2/1/18

മറക്കണ്ട അവര്‍ നിങ്ങളുടെ മക്കളാണ്‌



കുട്ടിക്കാലം മുതല്‍ സാമൂഹ്യ ബന്ധങ്ങളില്‍ നിന്ന് പാടെ അടര്‍ത്തിമാറ്റിയ കാസ്പര്‍ ഹൗസ് ന്യൂറം ബര്‍ഗിലെ കാട്ടിലാണ് വളര്‍ന്നത്. തന്റെ പതിനേഴാം വയസ്സിലും ശരിക്ക് നടക്കാനറിയില്ലായിരുന്നു. കാസ്പര്‍ പിന്നീട് സാധാരണ മനുഷ്യനിലേക്കുള്ള തിരിച്ച് വരവിന് വേണ്ടി എത്ര അഭ്യസിച്ചിട്ടും  നിരര്‍ത്ഥകമായ ചല ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനല്ലാതെ  പൊതു ജനത്തിനിടയില്‍ ആശയ വിനിമയം അസാധ്യമായിരുന്നു. അവിടെ അവന്റെ മനസ്സിന് ഒരു ശിശു മനസിന്റെ വളര്‍ച്ചയേ ഉണ്ടായിരുന്നുള്ളൂ. സാമൂഹ്യ ശാസ്ത്രത്തിലെ പ്രമുഖ ചിന്തകനായി എണ്ണുന്ന മാക് ഐവര്‍ (Mac Iver) വിവരിച്ച ഈ ഉദാഹരണത്തില്‍ സാമൂഹ്യ വല്‍ക്കരണത്തിന്റെ തുടക്കമെന്നോണം അവന് അനുകരിക്കാന്‍ മനുഷ്യരായ ആരെയും ലഭിച്ചില്ല എന്നതാണ് വാസ്തവം. അദ്ദേഹം അത് തുറന്ന് സമ്മതിക്കുന്നുണ്ട്.

ഒരാള്‍ക്ക് തന്നെ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവന്റെ മാനസികവും ശാരീരികവുമായ സാമൂഹ്യ സമ്പത്ത് മാത്രം മതിയാകില്ല. ഇനി കൈവശപ്പെടുത്തിയ മനുഷ്യേതര സമ്പത്തിന്റെ അശ്രയം കൂടി ഉണ്ടായാല്‍ പോലും മനുഷ്യന്‍ മനുഷ്യനായി മാറാന്‍ സാധിക്കില്ല എന്നാണ് മാക് ഐവര്‍ കുറിച്ചിട്ട ചരിത്രത്തില്‍ നിന്ന് മനസിലാകുന്നത്. അതായത് ഒറ്റക്ക് മനുഷ്യന്‍ മനുഷ്യനായ ചരിത്രമില്ല. പരസ്പരാശ്രയം കൂടിച്ചേര്‍ന്നാലേ മനുഷ്യജീവിതമുണ്ടാവുകയുള്ളൂ. അപ്പോള്‍ നമ്മുടെ  ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മറ്റു പലരുടെയും ആശ്രയം(സേവനം) സ്വീകരിക്കേണ്ടിവരും. അതുപോലെ നമ്മുടെ സേവനങ്ങള്‍ മറ്റുപലര്‍ക്കും അവരുടെ ആവശ്യങ്ങള്‍ നേടാനായി ഉപയോഗിക്കേണ്ടിവരും. എല്ലാം സ്വയം നേടാനുള്ള കഴിവോ നിലനില്‍പ്പോ ഓരോര്‍ത്തര്‍ക്കും ഇല്ലാത്തതിനാല്‍ പരസ്പര സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയേ നിര്‍വ്വാഹമുള്ളൂ. ഇവിടെ ഓരോരുത്തരും രണ്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഒന്ന് പ്രത്യക്ഷത്തില്‍ നാം നമുക്ക് വേണ്ടി തന്നെ ചെയ്യുന്ന സേവനങ്ങള്‍. അവ സ്വയം സേവനങ്ങളാണ്. മറ്റൊന്ന് നാം മറ്റുള്ളവര്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ നമുക്ക് വേണ്ടിയോ ചെയ്യുന്ന സേവനങ്ങള്‍. അവ പരസ്പര സേവനങ്ങളുമാണ്. ഈ രണ്ട് തരം സേവനങ്ങളും ഉപയോഗിക്കാതെ നമുക്കിടയിലുള്ള സാമൂഹിക ചാക്രിക പ്രവാഹം നടക്കുകയില്ല. ഈ പരസ്പരസേവനങ്ങളാണ് വാസ്തവത്തില്‍ ഓരോ വ്യക്തിയുടേയും അവകാശങ്ങളും ചുമതലകളും. തന്റെ അവകാശം ഹനിക്കുന്നത് ഒരു വ്യക്തിയും ഇഷ്ട്ടപ്പെടുകയില്ല. ഹനിക്കപ്പെട്ടാലോ അവനതിന്റെ പേരില്‍ സ്വയം നിണം ചൊരിക്കാന്‍ വരേ ചിലപ്പോള്‍ തയ്യാറായി വന്നേക്കാം (പല വിപ്ലവങ്ങള്‍ക്ക് പിന്നിലെ രഹസ്യവും അതാണ്). സ്വന്തം ചുമതലകള്‍ നിര്‍വഹിക്കുമ്പോഴാണ് അവന് അവന്റെ അവകാശങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ചോദിച്ചു വാങ്ങുന്നതിലര്‍ത്ഥമൊള്ളൂ (ഇന്ത്യന്‍ ഭരണകൂടം നല്‍കിയ അവകാശവും ചുമതലയും എടുത്ത് നോക്കിയാല്‍ അത് വ്യക്തമാകും).

