1/22/18

ഉമ്മാ... കുഞ്ഞു ഗസ്സ കരയുന്നൂ...





സിരകളില്‍ വിപ്ലവത്തിന്റെ രക്തം തിളച്ച ഇന്ത്യന്‍ ജനതക്കെന്തു പറ്റി...? നൂറ്റാണ്ടുകളോളം വൈദേശികരുടെ അധിനിവേഷത്തിനെതിരെ പൊരുതിയ നമുക്ക് മൂക്കിനു താഴെ നടക്കുന്ന അനീതിയോട് എങ്ങനെ പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കുന്നു. നമ്മുടെ മനസ്സും ചത്തോ..? ഫാസിസം ആഗ്രഹിക്കുന്ന അതേ മൗനത്തിലാണ് നാം. പ്രതികരണ ശേഷിയുടെ അവസാനത്തെ അനക്കവും നമുക്ക് കെട്ട് കാണണം. ഇസ്‌റാഈലി ആക്രമണങ്ങളെയും കൂട്ടക്കൊലയെയും അപലപിക്കാനെന്തുകൊണ്ട് മടിച്ചു...? പൊരുതുന്ന ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനെന്തിന് ചങ്കിടറണം. മുമ്പോരിക്കല്‍ പാര്‍ലമെന്റെില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭരണകൂടത്തെ സമ്മര്‍ദം ചെലുത്തിയിട്ടും പക്ഷേ, മോദി സര്‍ക്കാര്‍ അന്ന് കുലുങ്ങിയില്ല. ഈ അടുത്ത് ഫലസ്തീന്‍ മണ്ണിലേക്ക് ഉപഹാരങ്ങളുമായി പോയ രാഷ്ട്രപതി പ്രണഭ് മുഖര്‍ജി ഇസ്രാഈലിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. എന്നല്ല, ബെഞ്ചമിന്‍ ആ ഉപഹാരങ്ങള്‍ ഫലസ്തീനികള്‍ക്ക് നല്‍കുന്നതിനെ തടഞ്ഞപ്പോഴും മൗനിയായി നിന്നു. പണ്ട് നെഹ്‌റു ഫലസ്തീന്‍ സന്ദര്‍ശിച്ചപ്പോള്‍, യാത്ര തന്നെ മുടക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഇസ്രായേലിന് വായടപ്പന്‍ മറുപടിയും കിട്ടി. ഇന്നിപ്പോള്‍ ഭരണീയരും ഭരിക്കുന്നവരും ഒഴിക്കിനൊത്ത് നീന്താന്‍ തുടങ്ങി. അങ്ങനെയാവുമ്പോള്‍ ആരെയും ഭയപ്പെടേണ്ടതില്ലല്ലോ.

ഇനി ഒരു സത്യം തുറന്നു പറയാം. ഫലസ്തീന്റെ ഉരുക്കു മുഷ്ടിയെ തകര്‍ക്കാന്‍ ഒരു കൊലകൊമ്പനും സാധിക്കില്ല. നാം അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും. ഹമാസിന്റെ ഓലപ്പടക്കത്തിന് മുന്നില്‍ മിസൈലുകളുടെയും ബോംബുകളുടെയും തമ്പുരാക്കന്മാരായ ഇസ്‌റഈല്‍ പോലും മുട്ട് വിറക്കുന്നത് കാണുമ്പോള്‍ മനസ്സാക്ഷിക്കുത്തുള്ള ഒരു പറ്റം ലോക ജനത ഊറിച്ചിരിക്കുകയാണ്.

ജീവിതത്തിന്റെ നട്ടുച്ചയില്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ വലത് കൈ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് കരഞ്ഞ അറഫാത്തിന്റെ ജനതയെ സയണിസ്റ്റ് കാപാലികര്‍ ബോംബിട്ട് ചുട്ടുകൊല്ലുമ്പോള്‍ ക,മ എന്നു മിണ്ടാന്‍ നമുക്ക് വയ്യ. നമ്മുടെ വീറും വാശിയുമൊക്കെ എവിടെപ്പോയി. ഫാസിസം ഒന്ന് ഞെളിഞ്ഞപ്പോഴേക്കും ചോര്‍ന്നൊലിച്ചോ..? .ഒരൊറ്റ തുമ്മലിന് തെറിക്കുന്ന മൂക്കായിരുന്നോ നാമെല്ലാം.

അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാ, യാ റസൂലല്ലാ, യാ അല്ലാഹ്.  ഫലസ്തീന്‍ തെരുവു വീഥികളിലുയരുന്ന ഈ അലയൊലികള്‍ വെറും വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ മാത്രമാണെന്നു കരുതരുത്. വന്നു വീഴുന്ന ബോംബുകള്‍ക്കും മിസൈലുകള്‍ക്കും മുന്നില്‍ അശക്തരായ ഇവര്‍ മരണം കണികാണുമ്പോള്‍ ഒരു പൂര്‍ണ്ണ വിശ്വാസിയായി മരിക്കാനുള്ള ആഗ്രഹം കൂടിയാണത്. 1940 കള്‍ക്ക് ശേഷം ഇന്നേവരെ ഒരു രാവിലും ഫലസ്തീന്‍ മക്കള്‍ സൈ്വര്യമായി ഉറങ്ങാറില്ല. ചുറ്റുപാടും മൂളിവരുന്ന മിസൈല്‍ നാളങ്ങള്‍ എങ്ങനെ അവരെ ഉറങ്ങാന്‍ സമ്മതിക്കും. നിഷ്‌കളങ്കതയുടെ ചിത്രമായ പിഞ്ചുപൈതലിനെപ്പോലും സയണിസ്റ്റ് കപാലികര്‍ വെറുതെ വിടുന്നില്ല. ചാറ്റല്‍ മഴ പോലെ തുരുതുരാ വീഴുന്ന വെടിയുണ്ടകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍ ജീവിക്കുന്ന ഒരു ഉമ്മാക്കും പറയാന്‍ ധൈര്യമില്ല തന്റെ മകന്‍ സ്‌കൂള്‍ വിട്ട് വീടിന്റെ പടി കയറി വരുമെന്ന്. സ്‌കൂള്‍ പടിക്കലും വഴിയോരങ്ങളിലും കുരുന്നു മുഖങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുക, യന്ത്രത്തോക്കുകള്‍ കരയുന്ന ശബ്ദം മാത്രം. ഒരു കുട്ടിയും പറയില്ല തന്റെ പ്രിയ കളിക്കൂട്ടുകാരന്‍ നാളെ തന്റെ കൂടെയിരുന്ന് പഠിക്കാന്നുണ്ടായിരിക്കുമെന്ന്. ഇത്രയേറെ യാതനകളും വേദനകളും ഏറ്റുവാങ്ങിയിട്ടും ആ ജനത ഒരിടത്തേക്കും ഓടി മറയാന്‍ കൊതിക്കാറില്ല. കൊതിച്ചാല്‍ തന്നെ എങ്ങോട്ട് ഓടാനാണ്. രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം കൊട്ടിയടച്ചിരിക്കുകയല്ലേ... യു എന്നിന്റെ അഭയാര്‍ത്ഥി കാമ്പുകളും ആ കാപാലികര്‍ വെറുതെ വിടാതിരിക്കുമ്പോള്‍ ഇനിയവര്‍ക്ക് അഭയം നേടാനിടമില്ല. മരണം കണ്ടും മൃതിവിളികേട്ടും ചിന്നഭിന്നമായ അവയവങ്ങള്‍ക്കിടയില്‍ വാവിട്ടു കരഞ്ഞും ദാഹിച്ചു വലഞ്ഞ് ഉമ്മയുടെ മുലപ്പാലിന് കേഴുന്ന കുരുന്നിന്റെ കണ്ണീര് കണ്ട് മനം നൊന്തും അവര്‍ക്ക് മരിക്കാം. ഉറക്കിലും ഉണര്‍വ്വിലും പേടിസ്വപ്നങ്ങളുടെ കണിവലയിലകപെട്ട മിക്ക പിഞ്ചോമനകളും വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു എന്നതാണ് യു എന്‍ ഒ യുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആശുപത്രികളിലേക്ക് വരുന്ന രോഗികളും തൊലിയില്‍ തൂങ്ങിയാടുന്ന അവയവങ്ങളുമായി വരുന്നവരും അന്ധരുമെല്ലാം ചികിത്സ ലഭിക്കാതെ നിരാശപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാരാണെങ്കില്‍ ആരെയാണ് ചികിത്സക്കേണ്ടതെന്നറിയാതെ സംശയത്തിലും. ആകെ ഒരു വൈദ്യുതി നിലയമാണ് ഫലസ്തീനിലുണ്ടായിരുന്നത്. അത് ഈ ഭീകരര്‍ മുമ്പ് തകര്‍ത്തിരുന്നു. അതോടെ വെളിച്ചമില്ല. വൈദ്യുതി ഉപകരണങ്ങള്‍ വര്‍ക്ക് ചെയ്യുകയുമില്ല. രക്തത്തില്‍ കുളിച്ച് കീറി മുറിഞ്ഞ് കിടന്ന അവയവങ്ങളുമായി വേദന കൊണ്ട് പുളയുന്നവരെ ആശുപത്രിക്കിടക്കയിലും നിലത്തും കണ്ട് ഡോക്ടര്‍മാര്‍ നിസ്സഹായതയോടെ പൊട്ടിക്കരയുന്നു.


