2/4/18

പ്രധാന വാര്‍ത്തകള്‍


ബീഫും ബിലീഫും കൂട്ടികുഴച്ച തെരുവില്‍
മാതൃവിലാപ താരാട്ടില്‍
മയങ്ങുന്ന പിഞ്ചോമനകളെയും
പശിയടക്കാന്‍ കഴിയാതെ
പേറ്റുന്നോവനുഭവിക്കുന്ന
അമ്മമാരെയും മറന്ന്
കൗ ജിഹാദികള്‍
മതഭ്രാന്തിന്റെ വാള്‍മുനയില്‍
പച്ചമനുഷ്യന്റെ നീരും
ഊറ്റിയെടുക്കാന്‍
അമ്മപ്പശുവിന്
കാമ്പയിനൊരുക്കിയിരിക്കുകയാണ്.

വര്‍ഗീയ വിഷധൂളിയില്‍
ഡിജിറ്റല്‍ ഇന്ത്യയും
മേക്കിംഗ് ഇന്ത്യയും
നട്ടുനനച്ച പട്ടിണി പരിവട്ടം
ചക്രശ്വാസം വലിക്കാന്‍ പഠിക്കുകയാണ്.

കാവിക്കൂട്ടിലെ ചരിത്രഭീതി
വിദ്യാലയത്തിലെ
പഠനം മുടക്കി
ജനാധിപത്യത്തിന്റെ
നാലാം തൂണും
കൊള്ളയടിച്ചിരിക്കുകയാണ്.

ഭാവി ചരിത്രശേഷിപ്പുകള്‍
സ്വന്തമാക്കാനായി
മതരാഷ്ട്രം
ജാതിയുടെ കീടനാശിനി തളിച്ച്
രോഹിത് വെമുലമാരുടെ
മരണങ്ങള്‍ കൊയ്തിരിക്കുകയാണ്.

ലൗ ജിഹാദിന്റെ
പശ്ചാത്തല സംഗീതത്തിനൊത്ത്
മര്‍ത്യന്റെ മാറിടത്തില്‍
ഗര്‍വാപസി ചടുലനൃത്തം
ചവിട്ടിയിരിക്കുകയാണ്.

ഇടവേളക്കു ശേഷം
വാര്‍ത്തകള്‍ വിശദമായി
ചാനലിലെ
തുടര്‍ക്കഥക്കു വേണ്ടി
കാത്തിരിക്കുകയായിരുന്നു.
അക്ഷമരായ പ്രേക്ഷകര്‍.

No comments:

Post a Comment