 ഓരോ വ്യക്തിയുടേയും ജീവിത ശൈലികള്‍ വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ജീവിതത്തിലെ പ്രാഥമിക ഘട്ടമായ ശൈശവം അതിലെ പ്രധാന ഭാഗമാണ്. ചുട്ടയിലെ ശീലം ചുടലവരെ എന്ന പഴമൊഴി അര്‍ത്ഥമാക്കുന്നത് അതാണ്. ഇവിടെയാണ് വര്‍ത്തമാനകാലത്തെ ചില നിയമ വശങ്ങളെ കുറിച്ച് വിചിന്തനം നടത്തേണ്ടി വരുന്നത്.  ഓരോ  പൈതലിനും തന്റെ മാതാവിന്റെ അരികത്ത് നിന്ന് ലഭിക്കേണ്ട ചില അവകാശങ്ങളുണ്ട്. അത് മകന് വേണ്ടി ചെയ്ത് തീര്‍ക്കല്‍ മാതാവിന്റെ ചുമതലയില്‍പ്പെട്ടതാണ്. എങ്കിലേ ജൈവ വസ്തുവായി ജനിച്ച ശിശുവിനെ കേവലം മൃഗീയമായ ആവശ്യങ്ങള്‍ക്കപ്പുറത്ത് നിന്നും പതുക്കെ ഒരു സാമൂഹ്യജീവിയായി വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. മാതാവിന്റെ പാദത്തിന് ചുവട്ടിലാണ് സ്വര്‍ഗാരാമമെന്ന തിരുവചനവും, വീട്ടിന്റെ  വിളക്കാണ് അമ്മ എന്ന മധുര മൊഴിയും അര്‍ത്ഥമാക്കുന്നത് അതാണ്. പിഞ്ചോമനയുടെ സ്വപ്നങ്ങള്‍ വിരാജിക്കുന്നത് മാതാവിന്റെ മടിത്തട്ടിലാണ്. അവന്‍ പ്രവര്‍ത്തിക്കുന്നതിനും അനുഭവിക്കുന്നതിനുമുള്ള സാമൂഹ്യ രീതികള്‍ പഠിക്കുന്നത് സാമൂഹ്യജീവിയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയായ സാമൂഹ്യവല്‍ക്കരണത്തില്‍ നിന്നാണ്. അതിന്റെ തുടക്കം മാതാപിതാക്കളില്‍ നിന്നും. പിറന്നു വീഴുന്ന മനുഷ്യശിശുവിന് സംസാരിക്കാനോ നടക്കാനോ എന്തെങ്കിലും തിരിച്ചറിയാനോ കഴിയില്ല. അവന് ആവശ്യം നിറവേറ്റപ്പെടാന്‍ കരയാന്‍ മാത്രം അറിയാം. ആശ്രയ ജീവിയായി വളരുന്ന പൈതലിന് മനുഷ്യ സേവനങ്ങള്‍ ആയതിനാല്‍, അവന്റെ അവകാശമാണ്. മുലകുടിക്കുക, തിന്നുക തുടങ്ങിയവയാണ് ശിശുവിന്റെ സൗഖ്യങ്ങളില്‍ പ്രധാനമെന്ന് ഫ്രോയിഡ് പറയുന്നു. അവകാശങ്ങള്‍ ഒരു വ്യക്തിക്ക് വകവെച്ചു നല്‍കുന്നതിന്റെ ലക്ഷ്യം അവന് സൗഖ്യം പ്രദാനം ചെയ്യലാണെന്നതുകൊണ്ടുതന്നെ തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കലും, അവന് വേണ്ടി തന്റെ ജീവിതത്തില്‍ നിന്ന് അല്‍പ സമയം നീക്കിവെക്കലും  മാതാവിന്റെ ചുമതലകളില്‍പെട്ടതാണ്. അത് കുട്ടിയുടെ അവകാശവുമാണ്.