ഒരു സത്യം വിസ്മരിക്കരുത്. ജൂതരെ ഇത്രേയും വലിയ ക്രൂരന്മാരാക്കിയതും
തെമ്മാടികളാക്കിയതും പാശ്ചത്യര്‍ തന്നെയാണ്. അവിടങ്ങളില്‍ നൂറ്റാണ്ടുകളായി നടമാടിയ ജൂത കൂട്ടകൊലകളാണ് അവര്‍ക്ക് സ്വന്തമായൊരു മാതൃരാജ്യം വേണമെന്ന വ്യമോഹത്തിലേക്കെത്തിച്ചത്. 1917ല്‍ ബ്രിട്ടന്റെ കീഴിലായിരുന്ന ഫലസ്ത്തീന്‍ ജൂതര്‍ക്ക് മാതൃരാജ്യം സ്ഥാപിക്കാനുള്ളതാണെന്ന് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി, ബാല്‍ഫറി പ്രഖ്യാപിച്ചിരുന്നു. പിന്നീടിങ്ങോട്ട് ലോകത്തിന്റെ നാനാതുറകളില്‍ നിന്നും ജൂതകുടിയേറ്റം അരങ്ങേറി. അതിനെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് അവസരമൊരുക്കാനും 1948ല്‍ ഒരു ജൂത രാഷ്ട്ര തന്നെ സ്ഥാപിക്കാനും അമേരിക്കയും ബ്രിട്ടനും കിണഞ്ഞു പരിശ്രമിച്ചു. അത് ഫലം കണ്ടു. 1948ല്‍ ഹിറ്റ്‌ലര്‍ ആട്ടിയകറ്റി ചിന്നിചിതറിയ ജൂതര്‍ ഒരു കുടക്കീഴില്‍ സംഘമിക്കുകയും ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കുകയും നൂറ്റാണ്ടുകളായി പലസ്തീനില്‍ ജീവിച്ച തദ്ദേശിയരായ അറബികള്‍ ചിതറിതെറിക്കുകയും ചെയ്തു. പക്ഷേ, പരിണിത ഫലം മറ്റൊന്നായിരുന്നു. രങ്കത്ത പങ്കിലമായ ഒരു നീണ്ട അധ്യായത്തിനാണ് തുടര്‍ന്ന് ലോകം സാക്ഷിയായത്. ഇപ്പോഴും തുടര്‍കഥ പോലെയത് നീണ്ടു പോകുന്നു.

എവിടെ ഇന്ത്യന്‍ ജനത. സമാധനത്തിന്റെ ഒരു വാക്കെങ്കിലും അവരുടെ അടുക്കല്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് ഫലസ്തീന്‍ ഈയിടെ വെട്ടിതുറന്നു പറഞ്ഞു. തുറന്ന ജയില്‍ എന്ന വിളിപ്പേരുള്ള കൊച്ചുപട്ടണമായ ഗസ്സയിലെ മാതാപിതാക്കള്‍ക്കൊപ്പം കെട്ടിപ്പുണര്‍ന്നുറങ്ങിയ പിഞ്ചോമനകളെ ബോംബിട്ട് തകര്‍ത്തത് ഇവരറിയുന്നില്ലേ എന്ന് അവരുടെ മനസ്സും മന്ത്രിച്ചിരിക്കണം. പാശ്ചാത്യര്‍ പടച്ചുവിട്ട മലാലമാര്‍ മാത്രമാണോ മനുഷ്യപറ്റുള്ള ജീവികള്‍. അതൊ, ഗസ്സയില്‍ ആയിരം മലാലകള്‍ മാലാഖമാരായത് ഇവരറിയാതെ പോയോ...? ഇസ്‌റായേലിന്റെ ഈ നരമേധത്തിന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമിട്ട ഓമനപ്പേര് തിരിച്ചടിയെന്നാണ്. അതേ പദം തന്നെയാണ് പലപ്പോഴും ഇവര്‍ പ്രയോഗിക്കാറുമുള്ളത്. എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ചീറ്റിത്തെറിക്കുന്ന ഓലപ്പടക്കത്തിന് ബോംബിട്ട് പ്രതിഷേധിക്കുന്ന ഉളുപ്പില്ലാത്ത പുതിയ തന്ത്രം. ലോക പോലീസ് ചമയുന്ന അമേരിക്ക തന്റെ ആയുധങ്ങള്‍ മുമ്പു നടന്ന രക്ത പങ്കിലമായ പോരാട്ടത്തില്‍ ഇസ്‌റായേലിന് കച്ചവടം ചെയ്യുക വഴി അങ്ങേയറ്റം നാണം കെട്ടിരുന്നു. എന്നിട്ട് അവരാണിന് ലോക സമാധാനത്തിന് വേണ്ടി വാ തോരാതെ പ്രസംഗിക്കുന്നത്.

