2/3/18

കിണറ്റിലെ തവളകള്‍


ഇന്നും,
കുരുത്തക്കേടെന്ന ഭീകര ജീവി
വേട്ടയാടുന്നത്‌കൊണ്ടാണ്
അദബെന്ന* ചങ്ങലയിലെന്നെ
തളച്ചിടാന്‍ സാധിച്ചത്.

ശണ്ഡീകരിക്കപ്പെട്ട കൂറ്റനെ പോലെ,
അല്ല,
കാമം കരഞ്ഞ്തീര്‍ക്കും
ആണ്‍ കഴുതയെപ്പോലെ,
തരികിടക്ക് കൈയ്യും  കാലും വെച്ചവരിന്ന്
ക്ലാസിലെ കസേരയില്‍
പ്രതിഷ്ഠിക്കപ്പെട്ടു.

വിങ്ങിനിറഞ്ഞ ആവിയില്‍
ഉതിര്‍ന്ന വിയര്‍പ്പ്‌കൊണ്ട്
ബെഞ്ചില്‍ വരച്ചിട്ട ഭൂകണ്ഡങ്ങള്‍
വിടവാങ്ങി.
പൃഷ്ഠത്തില്‍ ഇനി ഇന്ത്യയും പാക്കിസ്ഥാനും.

ഡെസ്‌ക്ക്‌ടോപ്പില്‍ തല പൊക്കുന്ന
വൈറസിനെപ്പോലും
റിമോവ് ചെയ്യ്തില്ല.
ക്ഷീണിച്ച ബഞ്ചിലുറക്കാത്ത ആസനങ്ങളെ
കസേരയിലേക്ക് മാറ്റിയത് അങ്ങനെയാണ്.

തലയെണ്ണാനോ ലീഡറും വേണ്ട.
ഒഴിവ് സീറ്റുകള്‍ നോക്കി
കണക്കെടുപ്പ് നടത്തും.

പകലന്തിയോളം
കിണറ്റിലെ തവളകളായ്
ജീവിതം തള്ളിനീക്കുന്ന
ഈ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍,
ബെന്യാമീന്‍..
വീണ്ടും ഞാന്‍
നൂറുദ്ദീന്‍* വരച്ചിട്ട
ആട് ജീവതം
പകര്‍ത്തുകയാണ്.



*മര്യാദ എന്ന അര്‍ത്ഥത്തിലുള്ള അറബീ പദം
*കാമ്പസിലെ ഒരു വിദ്യാര്‍ത്ഥി.



വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്യാതിരിക്കാനും, ബഞ്ചില്‍ കിടന്നുറങ്ങുന്നത് തടയാനും കാമ്പസിലെ ക്ലാസ്മുറികള്‍ കസേര വല്‍ക്കരിച്ചതിനെതിരേ മൗനിയായൊരു പ്രതിഷേധം.

No comments:

Post a Comment