2/23/18

മക്കളെ 'താരമാ'ക്കി തളര്‍ത്തരുത്. തകര്‍ത്തരുത്.



മക്കള്‍ വലിയ താരങ്ങളാകണമെന്നാണ് പല മാതാപിതാക്കളുടെയും മോഹം. അവര്‍ എങ്ങനെയാണ് വളരേണ്ടതെന്നോ, എന്താണ് മാതൃകയാക്കുന്നതെന്നോ ഒന്നും ഇവര്‍ ചിന്തിക്കാറില്ല. എന്നാല്‍ ഇതെല്ലാം മനസ്സിലാക്കി തരേണ്ട വാര്‍ത്താമാധ്യമങ്ങളോ ഇവരുടെ ചെയതികള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കുന്നു. എന്നിട്ടതി്ല്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. കുട്ടികളെ സമൂഹത്തിനിടയില്‍ മോശമായി ചിത്രീകരിച്ച് അതില്‍ പുളകം കൊളുകയാണ് ചില ചാനലുകളുടെ പണി. അതിനു വേണ്ട വലക്കെണികളും അവര്‍ തന്നെ ഒരുക്കുന്നുണ്ട്. വിശ്വാസം വരുന്നില്ലെങ്കില്‍ കുട്ടിപട്ടാളം (ഈ  ചിലരുടെ പരാതിയെ തുടർന്ന് പോഗ്രാം സൂര്യ ടീവി നിറുത്തിയെന്നാണ് പറയപ്പെടുന്നത്. എങ്കിലും ഇത്തരം പ്രോഗ്രാമുകൾ ഇനിയും തലപൊക്കാൻ സാധ്യതയുണ്ട്.) പോലുള്ള ചാനൽ പ്രോഗ്രാമുകൾ ഒന്ന് നിരീക്ഷിക്കുക... അത്തരം ചില കലാപരിപാടികള്‍ നടത്തുന്ന ചാനലുകള്‍ കുട്ടികളുടെ സ്വഭാവം വികലമാക്കുകയാണ്. 
സ്വന്തം മാതാപിതാക്കളുടെ പോരായ്മകള്‍ പൊതു സദസ്സിന് മുന്നില്‍ അവതരിപ്പിക്കുന്ന കുട്ടികളെ മാത്രമാണ് നിങ്ങള്‍ക്കതില്‍ കാണാന്‍ കഴിയുക. അവര്‍ സദസ്സ്യര്‍ക്ക് ഒരു ചിരിക്കുടുക്ക തന്നെ ആയേക്കാം. അത്ഭുതവുമായേക്കാം. പക്ഷേ, ഇതിലൂടെ മാതാപിതാക്കളോട് ഇങ്ങനെയൊക്കെയാണ് പെരുമാറേണ്ടത് എന്ന തെറ്റായ സൂചന കൂടി അവന് ലഭിക്കുന്നു. തീര്‍ന്നില്ല, സമീപ ഭാവിയില്‍, കുടുംബ കലഹത്തിന് എരിവും പുളിയും ചേര്‍ത്ത ചില ചേരുവകളായി ഇവ മാറിയേക്കും. ഇത്തരം പ്രോഗ്രാമുകളില്‍ കുഞ്ഞുങ്ങള്‍, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും സദസ്സ്യരെ ചിരിപ്പിക്കാറുണ്ട്. പിഞ്ചോമനകള്‍ക്ക് കളവ് പറയാനുള്ള പ്രോത്സാഹനമാണിത്. പരിപാടികള്‍ നടത്തുമ്പോള്‍ അവതാരകന്‍ മനഃപൂര്‍വം ഇതു പോലുള്ള ചോദ്യങ്ങള്‍ തൊടുത്തു വിടാന്‍ പ്രത്യേകം ശ്രമിക്കും. കാരണം ശ്രോതാക്കള്‍ക്ക് മടുപ്പനുഭവപ്പെടരുതല്ലോ. അതിലെ ചില ചോദ്യങ്ങള്‍ കേട്ടാല്‍ നിങ്ങളും തരിച്ചിരുന്ന് പോകും. പ്രണയവും കാമവുമെല്ലാമാണ് ഈ പിഞ്ചോമനകളെ കൊണ്ട് പറയിപ്പിക്കുന്നത്. കാമത്തിന്റെ ചെറു തരി പോലും ഇവര്‍ നുണഞ്ഞിട്ടുണ്ടാവല്ല. എന്നാലും കേട്ടിരുന്ന് രോമാഞ്ചം കൊള്ളാന്‍ സദസ്യരെ കിട്ടണമെങ്കില്‍ ഇതൊക്കെ വേണം. പ്രേക്ഷകരുടെ സ്വാധീനത്തിനനുസരിച്ചല്ലേ പരിപാടിയുടെ വിജയം. ഏഷണി പരദൂഷണത്തിന്റെ വൈജാത്ത്യം നിറഞ്ഞ ഭാവങ്ങളും നിങ്ങള്‍ക്കതില്‍ ദര്‍ശിക്കാവുന്നതാണ്. കുഞ്ഞുങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തനി കോമാളി തന്നെ. ഈ കോമാളി വേഷം കൊണ്ട് മാതാപിതാക്കള്‍ക്കെന്ത് കിട്ടി? മക്കള്‍ക്കോ..?

No comments:

Post a Comment