ലോകാടിസ്ഥാനത്തില്‍ ഇന്ത്യ, എത്യോപ്യ, പെറു, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ 'സേവ് ദി ചില്‍ഡ്രന്‍'  എന്ന സംഘടന നടത്തിയ പഠനത്തില്‍ ലോകത്തിലെ നാലിലൊന്ന് കുട്ടികള്‍ക്കും പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. അത് വിദ്യാലയത്തില്‍ മികച്ച പ്രകടനംഹാരക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. അത് വിദ്യാലയത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിലും, വളരുമ്പോള്‍ ജോലിചെയ്ത് ഉപജീവനം തേടുന്നതിലും പിന്നോക്കമായി പോകുന്നതിന് കാരണമായിത്തീരുമെന്ന് തെളിവുകള്‍ നിരത്തി വിസ്തരിക്കേണ്ട ആവശ്യമൊന്നുമില്ല. ഏതൊരു കുഞ്ഞിനും ഉടയ തമ്പുരാന്‍ പ്രകൃതിയില്‍ സംവിധാനിച്ച മുലപ്പാല്‍ എന്ന പോഷണപ്രതിരോധചികിത്സക്കുള്ള ഒറ്റമൂലി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതില്‍ പോലും വീഴ്ച്ചവരുത്തിയ മാതൃത്വത്തിന്റെ വികല കാഴ്ച്ചപ്പാട് വിപണിവല്‍ക്കരണത്തിന്റെയും തന്മൂലമുള്ള മൂലച്യുതിയുടെയും ഫലമാണ്. തന്റെ ജോലിത്തിരക്കിനിടയില്‍ കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ സാധിക്കാതെ വരുന്നുണ്ടെങ്കില്‍ അത് മാതാവിന്റെ അടുക്കല്‍ നിന്നുള്ള വീഴ്ച്ചയാണ്. അവിടെ കുപ്പിപ്പാല്‍ കൊടുത്തു കുഞ്ഞിനെ തളര്‍ത്തുകയല്ല വേണ്ടത്. അവന് വേണ്ടി സമയം കണ്ടെത്താന്‍ ശ്രമിക്കണം. സര്‍ക്കാര്‍ ഈ അടുത്ത കാലത്ത് ചില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചതും കോടതി ചില ഉത്പന്നങ്ങളില്‍ ശരീരത്തിന് ഹാനികരം എന്നറിയിക്കുന്ന ചിഹ്നങ്ങള്‍ നിര്‍ബന്ധമാക്കിയതുമായ  വിവരം ആരും മറന്നിരിക്കാന്‍ സാധ്യതയില്ല. ശൈശവത്തിന്റെ പര്യായമായി മാറിയ ചില ഉത്പന്നങ്ങളും അതില്‍പ്പെട്ടിരുന്നു. കാന്‍സര്‍ ബാധിക്കാന്‍ കാരണമാകുന്നു എന്നചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അവയുടെ  പരസ്യങ്ങള്‍ തടഞ്ഞത്. എന്നാല്‍ ഇന്നത്തെ  സ്ത്രീകള്‍ തന്റെ സ്വന്തം കുഞ്ഞിന് പോഷകാഹരമായി കൊടുക്കുന്നത് ഈ ആഗോള തലത്തിലെ രണ്ടാംകിട ഉത്പന്നങ്ങളാണ്. മുലപ്പാലിനേക്കാള്‍ പോഷകാഹാരം ഇവയിലുണ്ടെന്ന് ആരാണ് ഇവരെ പറഞ്ഞ് പറ്റിച്ചത.്

