1/25/18

ലഹരി യുവത്വം കവരുമ്പോള്‍



ലോക രാജ്യങ്ങള്‍ ഇന്ത്യയെ വീക്ഷിച്ചു അസൂയയോടെ മൊഴിയുന്ന ഒരു പദമാണ് 'യുവാക്കളുടെ ഇന്ത്യ'. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ വസിക്കുന്ന രാഷ്ട്രമായതിനാലാണ് ഈ ഒരു ഓമന പേരിന് നാം അര്‍ഹനായത്. വളര്‍ന്നു വരുന്ന ഈ യുവ ജനതയുടെ സാനിധ്യത്തിന്റെ തോതനുസരിച്ചായിരിക്കും ഭാവി ഇന്ത്യയുടെ വളര്‍ച്ചയും തളര്‍ച്ചയും വിലയിരുത്തുക. ഏത് രാഷ്ട്രത്തിന്റെയും ചിരകാല സ്വപ്നങ്ങള്‍ പൂവണിയണമെങ്കില്‍ യുവാക്കളുടെ യുക്തി ഭത്രമായ ഇടപെടലുകള്‍ സമൂഹത്തിന് അത്യന്താപേക്ഷികമാണ്. സ്വതന്ത്ര ഇന്ത്യ നമ്മുടെ കരങ്ങളിലേല്‍പ്പിച്ചതിനു പിന്നില്‍ എണ്ണമറ്റ യുവക്കളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ. അവരുടെ അകമയിഞ്ഞ സഹായമില്ലായിരുന്നെങ്കില്‍ യൗവന തുടിപ്പോടെ ഇന്ന് ഇന്ത്യയെ കാണാന്‍ സാധിക്കുമായിരുന്നോ. ഇല്ല. മനസ്സിനകത്ത് താലോലിച്ചു പോരുന്ന സ്വപ്നങ്ങളെ  പ്രവര്‍ത്തന പഥത്തില്‍കൊണ്ടുവരാന്‍ സാധിക്കുന്ന ഇവരുടെ സാനിധ്യമുണ്ടായതിനാല്‍ തന്നെയാണ് മറ്റു രാഷ്ട്രങ്ങള്‍ ഇന്ത്യക്കു നേരെ അസൂയവാഹകമായ നോട്ടമെറിയുന്നതും.

 വിടപറഞ്ഞ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം എപ്പോഴും സ്വപ്നം കാണാന്‍ നിര്‍ദേശിക്കാറുള്ള ഇന്ത്യന്‍ യുവാക്കളുടെ ചിരകാല സ്വപ്നങ്ങള്‍ ചിറകറ്റു വീഴുന്ന രംഗങ്ങളാണ് പത്ര ദൃശ്യമാധ്യമങ്ങിലൂടെ നമ്മുക്ക് കാണേണ്ടിവരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും പുകയിലക്കും നമ്മുടെ യുവാക്കള്‍ അടിമപെട്ടുപോയി എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, അതിന്റെ ദുരന്ത വശങ്ങളും പഠനത്തില്‍ വിവരിക്കുന്നുണ്ട്. ദുരന്തങ്ങളെ കുറിച്ച് ഹള്‍യോര്‍ക്ക് മെഡിക്കല്‍ സ്‌ക്കൂള്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ലോകത്ത് പ്രതിവര്‍ഷം പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നവരില്‍ നാലില്‍ മൂന്ന് പേരും ഇന്ത്യക്കാരാണെന്നാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും .ദുരന്ത വശങ്ങള്‍ തെളിവുകള്‍ നിരത്തി വിവരിക്കേണ്ട ആവശ്യമേ ഇല്ല. ദിനേന നാം നമ്മുടെ മക്കളിലൂടെയും പിതാക്കന്മാരിലൂടെയും അനുഭവിച്ചറിയുകയല്ലേ. ഇരു കാലില്‍ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് നമ്മുടെ മക്കള്‍ക്ക് ഒരു തുള്ളി മദ്യമോ അല്‍പം ലഹരിയോ മതി.