പുലിയും എലിയും തമ്മിലുള്ള ഈ യുദ്ധത്തില്‍,(യുദ്ധം എന്ന പദപ്രയോഗം ശരിയല്ല. തിരിച്ചടിയില്ലാത്ത പോരാട്ടത്തിന് യുദ്ധമെന്ന് പ്രയോഗിക്കാറില്ലല്ലോ) ഇത്തവണ ഇസ്‌റായേലിനെ ഏറ്റവുമധികം ചടപ്പിച്ചത് ലോകത്ത് പല രാഷ്ട്രങ്ങളും ഫലസ്തീന് ഐക്ക്യംദാര്‍ഢ്യം പ്രടപ്പിച്ചു എന്നാണ്.

കഴിഞ്ഞ അക്ക്രമത്തില്‍ പിടഞ്ഞ് മരിക്കാനുള്ള സാവകാശം തരാതെ ഫലസ്തീനിലെ പൈതലുകളെ പോലും ചുട്ടുകൊല്ലുന്ന സയണിസ്റ്റ് ബോംബുകള്‍ ഒരു മാസത്തിനിടയില്‍ മാത്രം ചുട്ടെരിച്ചത് 2000ത്തിലധികം ജനങ്ങളെയാണ്.  അന്ന് ഐക്യ രാഷ്ട്ര സഭ പറഞ്ഞത് ഫലസ്തീനിലെ തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും പള്ളികളും പുനര്‍ നിര്‍മിക്കണമെങ്കില്‍ ഇപ്പോഴത്തെ കണക്കു പ്രകാരം വര്‍ഷങ്ങളെടുക്കുമെന്നാണ്. ഐക്യരാഷ്ട്ര സഭ പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ വരെ അവര്‍ നിലംപരിശമാക്കിയിട്ടുണ്ട്. വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞ രാഷ്ട്രങ്ങളുടെ ഫണ്ടാണെങ്കില്‍ പൂര്‍ണമായും ഫലസതീന്‍ മണ്ണിലേക്കെത്തിയിട്ടുമില്ല.

ഇത്രയേറെ അക്രമങ്ങള്‍ കെട്ടഴിച്ചുവിട്ടിട്ടും അവരുടെ അരിശം കെട്ടടങ്ങിയില്ല. ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത അത്ര സുഖകരമല്ലാത്തതാണ്.
ഇടക്കിടെ പലസ്തീന്‍ പൗരന്മാരെ തോക്കിന്‍ തിരക്കിരയാക്കികൊണ്ടിരിക്കുകയാണവര്‍. ഇസ്രായേല്‍ ഭരണ തലപ്പത്തിരിക്കുന്നവരോട് പ്രതിരോധമോ, പ്രതിഷേധമോ പ്രകടിപ്പിക്കാന്‍ സാധിക്കാതെ വന്ന നമുക്ക് ഫലസ്തീന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥനയുടെ ചെറുതണല്‍ സ്പര്‍ശമെങ്കിലും നല്‍കാന്‍ കഴിയണം. നാഥാ ചോരയൂറ്റിക്കുടിക്കുന്ന ഈ സയണിസ്റ്റ് ചെകുത്താന്മാരുടെ കരങ്ങളില്‍ നിന്ന് ഫലസ്തീന്‍ ജനതയെ മോചിപ്പിക്കേണമേ...ആമീന്‍...
                                                               

No comments:

Post a Comment