 ജോലി സ്ഥലത്തേക്ക് കുഞ്ഞിനെ കൊണ്ട് പോകല്‍ പ്രയാസമായി അനുഭവപ്പെടുന്നതിനാലും മാതാവിന്റെ മാതാവോ, പിതാവിന്റെ മാതാവോ ഇന്നത്തെ അണുകുടുംബ ജീവിതത്തില്‍ തന്നില്‍ നിന്ന് വേര്‍പിരിഞ്ഞതിനാലും ഇന്ന് പല ഉമ്മമാരും കുഞ്ഞിനെ വേലക്കാരിയുടെ കൈകളിലാണ് ഏല്‍പ്പിക്കുന്നത്. വീട്ടുവേലക്കാരികള്‍ സ്വന്തം മാതാവിന്റെ ചൂടും ചൂരും നഷ്ടപ്പെട്ട ഈ പിഞ്ചോമനകളുടെ കാര്യത്തില്‍ മറ്റുള്ളവരുടെ മേല്‍ നോട്ടമില്ലാതിരിക്കുമ്പോള്‍  എത്രത്തോളം ശ്രദ്ധാലുക്കളായിരിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതാണ്. ഇവിടെ പരാശ്രയത്തിലെ പ്രധാനകണ്ണി അറുത്തുമാറ്റുകയാണ് മാതാവ് ചെയ്തത്. കുഞ്ഞ് കരയുമ്പോള്‍ സമാശ്വസിപ്പിക്കാനും, വിസര്‍ജ്ജിക്കുമ്പോള്‍ അവ കഴുകി ശുദ്ധിയാക്കാനും, വിശക്കുമ്പോള്‍ അന്നപദാര്‍ത്ഥങ്ങള്‍ നല്‍കാനും സ്വന്തം മാതാവിന് നേരമില്ലാതെ വരുമ്പോള്‍ അനുകരണം മാത്രം അനുഭവിച്ചറിഞ്ഞ മകന് മാതാപിതാക്കളെ ആയുസ്സ് തളര്‍ത്തിയിരുത്തുമ്പോള്‍ എങ്ങനെയാണ് തിരിഞ്ഞു നോക്കാനുള്ള മനസ്സ് വരിക. അവരും നിങ്ങളെപ്പോലെ മറ്റാരെയെങ്കിലും ആശ്രയിക്കും. വേലക്കാരിയെ കൂട്ടുപിടിച്ചോ, വൃദ്ധസദനത്തിലാക്കിയോ അവര്‍ നിങ്ങളെ കൈയ്യൊഴിയും. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കമല സുരയ്യ തന്റെ കവിതയായ മിഡില്‍ എയ്ജ് ( Middle Age ) ല്‍ പറയുന്നുണ്ട് തന്റെ മകന്റെ സാനിധ്യം നഷ്ടപ്പെട്ട് ഒറ്റക്കിരുന്ന് അവന്റെ വസ്ത്രവും പുസ്തകവും തലോടി ഒരു അമ്മ കണ്ണീര്‍ വാര്‍ക്കുന്നുത്. ആ കൂട്ടത്തിലേക്ക് നിങ്ങളും ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. സൂക്ഷിക്കുക.

 ഗര്‍ഭപാത്രത്തില്‍ മാതാവിന്റെ തണലില്‍ കിടന്ന് ഊര്‍ജ്ജവും, ജലവും വലിച്ചെടുത്ത   പിഞ്ചുപൈതലുകള്‍ ഒരു സുപ്രഭാതത്തിലാണ് ഭൗമലോകത്ത് കാല് കുത്തിയതെങ്കില്‍ ആ മാതാവ് തന്നെയല്ലേ അവന്റെ സ്വന്തം പിതാവിനെക്കാളും ഉത്തരവാദിത്വവും പരസഹായ സേവനങ്ങളും നല്‍കി സഹകരിക്കേണ്ടത്. അതിന് മാതാവ് തയ്യാറാകേണ്ടതുണ്ട്. അത് ജോലി അല്‍പം കുറച്ചിട്ടാണെങ്കിലും. മാതാവ് എന്ന നിലയില്‍ ഒരു സ്ത്രീ സമൂഹത്തോട് ചെയ്യുന്ന കടപ്പാടായിട്ടും ഏറ്റവും നല്ല സല്‍കര്‍മ്മമായിട്ടും മാത്രമേ ആരും അതിനെ കണക്കാക്കുകയുള്ളൂ.



No comments:

Post a Comment