനിമകളും സീരിയലുകളും പിഞ്ചുമക്കളുടെ കൂടെ ഒന്നിച്ചിരുന്ന് കാണുന്നു. സ്വകാര്യതയിലേക്ക് കണ്ണിനേയും മനസ്സിനേയും വലിച്ചടുപ്പിക്കുന്ന ദൃശ്യങ്ങള്‍ മനസ്സിനെ മരവിപ്പിക്കുന്ന ചിന്തകളായി മാറുന്നു. അതുവഴി മുമ്പില്‍ കാണുന്നവരെയും അടുത്തു ബന്ധപ്പെടുന്നവരേയും നഗ്നരാക്കാനുള്ള താല്പര്യം നമ്മില്‍ അറിയാതെ ജനിക്കുന്നു. നാണമില്ലാതെ എന്തും വിളിച്ച് പറയാനും, ചര്‍ച്ച ചെയ്യാനും പ്രേരിപ്പിക്കുന്ന ഇവ കണ്ട് കൊച്ചുകുട്ടികള്‍ വരെ അവ മാതൃകയാക്കാറുണ്ട്. സ്വന്തം ജീവിതം പോലും ആരാധകരെ ആസ്പദമാക്കി കഴിയുന്ന യുവതിയുവാക്കളുടെ പരസ്യമായ പ്രേമ ചേഷ്ടകളും വേഷവിധാനങ്ങളുമാണ് പാര്‍ക്കുകളിലും, വാഹനങ്ങളിലും, വഴിയോരങ്ങളിലും ദൃശ്യമാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇതെല്ലാം കാണുമ്പോള്‍ നമ്മെ ഉപദേശിക്കാനും ശകാരിക്കാനും വല്യുപ്പമാരും, മുതിര്‍ന്നവരും എല്ലാം ഉണ്ടായിരുന്നു. ഇന്നവര്‍ രംഗം വിട്ടു. വൃദ്ധസദനവും വീട്ടിലെ ഇരുള് മുറിയും അവര്‍ക്കുള്ള തടവറയാണ്. രംഗത്തുള്ളവര്‍ എന്തെങ്കിലും ഉപദേശിക്കുകയാണെങ്കില്‍ അവരെ നാം കൊഞ്ഞനം കുത്തിക്കളിയാക്കുന്നു. അതിന് കൂടെയിരുന്ന് ചിരിക്കാനാണെങ്കില്‍ ചിലരും. ഈ തിന്മകളുടെ തുടക്കം എവിടെ നിന്നാണ് എന്ന് അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക എല്ലാ പൈശാചികതയും സര്‍വ്വവ്യാപിയാകുകയും അവയെ സര്‍ഗാത്മകമായി ആവിഷ്ക്കരിക്കുകയും ചെയ്യുന്നവരെ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നില്ല എന്നിടത്തേക്കായിരിക്കും.
ധാര്‍മ്മിക വിദ്യ ഇനി സാധ്യമാണോ?
സാം ഹാരിസിന്റെ 'ദി എന്‍ഡ് ഓഫ് ഫെയ്ത്ത്' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് നവയുഗം സാമുവല്‍ പി ഹംണ്ടിംഗിന്റെ നാഗരികതകളുടെ സംഘട്ടനമല്ല (Clash of Civlization). മറിച്ച് ആത്മീയതയും ആധുനികതയും തമ്മിലുള്ള പോരാട്ടത്തിന്റേതാണ്. ആധുനികത ആത്മീയ വൈജ്ഞാനിക മണ്ഡലങ്ങളിലേക്ക് ഒരു തിരിച്ചുപോക്കിനുള്ള സാധ്യത തേടുകയാണിപ്പോള്‍ എന്ന് നിരീശ്വരവാദിയും തത്ത്വചിന്തകനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ് 'ദ സെല്‍ഫിഷ് ജീന്‍' എന്ന കൃതിയില്‍ പരിഭവിക്കുന്നുണ്ട്. തത്ത്വചിന്തകള്‍ ആധുനികതയെ വാഴുന്ന കാലസന്ധിയില്‍ മനുഷ്യരാശി അനുഭവിക്കേണ്ടി വരുന്ന ആത്മീയ വരള്‍ച്ചക്കും മാനസിക പിരിമുറുക്കത്തിനും പരിഹാരമായി പടിഞ്ഞാറിലിന്ന് കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഡേല്‍ കാര്‍ണഗിയുടെ (DALE CARNEGIE) How to Enjoy Your Life and Your Job എന്ന പുസ്തകത്തിലെ ദര്‍ശനങ്ങളില്‍ ചിലര്‍ ആശ്വാസം കണ്ടെത്തുന്നു. സമാധാന ലോകം തേടി ഉലയുന്നവര്‍ നിത്യ ജീവിതത്തിലെ പാകപ്പിഴവുകള്‍ തിരുത്തുകയും വിട്ടുവീഴ്ച്ചക്ക് തയ്യാറാകുകയും ചുറ്റുവട്ടം മനസ്സിലാക്കി പെരുമാറുകയും ചെയ്യുന്നതാണ് ധാര്‍മ്മിക വിദ്യയുടെ ലക്ഷ്യമെങ്കില്‍ അതുതന്നെയാണ് കാര്ണഗിയും തന്റെ കൃതിയില്‍ വിവരിക്കുന്നത്. അറേബ്യന്‍ ലോകത്തും ഇതര രാഷ്ട്രങ്ങളിലും ലക്ഷക്കണക്കിന് വായനക്കാരെ സമ്പാദിച്ച മുഹമ്മദ് അല്‍ അരീഫി 'ജീവിതം ആസ്വദിക്കൂ' എന്ന കൃതിയില്‍ സമൂഹിക സഹവാസത്തിന് ധാര്‍മ്മിക മൂല്യങ്ങള്‍ തിരിച്ചു പിടിക്കാനുള്ള സാധ്യതകളെയാണ് ആരായുന്നത്. യുവസമൂഹം താല്പര്യപ്പെടുന്നതിപ്പോഴും ധാര്‍മിക വിദ്യയാണെന്ന് ഈ പുസ്തകങ്ങളുടെ വെളിച്ചത്തില്‍ നമുക്കു പറയാന്‍ കഴിയും.
No comments:
Post a Comment