 കൗമാരക്കാരുടെയും യുവാക്കളുടെയും പുകയില ഉത്പന്നങ്ങളോടുള്ള താത്പര്യം വര്‍ധിച്ചു വരുന്നുണ്ടെന്നറിഞ്ഞ് പ്രായപൂര്‍ത്തിക്ക് താഴെയുള്ള വ്യക്തികള്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ വിറ്റവര്‍ ഏഴു വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴ ഒടുക്കലും നേരിടേണ്ടി വരുമെന്ന് നിഷ്‌കര്‍ഷിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് (Care and Protection of Children)ആക്റ്റ് 2015 നിയമ പ്രാബല്ല്യത്തില്‍ വന്നെങ്കിലും മുന്‍കാല അനുഭവങ്ങള്‍ വെച്ചുനോക്കുകയാണെങ്കില്‍ ഇതും ഒരു വിധത്തിലും കുട്ടികളെ അവയില്‍ നിന്ന് അകറ്റുകയില്ലെന്നാണ് മനസ്സിലാവുന്നത്. മദ്യത്തിന്റെ ഉപഭോഗത്തില്‍ യുവാക്കളുടെ സാനിധ്യം വര്‍ധിച്ച തോതില്‍ കാണുന്നതിനാല്‍ പരസ്യങ്ങളിലൂടെയും കലാലയങ്ങളിലൂടെയും ബോധവല്‍ക്കരണങ്ങള്‍ വിവിധ രൂപത്തില്‍ പരീക്ഷിച്ചു നോക്കിയിരുന്നു. ഫലം വിഫലമായിരുന്നു എന്ന് പഠനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. 2009ല്‍ ഇന്ത്യയിലെ 13 മുതല്‍ 15 വരെ പ്രായമുള്ള യുവാക്കളില്‍ ഏകദേശം പതിനഞ്ചു ശതമാനവും (19 ശതമാനം ആണ്‍ കുട്ടികളും എട്ട് ശതമാനത്തിലധികം പെണ്‍കുട്ടികളും) വ്യത്യസ്ത രൂപത്തിലുള്ള പുകവലി ഉത്പന്നങ്ങളുപയോഗിക്കുന്നുണ്ടെന്നാണ് ഏഥഠട(Global Youth Tobacco Survey) യുടെ വിലയിരുത്തല്‍. ഇതേ പ്രായത്തിലുള്ള പുകവലി ഉത്പന്നങ്ങള്‍ തൊട്ടു നോക്കാത്ത 15.5 ശതമാനം വരും കാലങ്ങളില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടൈന്നും അതില്‍ പറയുന്നു. മാത്രമല്ല ഇത്തരം ഉപഭോഗ വസ്ത്തുക്കളുപയോഗിക്കുന്ന ഇതേ പ്രായത്തിലുള്ള സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ തോത് 2006ല്‍ 13.7 ശതമാനമായിരുന്നെങ്കില്‍ 2009ല്‍ 14.6 ശതമാനമായി വര്‍ധിച്ചു.


ലഹരിക്കും മദ്യത്തിനും അടിമപ്പെടുന്നത് എങ്ങനെ


 Asian Pacific Journal of Cancer Preventionല്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ പ്രായമായ കുട്ടികള്‍ക്ക് പുകയില നിര്‍മാണ കമ്പനികള്‍ ഫ്രീയായി പുകയില ഉത്പന്നങ്ങള്‍ ഓഫര്‍ നല്‍കിയും പരസ്യങ്ങളിലൂടെയും വശീകരിച്ചിട്ടുണ്ടെന്ന്. കലാലയ ചുറ്റുവട്ടത്തുള്ള കടകളില്‍ വില്‍പ്പനക്ക് വെച്ച മുട്ടായി ബീഡികള്‍ കമ്പനിക്കാര്‍ പുകയില ഉത്പനങ്ങള്‍ക്ക് കുട്ടികളെ അടിമപ്പെടുത്താന്‍ ഉപയാഗിക്കുന്ന ഒരു തന്ത്രമാണ്. അതിലടങ്ങിയിരുക്കുന്ന ലഹരിയും ബീഡിയോടുള്ള സാമ്യതയും കുട്ടികളെ ഹരം പിടിപ്പിക്കുമെന്നതിനാല്‍ ഭാവിയില്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലേക്കുള്ള ചവിട്ടു പടിയായി അവ വര്‍ത്തിക്കും. 1994ലെ U.S Surgeon Generalന്റെ റിപ്പോര്‍ട്ട് വെളിവാക്കുന്നത് യുവാക്കള്‍ എപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതെന്നും എപ്പോഴാണത് അവരുടെ ശീലമായി മാറുന്നതെന്നും കമ്പനികള്‍ക്കറിയാമെന്നാണ്. ചെറുപ്രായത്തില്‍ പുകവലിക്കുന്ന മിക്കവരും ഭാവിയിലതിന്റെ അടിക്റ്റായിട്ടാണ് കാണപ്പെട്ടിട്ടുള്ളത്. അവരെ അതില്‍ നിന്ന് പൂര്‍ണമായും മറ്റു പുകവലിക്കാരെ പോലെ വേഗത്തില്‍ മോചിപ്പിക്കാന്‍ സാധിച്ചോളണമെന്നില്ല. പുകവലി നേരത്തെ തുടങ്ങിയ വ്യക്തി അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നുമില്ല. ഇത് പുകയില ഉത്പാദന കമ്പനിക്കാര്‍ക്ക് പെട്ടന്ന് തന്നെ അവരെ പ്രലോഭിപ്പിക്കുവാന്‍ അവസരമൊരുക്കുന്നു.


