2/3/18

സംതൃപ്ത ജീവിതം എങ്ങനെയാണ്...


1920ല്‍ ചെന്നായ്മടയില്‍ നിന്നും രണ്ട് പിഞ്ചോമനകളെ കണ്ടെത്തി. അവരില്‍ ഒരുവന്‍ അധികം വൈകാതെ മരിച്ചു. രണ്ടാമന്‍ ചെന്നായ്കളെപ്പോലെ നാലുകാലില്‍ നടക്കുകയും  സംസാരഭാഷയായ് അവയുടെ മുരള്‍ച്ചയും മറ്റുമാണ് സീകരിച്ചത്. മനുഷ്യരെ കാണുമ്പോള്‍ ലജ്ജാശീലനും ഭയചകിതനുമായി. അവന്‍ അല്പ്പമെങ്കിലും മനുഷ്യ പ്രകൃതം കാട്ടിതുടങ്ങിയത് ദയാവായ്‌പ്പോടെയുള്ള നിരന്തരപരിശ്രമത്തിന് വിധേയമായ ശേഷമാണ്.

അന്ന, അനാഥയായ ഒരു അമേരിക്കന്‍ പൈതല്‍, ആറുമാസം പ്രായമായപ്പോയാണ് ഒരു മുറിയില്‍ ഉപേക്ഷിക്കപ്പെട്ടത്. അഞ്ച് വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് അവള്‍ക്ക് പുറംലോകം കണ്ടത്.  അപ്പോഴും  അവള്‍, നടക്കാനോ സംസാരിക്കാനോ കഴിയാതെ തനിക്ക് ചുറ്റുമുള്ളവരോട് നിസ്സംഗതാഭാവത്തോടെ പെരുമാറി.

സാമൂഹ്യശാസ്ത്രജ്ഞരില്‍ നിസ്ത്യുല്ല്യനായ മാക് ഐവര്‍ (Mac Iver) വിവരിക്കുന്ന ഈ  രണ്ട്   ചരിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഗുണപാഠങ്ങള്‍ പലതാണ്. ഒരാള്‍, തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവന്റെ മാനസികവും ശാരീരികവുമായ സാമൂഹ്യ സമ്പത്ത് മാത്രം മതിയോ. കൈവശപ്പെടുത്തിയ മനുഷ്യേതര സമ്പത്തിന്റെ അശ്രയം കൂടി ഉണ്ടായാല്‍ പോലും മനുഷ്യന് മനുഷ്യനായി മാറാന്‍ സാധിക്കില്ല എന്നാണ് മാക് ഐവര്‍ കുറിച്ചിട്ട ചരിത്രത്തില്‍ നിന്ന് മനസിലാകുന്നത്. അതായത് ഒറ്റക്ക് മനുഷ്യന്‍ മനുഷ്യനായ ചരിത്രമില്ല. പരസ്പരാശ്രയം കൂടിച്ചേര്‍ന്നാലേ മനുഷ്യജീവിതമുണ്ടാവുകയുള്ളൂ. നമ്മുടെ  ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മറ്റു പലരുടെയും ആശ്രയം(സേവനം) സ്വീകരിക്കേണ്ടിവരുമെന്നും മറ്റുപലര്‍ക്കും നമ്മുടെ സേവനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ നേടാനായി ഉപയോഗിക്കേണ്ടിവരുമെന്നാണ് ഈ ചരിത്രം നമ്മോട് പറയുന്നത്. എല്ലാം സ്വയം നേടാനുള്ള കഴിവോ, സ്വന്തമായൊരു നിലനില്‍പ്പോ ഓരോര്‍ത്തര്‍ക്കും ഇല്ലാത്തതിനാല്‍ പരസ്പര സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയെ നിര്‍വ്വാഹമുള്ളൂ.  ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ഉര്‍ജ്ജതന്ത്രഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഞാന്‍ കാണുന്ന ലോകം (The world as I see it)  എന്ന ലേഖനത്തില്‍ പറയുന്നത് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അനേകം പേരുടെ പ്രവര്‍ത്തനഫലത്തെ ആശ്രച്ചാണ് എന്റെ ബാഹ്യവു ആന്തരികവുമായ ജീവിതം നിലനില്‍ക്കുന്നതെന്ന് ഒരോ ദിവസവും നൂറ് തവണ ഞാന്‍ എന്നെ തന്നെ ഓര്‍മപ്പെടുത്താറുണ്ട് എന്നാണ്. ആയതിനാല്‍ എനിക്ക് ലഭച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതും അതേ അളവില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചു നല്‍കാനായി ഞാന്‍ കഠിനപ്രയത്‌നം ചെയ്യണം. ഐന്‍സ്റ്റീന്റെ ഈ ലേഖനത്തില്‍ നിന്ന് വ്യക്തമാവുന്നത് ഇവിടെ ഓരോരുത്തരും രണ്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നാകുന്നു. ഒന്ന് പ്രത്യക്ഷത്തില്‍ നാം നമുക്ക് വേണ്ടി തന്നെ ചെയ്യുന്ന സേവനങ്ങള്‍. അവ സ്വയം സേവനങ്ങളാണ്. മറ്റൊന്ന് നാം മറ്റുള്ളവര്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ നമുക്ക് വേണ്ടിയോ ചെയ്യുന്ന സേവനങ്ങള്‍. അവ പരസ്പര സേവനങ്ങളുമാണ്. ഈ രണ്ട് തരം സേവനങ്ങളും ഉപയോഗിക്കാതെ നമുക്കിടയിലുള്ള സാമൂഹിക ജീവിതം സാധ്യമല്ല. മാത്രമല്ല ഈ പരസ്പര സേവനങ്ങളാണ് വാസ്തവത്തില്‍ ഓരോ വ്യക്തിയുടേയും അവകാശങ്ങളായും ചുമതലകളായും അറിയപ്പെടുന്നത്.

എന്നാല്‍ ആധുനിക സുഖസൗകര്യങ്ങളില്‍ രമിക്കുന്നവര്‍ പരാശ്രയത്തിന്റെ പ്രധാന കണ്ണികള്‍ പൊട്ടിച്ചിതറുന്നത് അറിയുന്നേയില്ല. സ്വന്തം അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്നതിന് നാം മുമ്പന്തിയിലാണ്. എന്നാല്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നിടത് പലരും വിമുകത കാണിക്കുന്നു. വഴിയോരത്ത് അപകടത്തില്‍പ്പെട്ട് നിലവിളിക്കുന്ന വ്യക്തികളിലേക്ക്  അനുകമ്പയോടെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും നാം സമയം കണ്ടെത്തുന്നില്ല. അയല്‍ വാസിയുടെ ആകുലതയും വേവലാതിയും ചോദിച്ചറിയാനും നേരമില്ല. തനിക്കെന്തെങ്കിലും പറ്റിയാല്‍ ഇവരൊക്കെ തന്നെയാണ് തന്നെ സഹായിക്കാനുണ്ടാവുക എന്ന് മനസ്സിലാക്കുവാനുള്ള അല്‍പ്പ ബുദ്ധിപോലും നമുക്കില്ലാതെപോയി. മനസ്സുതുറന്നുള്ള സംസാരത്തിന് ഇന്ന് എത്ര പേരെ കിട്ടും. ഇനി കിട്ടിയാല്‍ തന്നെ അവന്റെ കൈയ്യില്‍  അപ്പോഴും വാട്‌സ് അപ്പോ, ഫേസ് ബുക്കോ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു മൊബൈല്‍ ഉണ്ടായിരിക്കും. മുഖത്ത് നോക്കി സംസാരിക്കാന്‍ അവനെ കിട്ടില്ല. ബസ് യാത്രയിലാണെങ്കില്‍ ഓരോര്‍ത്തരും അവരവരുടെ കാതില്‍ ഹെട്‌സെറ്റ് തിരികിയിരിക്കും. സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പോലും ആ ഭാഗത്തേക്ക് പിന്നെ മുഖം കൊടുക്കില്ല. മനസ്സകത്ത് വേരൂന്നി തുടങ്ങുന്ന സന്തോഷ ദുഃഖങ്ങള്‍ പങ്ക് വെക്കേണ്ട പരസ്പര ബന്ധത്തിന്റെ കെട്ടുറപ്പ് നാം തന്നെയാണ് തകര്‍ത്ത് തരിപ്പണമാക്കുന്നത്. സഹൃദ ബന്ധങ്ങളിലും സംശയത്തിന്റെ നിഴലാട്ടം കണ്ടുതുടങ്ങി.

ബന്ധങ്ങളില്‍ സുപ്രധാനമായ കുടുംബ ബന്ധത്തിനും ഇന്ന് തിരശ്ചീല വീണു. തിട്ടപെടുത്താത്ത മനുഷ്യ ജീവിതത്തില്‍ പ്രതിസന്ധിയുടെ കഴത്തിലേക്ക് വഴുതുമ്പോള്‍ സഹായ ഹസ്തം നീട്ടേണ്ട മക്കള്‍ മാതാപിതാക്കളെ ഏകാന്തതയുടെ മൂകത തളം കെട്ടികിടക്കുന്ന വൃദ്ധസദനത്തിലേക്ക് തള്ളിയിടുകയാണ്. പെറ്റമ്മയുടെ ഊരും ചൂരും കിട്ടി വളരേണ്ട ചോര പൈതലിനെ വഴിയരികില്‍ കെട്ടികിടക്കുന്ന ചപ്പുചവറുകളിലേക്ക് ഒരു തുള്ളി കണ്‍ചോര പോലും ഇല്ലാതെ വലിച്ചെറിയുന്നു. ചിലര്‍ അമ്മതൊട്ടിലില്‍ നിക്ഷേപിച്ച് സ്വയം തടിതപ്പുന്നു. തന്നില്‍ മാത്രമായി ജീവിതം ചുരുങ്ങിയവര്‍  ഓര്‍ക്കുക. ഒരിക്കലും നിങ്ങള്‍ ഭൂലോകത്ത് സംതൃപ്തിയോടെ വസിക്കുക്കയില്ല. ചെയ്തുകൂട്ടിയ ഓരോ തിന്മയുടെയും കണക്ക് പറഞ്ഞ് മക്കളോ മരുമക്കളോ സമൂഹമോ നിങ്ങളെ വേട്ടയാടികൊണ്ടേയിരുക്കും. ഇനി ആരും നിങ്ങളെ വേട്ടയാടുന്നില്ലെങ്കില്‍ അകത്ത് വസിക്കുന്ന മനസാക്ഷികുത്ത് നിങ്ങളെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. പരോപകാരാര്‍ഥമിദം ശരീരം എന്നാണല്ലോ ആപത വാക്ക്യം. ഒരു മനുഷ്യന് നേടാവുന്ന സംതൃപ്തിയില്‍ ഏറ്റവും മഹത്തായ സംതൃപ്തി അന്യന് ഉപകാരം ചെയ്യുന്നതില്‍ നിന്ന് കിട്ടുന്ന സംതൃപ്തി തന്നെയാണ്. സംശയിക്കേണ്ട.

No comments:

Post a Comment