 സിനിമാ സീരിയലുകളെ മാതൃകയാക്കുന്ന യുവാക്കളിലാണ് ഇന്ന് മദ്യ പാനവും മയക്കു മരുന്നു ഉപഭോഗവും വര്‍ധിച്ച രീതിയില്‍ കാണുന്നത്. മദ്യം മയക്കുമരുന്നുകള്‍ക്കു അടിമപ്പെട്ട മാതാപിതാക്കളുടെ മക്കളും ഭാവിയിലവരെ മാതൃകയാക്കാറുണ്ട്. സ്വഭാവ ദൂശ്യമുള്ള മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ട വ്യക്തികളോടുള്ള സഹൃദ ബന്ധങ്ങള്‍ മദ്യ മയക്കുമരുന്നിലേക്ക് കുട്ടികളെ പെട്ടന്നടുപ്പിക്കും.

 മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍പ്പനക്കാരന്‍ പറയുന്നിടത്ത് ചെന്ന് അന്വേഷിച്ചാല്‍ ലഭിക്കുമെങ്കിലും വില്‍പ്പനക്കാരനെ കാണാന്‍ സാധിച്ചോളണമെന്നില്ല. അത്രയും രഹസ്യ സ്വഭാവത്തോടെയാണ് ഈ ഇടപാടുകളുറപ്പിക്കാറുള്ളത്. അവര്‍ എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിരിക്കുന്നിടത്തു നിന്ന് ആവശ്യക്കാരോട് പണം വെച്ച് എടുക്കാന്‍ നിര്‍ദേശിക്കുകയാണ് പതിവ്.

 ലഹരി ഉപയോഗിക്കുന്നവരില്‍ ചിലപ്പോള്‍ അറിയാതെ നമ്മളും പെട്ടുപോകന്നുണ്ട്. വിവിധ ഇനം പശകളുടെ വാസനിയില്‍ ഉന്മാദരാകുന്ന ചിലരുണ്ട്. ഫെവിഗോളിലും സുപ്പര്‍ഗോളിലും, പൈപ്പുകളും മറ്റും ഒട്ടിക്കുവാന്‍ ഉപയോഗിക്കുന്ന പശകളിലും ലഹരിയുണ്ടെന്നാണ് വിദ്ധഗ്ത്തരുടെ ഭാഷ്യം. ഈ അടുത്ത് അത്തരം പശകള്‍ ടൗവ്വലിലാക്കി മൂക്കിനോട് ചേര്‍ത്ത് വാസനിച്ച്  ബോധരഹിതരായ നാല് വിദ്യാര്‍ത്ഥികളെയാണ് സ്‌ക്കൂള്‍ പരിസരത്തു നിന്ന് നാടുകാര്‍ പിടികൂടിയത്. അവരത് ഇന്റര്‍നെറ്റിലൂടെ കണ്ടറിയുകയായിരുന്നു. കുട്ടികള്‍ പശകളുടെ വാസനയില്‍ ഹരം പിടിക്കുന്നതിന് അവസരം നല്‍കാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം പാമ്പിന്റെ വിഷം ലഹരിയായി ഉപയോഗിക്കുന്ന ചിലരെ പോലീസ് പിടികൂടിയിരുന്നു. അവര്‍ അനുഭവം പങ്കുവെക്കുന്നത് കേട്ട് പലരും അത്ഭുതംകൂറി. തന്റെ നാവ് പുറത്തേക്ക് നീട്ടികൊടുത്ത് പാമ്പിനെകൊണ്ട് കൊത്തിക്കുകയാണത്ര അവര്‍ ചെയ്യാറുള്ളത്. ഒന്നോ രണ്ടോ ആഴ്ച്ച അതിന്റെ ലഹരി ശരീരത്തിലുണ്ടാകുമെന്നും ആ ദിവസങ്ങളില്‍ അബോധാവസ്ഥയിലാണവര്‍ കഴിയാറുള്ളതെന്നും പാമ്പിന്റെ ഒരു കൊത്തിനു തന്നെ നല്ല സംഖ്യ ചിലവാകാറുണ്ടെന്നും അവര്‍ പറയുന്നു. പുകവലി, പാന്‍മസാല പോലുള്ള ചെറിയ ഉത്പന്നങ്ങളില്‍ നിന്നു തുടങ്ങുന്ന ലഹരി ഉപഭോഗം അവസാനം ജീവിത കാലം മുഴുവനും അബോധവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തിലേക്കാണ് നമ്മുടെ മക്കളെ എത്തിക്കുന്നതെങ്കില്‍ പിന്നെ അവരുടെ സ്വപ്ന ചിറകുകള്‍ അറ്റില്ലെങ്കിലേ അത്ഭുതമൊള്ളൂ.

 മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടവര്‍ കൃത്യസമയത്തവ ലഭ്യമായില്ലെങ്കില്‍ ശാരീരികവും മാനസികവുമായി തളര്‍ന്ന് അസ്വസ്ഥ പ്രകടിപ്പിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് വേണ്ടത്ര ചിക്തസ നല്‍കാതെ മദ്യത്തിന് ഘട്ടം ഘട്ടമായി നിയന്ത്രണം കൊണ്ടുവരുമെന്ന സര്‍ക്കാറിന്റെ വാദം പൊള്ളയാണെന്നേ പറയൂ. നിയന്ത്രണമുള്ളതിനാല്‍ മദ്യം തെരുവു കച്ചവടക്കാരില്‍ നിന്ന് ലഭിക്കില്ലെങ്കിലും ഉപഭോഗതാവ് നിര്‍ദേഷിക്കുന്നിടത്തേക്ക് മദ്യം എത്തിക്കുന്ന പുതിയ രീതി കച്ചവടക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.


എന്തുണ്ട് പരിഹാരം


 ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയാണ് ആദ്യമായ് നാം ചെയ്യേണ്ടത്. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത കുട്ടികളിലാണ് അമിതമായ ലഹരി ഉപയോഗം കണ്ടുവരുന്നത്(അന്യ സംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ചാല്‍ ഈ വസ്തുത കൂടതല്‍ വ്യക്തമാകും). വിദ്യാസമ്പന്നരായ പല യുവാക്കളും ഇതിനടിമയാകുന്നതിന് നാട്ടില്‍ തന്റെ മാതാപിതാക്കളുടെ സാനിധ്യമില്ലാതിരിക്കല്‍ നിമിത്തമാകാറുണ്ട്. അവര്‍ വിദേശത്തേക്ക് തൊഴില്‍ തേടി പോയതായിരിക്കാം. ഈ സാഹചര്യങ്ങളില്‍ മക്കളുടെ ശിക്ഷണത്തിന് നാട്ടിലുള്ള കുടുംബക്കാരിലൊരാളെ എല്‍പ്പിക്കുന്നത് നന്നായിരിക്കും. പരസ്യങ്ങളും ബോധവല്‍ക്കരണ ക്ലാസുകളും നല്‍കി വളര്‍ത്തുകയാണ് ഇത്തരം ദുശ് ചെയ്തികളില്‍ നിന്ന് കുട്ടികളെ മാറ്റി നിറുത്താനള്ള ഏക പോംവഴി. സമൂഹം ഒറ്റകെട്ടായി ഇതിനെതിരെ ശബ്ദിക്കാന്‍ തയ്യാറാവണം. അതിരുവിടുന്ന സിനിമകള്‍ക്കും സീരിയലുകള്‍ക്കും നിയന്ത്രണമെങ്കിലും കൊണ്ടു വരാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. മാതാപിതാകള്‍ മദ്യത്തിനോ മയക്കുമരുന്നിനോ പുകവലിക്കോ അടിമയാണെങ്കില്‍ എത്രയും പെട്ടന്ന് മനശാസ്ത്രജ്ഞനെ കണ്ട് ചിക്തസക്ക് തയ്യാറാകുക. അത്തരം ശീലങ്ങള്‍ മക്കളുടെ ശ്രദ്ധയില്‍പെടാതിരിക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യാനും നിയമങ്ങള്‍ കണിശതയോടെ നടപ്പില്‍ വരുത്താനും മുന്നിട്ടിറങ്ങണം.

No comments:

Post a Comment